- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ ടെലിവിഷൻ ജീവിതം
പത്രം, റേഡിയോ, സിനിമ, ടെലിവിഷൻ, നവ-സാമൂഹ്യമാദ്ധ്യമങ്ങൾ തുടങ്ങിയവയെ സാങ്കേതികത, മാദ്ധ്യമം, സംസ്‌കാരം എന്നീ നിലകളിൽ വിശകലനം ചെയ്തും അക്കാദമികവും സൈദ്ധാന്തികവുമായ പരിപ്രേക്ഷ്യങ്ങളിൽ സമീപിച്ചും മാദ്ധ്യമപഠനരംഗത്തിടപെടുന്നവർ മലയാളത്തിൽ തീരെക്കുറവാണ്. ടെലിവിഷൻ, നവമാദ്ധ്യമരംഗത്ത് വിശേഷിച്ചും. സിനിമയിൽതന്നെ ഭൂരിപക്ഷം നിരൂപകരും സാഹി
പത്രം, റേഡിയോ, സിനിമ, ടെലിവിഷൻ, നവ-സാമൂഹ്യമാദ്ധ്യമങ്ങൾ തുടങ്ങിയവയെ സാങ്കേതികത, മാദ്ധ്യമം, സംസ്‌കാരം എന്നീ നിലകളിൽ വിശകലനം ചെയ്തും അക്കാദമികവും സൈദ്ധാന്തികവുമായ പരിപ്രേക്ഷ്യങ്ങളിൽ സമീപിച്ചും മാദ്ധ്യമപഠനരംഗത്തിടപെടുന്നവർ മലയാളത്തിൽ തീരെക്കുറവാണ്. ടെലിവിഷൻ, നവമാദ്ധ്യമരംഗത്ത് വിശേഷിച്ചും. സിനിമയിൽതന്നെ ഭൂരിപക്ഷം നിരൂപകരും സാഹിത്യമെന്ന നിലയിൽ മാത്രം സിനിമയെ കണ്ടും സാഹിത്യനിരൂപണത്തിന്റെ സമീപനത്തിൽ സൗന്ദര്യാത്മകമായി മാത്രം സിനിമ പഠിക്കുന്നവരുമാണ്. ഒരു ന്യൂനപക്ഷമാകട്ടെ, പ്രത്യയശാസ്ത്രനിഷ്ഠമായി മാത്രം സിനിമയെ കാണുന്ന യാന്ത്രികവാദികളുമാണ്. സിനിമയുടെ ചരിത്രം, വിമർശനം എന്നീ രണ്ടു രംഗങ്ങളിലും സ്ഥിതി ഭിന്നമല്ല. 'പത്ര'പഠിതാക്കൾ മിക്കവരും വെറും പത്രാസ്വാദകരാണ്. റേഡിയോയെക്കുറിച്ചാകട്ടെ നല്ല പഠനങ്ങൾ തന്നെയില്ല. സി.എസ്. വെങ്കിടേശ്വരൻ ദൃശ്യ, നവ മാദ്ധ്യമങ്ങളെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽ തീർത്തും ഭിന്നമായ നിലപാടും നിലവാരവും സൂക്ഷിക്കുന്ന മലയാളത്തിലെ ചുരുക്കം ചില സാംസ്‌കാരിക വിമർശകരിലൊരാളാണ്.
