ജിദ്ദ: ടെലികോം മേഖലയിൽ പൂർണസ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി 76,000 സ്വദേശികൾ മൊബൈൽ ഇൻഡസ്ട്രി പരിശീലന കോഴ്‌സുകൾക്ക് ചേർന്നതായി റിപ്പോർട്ട്. മൊബൈൽ മെയിന്റനൻസ്, സെയിൽസ് മേഖലകളിലെ പരിശീലന കോഴ്‌സുകൾക്കാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സൗദികൾ പരിശീലനത്തിന് ചേർന്നിരിക്കുന്നത്. റിയാദ്, മക്ക, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വദേശികൾ പരിശീലനം നേടുന്നത്. 

ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് (GOTEVT) ഒരു മാസം മുമ്പ് നടപ്പാക്കിത്തുടങ്ങിയതാണ് ഈ കോഴ്‌സ്. രാജ്യമെമ്പാടുമുള്ള 100 ടെക്‌നിക്കൽ കോളേജുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലുമായാണ് പരിശീലനം നടത്തുന്നത്.

ടെലികോം മേഖലയിൽ സ്വദേശികളുടെ നിയമനവും ശക്തമായ രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. റിയാദിൽ 8,628 പേർക്കും മക്കയിൽ 7,700 പേർക്കും ഈസ്‌റ്റേൺ പ്രൊവിൻസിൽ 4,711 പേർക്കും നിയമന ഉത്തരവ് ഉടനെ നൽകും. മദനയിൽ 3841 പേർക്കും അസിറിൽ 2400 പേർക്കും ജസാനിൽ 1770 പേർക്കും തബൂക്കിൽ 1640 പേർക്കും ഉടൻ നിയമനം നൽകും.

ടെലികോം മേഖലയിലേക്ക് പരിശീലന പരിപാടിക്കായി കൂടുതൽ പേർ മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് GOTEVT റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം രാജ്യത്ത് മൊബൈൽ ഫോൺ വിൽപന കേന്ദ്രങ്ങളിൽ പൂർണായും സ്വദേശിവത്ക്കരണത്തിനുള്ള സമയപരിധി അവസാനിക്കുകയാണ്. നിയമം നിലവിൽ വന്നിട്ട് രണ്ടു മാസം പിന്നിടുകയും ചെയ്തു. തൊഴിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിക്കാറായതോടെ എംപ്ലോയർമാർ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ മേഖലയിൽ പകുതി പോലും സ്വദേശികളെ നിയമിച്ചിട്ടില്ലെന്നതാണ് മറ്റൊരു വാസ്തവം.