വാഷിങ്ടൺ: കൗമാരക്കാരുടെ മൃതദ്ദേഹം പൂന്തോട്ടത്തിൽ സംസ്‌കരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ 49കാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് വാഷിങ്ടൺ പൊലീസ്. ഇവിടെയുള്ള ഒരു പ്രാദേശിക സൂപ്പർ മാർക്കറ്റിൽ സാന്താക്ലോസായി ജോലി ചെയ്യുന്ന എൽവിൻ ക്രോക്കറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ മക്കളായ മേരി ക്രോക്കർ (14) സഹോദരൻ എൽവിൻ ക്രോക്കർ ജൂനിയർ (16) എന്നിവരുടെ മൃതദ്ദേഹമാണ് പൂന്തോട്ടത്തിൽ നിന്നും കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് എൽവിന്റെ രണ്ടാം ഭാര്യ കാന്റീസ് ക്രോക്കർ (33) ഇവരുടെ അമ്മ കിം വെയ്റ്റ് (50), ഇവരുടെ സുഹൃത്ത് ആന്റണി പ്രാറ്റെർ (55) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മേരിയെ ആഴ്‌ച്ചകളായി കാണാനില്ലെന്ന് കാണിച്ച് അയൽവാസികൾ പരാതിപ്പെട്ടത് അനുസരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ സൗത്ത് കരോലിനയിൽ ഉള്ള അമ്മയോടൊപ്പമാണ് കുട്ടികളെന്നാണ് എൽവിൻ മൊഴി നൽകിയത്.

എന്നാൽ മൊഴികൾ വിശ്വസനീയമായിരുന്നില്ല. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. മേരിയെ 2018 ഒക്ടോബർ മുതലും സഹോദരനെ നവംബർ 2016 മുതലും കാണാനില്ലായിരുന്നു.