രവീന്ദ്രൻ, ടി.കെ. രാമചന്ദ്രൻ, കെ.വേലപ്പൻ, ശശികുമാർ, ഐ. ഷണ്മുഖദാസ്, വിജയകൃഷ്ണൻ, കെ. ഗോപിനാഥൻ, ജി.പി. രാമചന്ദ്രൻ, ടി.മുരളീധരൻ, മീനാ ടി. പിള്ള, എൻ.പി. സജീഷ്, കെ.പി. ജയകുമാർ എന്നിങ്ങനെ പരമാവധി പത്തോ പന്ത്രണ്ടോ പേരാണ് കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തെ മലയാളസിനിമയെന്ന കലയെയും മാദ്ധ്യമത്തെയും അച്ചടിമാദ്ധ്യമങ്ങളിൽ ചരിത്രബദ്ധവും രാഷ്ട്രീയനിഷ്ഠവും സൗന്ദര്യാത്മകവുമായ കാഴ്ചപ്പാടുകളിൽ സമീപിച്ചിട്ടുള്ളതും സാഹിത്യ-കഥാ ബാഹ്യമായ സാംസ്‌കാരികരൂപമെന്ന നിലയിൽ വിശകലനം ചെയ്തിട്ടുള്ളതും. ലോകസിനിമയെക്കുറിച്ചും ഇന്ത്യൻ സിനിമയെക്കുറിച്ചുമുള്ള പഠനങ്ങളിലും മറ്റാരും രംഗത്തില്ല. ദൃശ്യമാദ്ധ്യമരംഗത്താകട്ടെ എ. സഹദേവൻ മാത്രമാണ് ചില ശ്രമങ്ങളെങ്കിലും നടത്തിയിട്ടുള്ളത്. ഇവരിൽ ഇന്ന്, സി.എസ്. വെങ്കിടേശ്വരനാണ് മലയാളത്തിലെന്നപോലെ ഇംഗ്ലീഷിലും മലയാളസിനിമയെക്കുറിച്ചെഴുതുന്നവരിൽ പ്രഥമഗണനീയൻ.
ഇവിടെ വിഷയം സിനിമയല്ല, ടെലിവിഷനാണ്. പക്ഷെ വെങ്കിടേശ്വരന്റെ സ്ഥാനവും സാധ്യതകളും മാറുന്നില്ല. എന്നുമാത്രവുമല്ല, വിരലിലെണ്ണാവുന്നവർ പോലുമില്ല ഈ രംഗത്ത് അക്കാദമിക, സാംസ്‌കാരിക പഠനസമീപനങ്ങളിൽ മാദ്ധ്യമവിമർശനം നടത്തുന്നവരായി. സിനിമ, ടെലിവിഷൻ, നവമാദ്ധ്യമങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചും മലയാളിയുടേതെന്നപോലെ മറ്റുള്ളവരുടെയും ജീവിതത്തിൽ ടെലിവിഷൻ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ ചൂണ്ടിക്കാണിച്ചും സാമൂഹ്യബന്ധങ്ങളിലും വിപണി സമ്പദ് വ്യവസ്ഥയിലുമൊക്കെ ഈ മാദ്ധ്യമം നിർവഹിക്കുന്ന ദൗത്യങ്ങൾ അവലോകനം ചെയ്തും ആഗോളമെന്ന പോലെ പ്രാദേശികവുമായ തലങ്ങളിൽ ടെലിവിഷൻ സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രഭാവങ്ങളിൽ ചിലതു ചൂണ്ടിക്കാണിക്കുകയാണ് ഈ പുസ്തകത്തിൽ വെങ്കിടേശ്വരൻ.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ടെലിവിഷൻ നിർണ്ണയിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന മലയാളിയുടെ ജീവിതത്തെക്കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം. വാർത്താ, വിനോദമണ്ഡലങ്ങളെ കേന്ദ്രീകരിച്ചും ഭരണകൂടം, വിപണി, ബഹുജനസമൂഹം എന്നിവയെ പശ്ചാത്തലമാക്കിയും ടെലിവിഷനെക്കുറിച്ചു നടത്തുന്ന നിരീക്ഷണങ്ങളുടെ സമാഹാരം. ഒട്ടാകെ പതിനഞ്ചു ലേഖനങ്ങൾ. ആഗോള ടെലിവിഷൻ കുത്തകകൾ മുതൽ പ്രാദേശിക ടെലിവിഷൻ സാധ്യതകൾ വരെ; വാർത്താടെലിവിഷൻ മുതൽ ജനപ്രിയടെലിവിഷൻ ഗണങ്ങളിൽ ചിലതുവരെ; മാദ്ധ്യമസ്ഥാപനങ്ങളിലെ ദലിത് അഭാവം മുതൽ മാദ്ധ്യമങ്ങളുടെ സ്വതന്ത്രാസ്തിത്വം വരെ; ഭരണകൂടനിയന്ത്രണം മുതൽ വിപണിയുടെ അധിനിവേശം വരെ-ടെലിവിഷനെന്ന മാദ്ധ്യമത്തെ മുൻനിർത്തി നടത്തുന്ന സാമൂഹ്യവിശകലനത്തിന്റെയും സാംസ്‌കാരിക പഠനത്തിന്റെയും ശ്രദ്ധേയമായ മാതൃകയാണ് ഇവയോരോന്നും.
