ഹൈദരാബാദ്: കേരളത്തിൽ ശബരിമല ആളിക്കത്തുകയാണ്. ഇതിനിടെയിൽ ശ്രദ്ധിക്കപ്പെടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യമാണ്. കേരളത്തിൽ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നുവെങ്കിൽ സർക്കാർ വെള്ളം കുടിക്കുമായിരുന്നു. എന്നാൽ മണ്ഡലകാലത്തിന്റെ തുടത്തിൽ ഉമ്മൻ ചാണ്ടിയുടെ തട്ടകം തെലുങ്കാനയാണ്. അന്ധ്രപ്രേദേശിൽ നിന്ന് വിട്ടുമാറിയ തെലുങ്കാനയിൽ തെരഞ്ഞെടുപ്പ് ചൂടാണ്. ഈ ചൂടിനെ കോൺഗ്രസിന് അനുകൂലമാക്കാനുള്ള ചരിത്ര ദൗത്യത്തിലാണ് ഉമ്മൻ ചാണ്ടി.

അമിത ആത്മവിശ്വാസവുമായാണ് തെലുങ്കാനാ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു തെലുങ്കാനയിൽ അതിവേഗ തെരഞ്ഞെടുപ്പിന് വഴിയൊരുക്കി നിയമസഭ പിരിച്ചുവിട്ടത്. എല്ലാം അനുകൂലമാണെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ചാണക്യ ബുദ്ധി കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കി. തെലുങ്കുദേശത്തെ അടുപ്പിച്ച് നിർത്തി പ്രചണം നടത്തി. രണ്ടായെങ്കിലും തെലങ്കാനയും ആന്ധ്രയും ഒന്നായി. അങ്ങനെ ഉമ്മൻ ചാണ്ടി തെലുങ്ക് വികാരം തെലുങ്കാനയിൽ നിറച്ച് എല്ലാം കോൺഗ്രസിന് അനുകൂലമാക്കി. ഉമ്മൻ ചാണ്ടിയാണ് ഇപ്പോൾ തെലുങ്കാനയിലെ താരം.

ആന്ധ്രയിലെ നേതാക്കളെല്ലാം തെലങ്കാനയിലുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെ തെലുങ്കുദേശം നേതാക്കൾ ഹൈദരാബാദിലും പരിസരത്തുമായി കറങ്ങിത്തിരിയുന്നു. ആന്ധ്രയിൽ ചുമതലയുള്ള ഉമ്മൻ ചാണ്ടി തന്ത്രപരമായ ഇടപെടലാണ് തെലുങ്കാനയിൽ നടത്തുന്നത്. തെലുങ്കാനയിൽ കോൺഗ്രസ്-ടിഡിപി സഖ്യം വിജയിച്ചാൽ ആന്ധ്രയിലും കാര്യങ്ങൾ അനുകൂലമാകും. ആന്ധ്രയിലെ ഇടപെടലോടെ തെലുങ്കാനയിലും ഉമ്മൻ ചാണ്ടി താരമായി. ഇന്നലെ രാവിലെ ഷംസാബാദിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലും താരം ഉമ്മൻ ചാണ്ടിയായിരുന്നു.

തെലങ്കാനയിലെ അസംഘടിതരായിരുന്ന ചെറുകിട സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും ഏതാനും ആഴ്ചകൾ കൊണ്ടു കോൺഗ്രസിനു കീഴിൽ അണിനിരത്തിയാണ് ഉമ്മൻ ചാണ്ടി 'മാജിക്' കാണിച്ചത്. സമ്മേളനത്തിൽ, ഒതുങ്ങി മാറിയിരുന്ന ഉമ്മൻ ചാണ്ടിയെ വേദിയിലേക്കു പ്രസംഗിക്കാൻ നിർബന്ധിച്ചിറക്കിയത് രാഹുൽഗാന്ധിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ജനങ്ങൾ കോൺഗ്രസ് സഖ്യത്തിനു വോട്ട് ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. നയിക്കാൻ നേതാവില്ലാത്ത പാർട്ടിയാണു തെലങ്കാനയിൽ കോൺഗ്രസ് എന്ന ആരോപണങ്ങളെ അതിജീവിച്ചാണ് ഉമ്മൻ ചാണ്ടി തെലുങ്കാനയിൽ പാർട്ടിക്ക് വോരോട്ടമുണ്ടാക്കിയത്. ഉമ്മൻ ചാണ്ടിയെക്കാണുമ്പോൾ ചുറ്റും ആൾക്കൂട്ടമാണ് ഇപ്പോൾ. ടിഡിപിയുടെ ചന്ദ്രബാബു നായിഡുവുമായി ചർച്ച ചെയ്താണ് ഉമ്മൻ ചാണ്ടിയുടെ ഓരോ തീരുമാനവും.

ഈ കൂട്ടുകെട്ട് ശക്തമായതോടെ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വെട്ടിലായി. ശക്തമായ ത്രികോണം നടക്കുമ്പോൾ കോൺഗ്രസ്-ടിഡിപി സഖ്യം വിജയിക്കുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.