ഫ്‌ലോറിഡ: വെള്ളക്കോട്ടും കഴുത്തിൽ സ്‌റ്റെതസ്‌കോപ്പുമായി ടീനേജുകാരൻ ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ കറങ്ങി നടന്നത് ഒരു മാസം. വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കൽ സെന്ററിലാണ് പതിനേഴുകാരൻ ഡോക്ടർ ചമഞ്ഞ് ഒരു മാസത്തോളം ചെലവഴിച്ചത്.

ഇതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടർ രോഗീപരിശോധനയ്ക്ക് തയ്യാറെടുക്കവേ രോഗിയോടൊപ്പം കയറിയപ്പോഴാണ് വ്യാജഡോക്ടർ അവസാനം പിടിയിലാകുന്നത്. ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റിലെ ഡോ. സെബാസ്റ്റ്യൻ കെന്റ് രോഗീപരിശോധനയ്ക്ക് മുതിരവേ രോഗിയോടൊപ്പം കയറിയ ചെറുപ്പക്കാരൻ ഡോക്ടറെ കണ്ട് യഥാർഥ ഡോക്ടർക്ക് സംശയം തോന്നുകയായിരുന്നു. ഡോ. റോബിൻസൺ എന്നു ടീനേജുകാരൻ ഡോ. കെന്റിനു സ്വയം പരിചയപ്പെടുത്തിയെങ്കിലും തീരെ ചെറുപ്പക്കാരൻ ഡോക്ടറെ കണ്ട ഡോ. സെബാസ്റ്റ്യൻ സെക്യൂരിറ്റിയെ വിളിച്ച് കാര്യം പറയുകയും സെക്യുരിറ്റി പിന്നീട് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പൊലീസ് എത്തി ടീനേജുകാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ഡോക്ടർ വേഷമിട്ട് വാർഡിൽ കറങ്ങി നടക്കുകയല്ലാതെ രോഗികളെ പരിശോധിക്കാനൊന്നും മുതിർന്നിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഒരു മാസത്തോളമായി ആശുപത്രി പരിസരത്ത് ടീനേജ് ഡോക്ടറെ സെക്യൂരിറ്റി ജീവനക്കാർ കാണുന്നുണ്ടെങ്കിലും ഡോക്ടർ ഇവിടെയുള്ളതാണെന്നു കരുതിയിരിക്കുകയായിരുന്നു പലരും.

സംഭവമറിഞ്ഞ് പയ്യന്റെ അമ്മ സംഭവസ്ഥലത്ത് ഓടിയെത്തി. മകൻ ഒരു രോഗത്തിന് അടിമയാണെന്നും ഡോക്ടർ തന്ന മരുന്ന് കുറെക്കാലമായി കഴിക്കുന്നില്ലെന്നുമാണ് അമ്മ പറയുന്നത്. എന്നാൽ പയ്യൻ ഡോക്ടറുടെ പേരിൽ ഇതുവരെ പൊലീസ് കേസ് ചാർജ് ചെയ്തിട്ടില്ല.