ജിദ്ദ: പൊതു മര്യാദകൾ ലംഘിച്ചു എന്നാരോപിച്ച് 14കാരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തുകയും റോഡിൽഡാൻസ് ചെയ്യുകയും ചെയ്ത കുറ്റത്തിനാണ് ഒരു വർഷത്തിന് ശേഷം പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ പയ്യനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അന്ന് ഈ കുട്ടി ഡാൻസ് ചെയ്ത് റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. 45 സെക്കൻഡ് വീഡിയോയിൽ ഗതാഗതം തടസ്സപ്പെട്ടതായും കണപ്പെട്ടിരുന്നു. എന്നാൽ അന്ന് നിയമനടപടി എടുക്കാതിരുന്ന പൊലീസ് എന്തിനാണ് ഇപ്പോൾ നടപടിയുമായി എത്തിയതെന്നാണ് പലരും ചോദിക്കുന്നത്. 2016 ജൂലൈയിലാണ് ഈ വീഡിയോ പുറത്ത് വന്നത്. ഇത്ര നാളുകൾക്ക് ശേഷം പൊലീസ് എന്തിനാണ് ഈ കുട്ടിയെ അറസ്റ്റ് ചെയതതെന്ന് മാത്രം പിടിയില്ല. സൗദി അറേബ്യയിലെ നിയമപ്രകാരം കുട്ടികൾ തെറ്റ് ചെയ്താലും അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും ജഡ്ജസിനും അധികാരികൾക്കും അനുവാദമുണ്ട്.

ഇന്നലെ സൗദി അറേബ്യ ഇറക്കിയ പത്രക്കുറിപ്പിൽ 14കാരനെ തടവ് ശിക്ഷയ്ക്ക് വിധിക്കുമെന്നും വ്യക്തമാക്കി. കുട്ടി പൊതു സ്ഥലത്ത് മര്യാദ ഇല്ലാതെയാണ് പെരുമാറിയതെന്നും ഗതാഗതം തടസപ്പെടുത്തി എന്നും അതിനാലാണ് ചോദ്യംചെയ്തതെന്നും മെക്കയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ പേരിൽ ഔദ്യോഗികമായി കേസ് എടുക്കുമോ എന്ന് മാത്രം ഇവർ വ്യക്തമാക്കിയിട്ടില്ല.