സാങ്കേതികം മാത്രമായ മാദ്ധ്യമവാദമോ, വരട്ടുവാദമായി മാറുന്ന പ്രത്യയശാസ്ത്രശാഠ്യമോ, മാദ്ധ്യമധാരണയില്ലാത്ത ഉള്ളടക്കനിരൂപണമോ യാഥാർഥ്യബോധമില്ലാത്ത വിപണിവിമർശനമോ വെങ്കിടേശ്വരന്റെ സമീപനമല്ല. അതേസമയംതന്നെ സാമൂഹിക ജാഗ്രത, മതേതരവും ജനാധിപത്യപരവുമായ നിലപാടുകൾ, കുത്തകകളോടുള്ള വിമർശനം, ലിംഗ-ജാതി നീതികളെക്കുറിച്ചുള്ള കരുതൽ തുടങ്ങിയവയിൽ വിട്ടുവീഴ്ച ചെയ്യാനും ഈ നിരൂപകൻ തയ്യാറല്ല. സൂക്ഷ്മമായ സാങ്കേതികതാബോധവും നിശിതമായ സാമൂഹ്യനിലപാടുകളും കൂട്ടിയിണക്കിയാണ് ടെലിവിഷന്റെ മാദ്ധ്യമ-സാംസ്‌കാരിക സ്വരൂപങ്ങളെ വെങ്കിടേശ്വരൻ വിശകലനം ചെയ്യുന്നത്. 'അനലോഗ് യുഗത്തിന്റെ യുക്തിയും രാഷ്ട്രീയവും ഡിജിറ്റൽ യുഗത്തിന്റേതല്ല എന്നും, ഡിജിറ്റൽ യുഗത്തിന്റെ പൊതുമണ്ഡലം രാജ്യാതിർത്തികളെ അപ്രസക്തമാക്കുന്നതും ആഗോളമൂലധനത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്' എന്നും നിരീക്ഷിക്കുന്നത് ഒരുദാഹരണം (പുറം. 149). ടെലിവിഷൻ നിർമ്മിക്കുന്ന യാഥാർഥ്യങ്ങളെക്കുറിച്ചന്വേഷിക്കുന്ന ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഇതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
പൊതുവിൽ നാലുവിഭാഗത്തിൽപെടുത്താവുന്നവയാണ് ഈ ലേഖനങ്ങൾ. ഒന്ന്, ആഗോളവൽകൃത കാലത്തെ മലയാളിയുടെ ദൈനംദിനജീവിതം ടെലിവിഷൻ നിർമ്മിക്കുന്ന യാഥാർഥ്യങ്ങളെ ബാഹ്യയാഥാർഥ്യങ്ങളേക്കാൾ വിശ്വസനീയമായി കരുതുന്നതിന്റെ വിശകലനം. രണ്ട്, വാർത്താടെലിവിഷനും ടെലിവിഷൻ വാർത്തകളും സൃഷ്ടിക്കുന്ന രാഷ്ട്രീയ-സാമൂഹ്യമണ്ഡലങ്ങളിലെ സംവാദാത്മകമെന്നതിനെക്കാൾ വിവാദാത്മകമായ ഇടപെടലുകളുടെ അപഗ്രഥനം. മൂന്ന്, മലയാളത്തിനു വെളിയിലുള്ള ടെലിവിഷൻ പാഠരൂപങ്ങൾ മലയാളികളുൾപ്പെടെയുള്ള പ്രേക്ഷകർക്കു നിർമ്മിച്ചു നൽകുന്ന പ്രതീതി യാഥാർത്ഥ്യങ്ങളുടെ വിശദീകരണം. നാല്, ഭരണകൂടവും മാദ്ധ്യമസ്ഥാപനങ്ങളും പൊതുസമൂഹവും തമ്മിലുള്ള ബന്ധത്തെ നാനാതലങ്ങളിൽ വിമർശനാത്മകമായി വിലയിരുത്തുന്നവ. [BLURB#1-VR] 'മലയാളിയുടെ ടെലിജീവിതം' എന്ന