കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്വകാര്യ ടെലിവിഷൻ ചാനലിൽ വെടിവെയ്‌പ്പ്. കാബൂളിൽ പ്രവർത്തിക്കുന്ന ഷംഹാദ് ടെലിവിഷന്റെ ഓഫീസിൽ നടന്ന വെടിവയ്‌പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായാണ് വിവരം. അക്രമികൾ കെട്ടിടത്തിൽ സ്ഫോടനം നടത്തിയ ശേഷം കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ താലിബാനാണെന്നാണ് സൂചന.

ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം. അഞ്ചോളം ജീവനക്കാർ കൊല്ലപ്പെട്ടതായാണ് ടെലിവിഷൻ കേന്ദ്രത്തിലെ ട്വിറ്റർ പുറത്തുവിടുന്ന റിപ്പോർട്ട്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന് കാര്യമായ കേടുപാടുപറ്റിയതായും റിപ്പോർട്ടുണ്ട്. കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും മരണസംഖ്യ വ്യക്തമല്ലെന്ന് കാബൂൾ പൊലീസ് വക്താവ് ബാഷീർ മുജാഹിദ് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. എങ്കിലും താലിബാൻ തീവ്രവാദികളാണെന്ന സൂചനയാണ് ലഭിക്കുന്നത്.

ആക്രമണത്തെ തുടർന്ന് ഷംഹാദ് ടിവി സംപ്രേഷണം നിർത്തിവച്ചിരിക്കുകയാണ്. പാഷ്തോ ഭാഷയിൽ സംപ്രേഷണം നടത്തിവരുന്ന ചാനലാണിത്. അഫ്ഗാനിൽ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായ ആക്രമണങ്ങളിൽ ഒടുവിലത്തേതാണിത്. കഴിഞ്ഞ വർഷം അഫ്ഗാനിലെ ടോളോ ചാനലിനു നേർക്കുണ്ടായ താലിബാൻ ചാവേർ ആരകമണത്തിൽ ഏഴ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.