പട്‌ന: അച്ഛന്റെ തോക്കുമായി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ പതിനേഴുകാരൻ മരിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. പിതാവിന്റെ ലൈസൻസുള്ള തോക്ക് തലയ്ക്ക് നേരെ ചൂണ്ടി സെൽഫിക്ക് പോസ് ചെയ്യവെ അബദ്ധത്തിൽ കൈ കാഞ്ചി വലിക്കുകയായരുന്നു എന്നാണ് റിപ്പോർട്ട്. ബിജെപി പ്രവർത്തകനായ ഓം പ്രകാശ് സിങ്ങിന്റെ മകൻ ഹിമാൻസു കുമാർ ഏലിയാസ് കുനാലാണ് സ്വയം വെടിവച്ച് മരിച്ചത്. വെടിയേറ്റ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുക ആയിരുന്നു.

വെള്ളിയാഴ്ച രാവിലെ ഇമാലിയെ ഗ്രാമത്തിൽ ഹിമാൻസുവിന്റെ വീട്ടിലാണ് സംഭവം. സെൽഫിക്കായി പോസ് ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചി വലിച്ചതാണെന്നും വെടിയൊച്ച കേട്ടാണ് താൻ ഓടിച്ചെന്നതെന്നും കുനാലിന്റെ അയൽവാസിയും മുൻ മന്ത്രിയുമായിരുന്നു റാം പ്രവേശ് റായ് പറഞ്ഞു. 'ഞാൻ ആദ്യം ഒരു വെടിയൊച്ച കേട്ടു, പിന്നാലെ ആരോ കരയുന്നതും. ആർക്കൊ എന്തോ അപകടം സംഭവിച്ചെന്നാണ് കരുതിയത്. ഞാൻ പെട്ടെന്നു തന്നെ പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയപ്പോൾ കുനാലിന് ജീവനുണ്ടായിരുന്നു' റായ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കുനാൽ മരിച്ചത്.

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുനാൽ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കയ്യേറ്റം ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. അതേസമയം സ്വയം വെടിവച്ചതാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെങ്കിലും കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.