ആദ്യലേഖനം, ടെലിവിഷൻ മലയാളിയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ദ്വന്ദ്വപ്രതീതിയുടെ വിശദീകരണത്തിലാണു തുടങ്ങുന്നത്. പഴയ 'കർമ'ത്തെപ്പോലെ മുഴുവൻ മനുഷ്യരെയും 'ബന്ധിച്ച' സാധനമെന്ന നിലയിൽ, 'ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന കേരളത്തിന്റെ അഥവാ മലയാളിയുടെ മാദ്ധ്യമീകരിക്കപ്പെട്ട പൊതുമണ്ഡലത്തിന്റെ സവിശേഷത അതിന്റെ തിരശ്ചീനവും ലംബമാനവുമായ വൈരുധ്യമാണ്. ടെലിവിഷനും അതിന്റെ വ്യവഹാരങ്ങൾക്കും തിരശ്ചീനമായ തലത്തിൽ തുടർച്ചയും ഏകതാനതയുമുണ്ട്. എന്നാൽ അതിന്റെ പ്രേക്ഷകർ വർഗപരവും വർഗീയവും രാഷ്ട്രീയവും പ്രാദേശികവും ആയ തലങ്ങളിൽ വളരെ ലംബമാനമായ വിഭജനങ്ങളും വൈജാത്യങ്ങളും നിലനില്ക്കുന്ന ഒരു അവസ്ഥയിലാണ് ജീവിക്കുന്നത്. അതായത്, നിത്യജീവിതത്തിൽ, മറ്റേതൊരിന്ത്യൻ സമൂഹത്തെയുംപോലെ മലയാളി ടെലിവിഷൻ പ്രേക്ഷകസമൂഹവും പല തട്ടുകളിലായിട്ടാണ് ജീവിക്കുന്നത്.
ഓരോരുത്തരും അവരുടെ ജീവനോപാധി തേടുന്ന രീതികളിൽ, മതരാഷ്ട്രീയ വിശ്വാസങ്ങളുടെയും സാംസ്‌കാരികമായ നിവൃത്തികേടുകളുടെയും കാര്യത്തിൽ, വിഭവവൈഭവങ്ങളുടെയും അവർക്കു മുന്നിൽ യഥാർഥത്തിൽ ലഭ്യമായേക്കാവുന്ന അവസരങ്ങളുടെയും കാര്യത്തിൽ, ലൈംഗികാഭിമുഖ്യങ്ങളുടെയും വംശവർഗനിലപാടുകളിൽ രഹസ്യമായും പരസ്യമായും പുലർത്തുന്ന മുൻവിധികളുടെയും കാര്യത്തിൽ... ഇവയിലെല്ലാംതന്നെ തികച്ചും ലംബമാനവും വിവിധ അടരുകളിലായും വിഭജിക്കപ്പെട്ട ജീവിതങ്ങളാണ് അവർ നയിക്കുന്നത്. എന്നാൽ ടെലിവിഷൻ എന്ന പൊതുസ്ഥലത്ത് അവരുടെ നില തിരശ്ചീനമായ ഒന്നാണ്; അവിടെ അവരെല്ലാം ഒരേ ജീവിതം നയിക്കുന്നു; ഒരേ ആകുലതകൾ പങ്കിടുന്നു; ഒരേ യുക്തിയും അക്ഷമയും ശ്വസിക്കുന്നു - രാഷ്ട്രീയക്കാരനും അണിയും, മുതലാളിയും തൊഴിലാളിയും, സമ്പന്നനും ഇരപ്പാളിയും, പണ്ഡിതനും പാമരനും ഏറ്റവും പ്രധാനമായി പുരുഷന്മാരും സ്ത്രീകളും, മുതിർന്നവരും കുട്ടികളും, ഒന്നിച്ച് ഒരേസമയം ഒരുപോലെ പങ്കിടുന്ന ഒരു അനുഭവതലവും ഭാവനാസ്ഥലവും ടെലിവിഷൻ നിർമ്മിക്കുന്നു.
