മഹ്ബൂബ്‌നഗർ: ജോലിക്കൊപ്പം അമ്മയുടെ ചുമതലകൾ കൂടി നിറവേറ്റുക പല സ്ത്രീകൾക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ചില അവസരങ്ങളിൽ അവരെ കണ്ടറിഞ്ഞ് സഹായിക്കാൻ സന്മനസ് കാട്ടുന്നവരെ നന്ദിയോടെ ഓർക്കുകയും വേണം. തെലങ്കാനയിലെ മഹ്ബൂബ്‌നഗറിൽ നടന്ന ഒരുസംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ചിത്രം വൈറലായി.

എസ്സിടിപിസി പരീക്ഷ എഴുതാൻ വന്ന അമ്മയ്‌ക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. പരീക്ഷയ്ക്ക് കയറും മുമ്പ് കുഞ്ഞു കരഞ്ഞപ്പോൾ, നോട്ടച്ചുമതല അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഏറ്റെടുത്തു. കുഞ്ഞിനെ സമാധാനിപ്പിക്കാൻ പൊലീസുകാരൻ തീവ്രശ്രമമായി. കുഞ്ഞിനെ കൈയിലെടുക്കാൻ പൊലീസുകാരൻ പാടുപെടുന്ന ചിത്രമാണ് വൈറലായത്.

ജില്ല പൊലീസ് മേധാവി രമ രാജേശ്വരി ചിത്രം ട്വീറ്റ് ചെയ്തു. മൂസാപെട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ മുജീബുർ റഹ്മാനാണ് നായകൻ.മഹ്ബൂബ്‌നഗറിലെ ബോയ്‌സ് ജൂനിയർ കോളേജിലാണ് സംഭവം.