മറ്റൊരുരീതിയിൽ പറഞ്ഞാൽ ടെലിവിഷൻ നിരന്തരം മെനയുന്നതും നിലകൊള്ളുന്നതും നിലനിർത്തുന്നതുമായ വ്യവഹാരഭൂമിക എന്നത് വാസ്തവത്തിൽ ഒരു സമവായപ്രതീതിയാണ്. അവിടെ പ്രത്യക്ഷപ്പെടുന്നതും ചർച്ചചെയ്യപ്പെടുന്നതുമെല്ലാം മുകളിൽ പറഞ്ഞവരെയെല്ലാം ഒരുപോലെ ബാധിക്കുന്നതും ഇവർക്കെല്ലാം ഒരേതരത്തിൽ പങ്കാളിത്തവും മുതൽമുടക്കുള്ളതും ആയ ഒന്നാണ് എന്നതാണ് ആ പ്രതീതി' (പി. 9-10). ഇത്തരമൊരവസ്ഥയിൽ മലയാളിയുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തെയും അവയിലെ രാഷ്ട്രീയ-നൈതിക മൂല്യങ്ങളെയും നിർണ്ണയിക്കുന്നതിൽ ടെലിവിഷനുള്ള പങ്ക് ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു. 'മലയാളിയുടെ ധാർമികവും നൈതികവുമായ അന്തരീക്ഷത്തെ സൃഷ്ടിക്കുന്നത് ടെലിവിഷൻ വ്യവഹാരങ്ങ'ളാണെന്ന നിരീക്ഷണം മുന്നോട്ടുവച്ചുകൊണ്ട് നമ്മുടെ പ്രതിബിംബവും ആത്മബിംബവുമായി വർത്തിക്കുന്ന ഈ മാദ്ധ്യമത്തെ വെങ്കിടേശ്വരൻ അപഗ്രഥിക്കുന്നു. വാക്കിൽനിന്ന് ബിംബങ്ങളിലേക്കു മാറിയ മാദ്ധ്യമ-ഭാവുകത്വമണ്ഡലത്തിന്റെ വിമർശനമായി ഈ പഠനം മാറുകയും ചെയ്യുന്നു. [BLURB#1-VL] രണ്ടാമത്തെ ലേഖനവും മലയാളിയും ടെലിവിഷനും തമ്മിലുള്ള ബന്ധത്തെ വിശദമായ ചർച്ചക്കു വിധേയമാക്കുന്നു. ഓരോ ആശയവും ഓരോ ഖണ്ഡമായി അവതരിപ്പിക്കുന്ന ഈ രചന, ടെലിവിഷന്റെ കാഴ്ച, വീടുമായുള്ള ബന്ധം, വാർത്താരാഷ്ട്രീയം, കുട്ടികളിലുള്ള സ്വാധീനം, കപടസദാചാരത്തിന്റെ നിർമ്മിതി, ശരീരത്തിന്റെ വിനിമയം, വിനോദവും വാർത്തയും രണ്ടാല്ലാതാകുന്ന അവസ്ഥ എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചചെയ്യുന്നുണ്ട്. ഈ ഭാഗത്തെ ഏറ്റവും കൗതുകകരമായ ഒരു സമീപനം സോളാർവിവാദം സൃഷ്ടിച്ച ടെലിവിഷൻ-പത്ര-നവ മാദ്ധ്യമവാർത്തകളിലെ കപടസദാചാരത്തിന്റെയും ലൈംഗികാപവാദങ്ങളിലെ അർഥശൂന്യതകളുടെയും ഒന്നാന്തരം അപനിർമ്മാണമാണ്. ജെ. ദേവികയുടെയും മറ്റും അതിസൂക്ഷ്മമായ സ്ത്രീ-സാമൂഹ്യ രാഷ്ട്രീയ നിലപാടുകൾ കൂട്ടുപിടിച്ചുകൊണ്ട് വെങ്കിടേശ്വരൻ എഴുതുന്നു: 'സമൂഹത്തിൽ/പൊതുമണ്ഡലത്തിൽ/മറ്റുള്ളവരുടെ സാന്നിധ്യത്തിൽ അനുവദനീയമായതിന്റെ, പറയാവുന്നതിന്റെ, ചെയ്യാവുന്നതിന്റെ, കാണിക്കാവുന്നതിന്റെ അതിരുകൾ ടെലിവിഷൻ നിരന്തരം ലംഘിച്ചുകൊണ്ടേയിരിക്കുന്നു. പാലിക്കേണ്ടതായി ഒരു നിയമവും ഇവിടെ ഇല്ല എന്നത്, ഏതൊരു അധികാരചിന്തയെയും സ്ഥാപനത്തെയും - കുടുംബമായാലും സ്വകാര്യസ്വത്തായാലും ഭരണകൂടമായാലും - ബേജാറാക്കുന്ന ഒന്നാണ്. എന്തെന്നാൽ അധികാരസ്ഥാപനങ്ങളുടെ അടിസ്ഥാനമാണ് അതിരുകൾ (വിലക്കുകൾ, ലംഘനങ്ങൾ, അരുതായ്മകൾ, തൊട്ടുകൂടായ്മകൾ, തീണ്ടിക്കൂടായ്മകൾ, അതിർത്തിരേഖകൾ, പ്രമാണങ്ങൾ തുടങ്ങിയവ).
അതിരുകൾ (അധികാരം) നിലനില്ക്കുന്നത് അഥവാ സാധൂകരിക്കപ്പെടുന്നത് 'അതിനപ്പുറം ഉള്ള' അതീതമായ എന്തോ ഒന്നിന്റെ സാന്നിധ്യം സ്വയം ആരോപിച്ചുകൊണ്ടാണ്. ആ സാന്നിധ്യപ്രതീതി/പ്രതീതിസാന്നിധ്യം നിലനിർത്തുക എന്നത് അധികാരത്തിന് അതിന്റെ സ്വയം സാധൂകരണത്തിന് അവശ്യമാണുതാനും. അതുകൊണ്ടുതന്നെ ഈ സാന്നിധ്യത്തിന്റെ അസംബന്ധത്തെ, അസാന്നിധ്യത്തെ, അല്ലെങ്കിൽ അകത്തുള്ള ശൂന്യതയെ ആണ് സദാചാരവാദികളായ നമ്മൾ ഭയക്കുന്നത്. അതിരുവിട്ട പെരുമാറ്റം പെരിയ മാറ്റങ്ങൾക്കു വഴിവെക്കുമെന്ന് നാം ഭയക്കുന്നതി സ്വാഭാവികമാണ്. എന്തെന്നാൽ അതിനകത്ത്, അതിനതീതമായി ഇതിനെയെല്ലാം ഭരിക്കുന്ന, അന്തിമസാധൂകരണം, ന്യായം എന്ന ശൂന്യതയെ ആണ് നമ്മൾ ഭയപ്പെടുന്നത്.
അതുകൊണ്ടാണ് മന്ത്രിയുടെ ഓഫീസിലേക്ക് ആവശ്യക്കാർ വിളിച്ചു എന്ന നമ്മളെ 'ഞെട്ടി'ക്കുന്നതും 'പ്രകോപി'പ്പിക്കുന്നതും. അങ്ങനെയൊന്ന് തികച്ചും അസംഭവ്യമാണ് എന്നു നമ്മൾ നടിക്കുന്നതും എല്ലാ കാര്യങ്ങളും ഇവിടെയെല്ലാം വളരെ കൃത്യമായും നിയമമനുസരിച്ചും ക്രമത്തിലുമാണ് നടക്കുന്നത് എന്ന പ്രതീതിയിൽ നമുക്കുള്ള വിശ്വാസത്തിന്മേലുള്ള ആക്രമണമാണിത്. സരിതാനായർക്കോ ശാലു മേനോനോ എന്നല്ല ഏതൊരു സ്ത്രീക്കും തന്റെ ഓഫീസിൽ ഏതുസമയത്തും വരാം എന്നും, അവിടെവച്ചു മാത്രമല്ല എവിടെവച്ചും വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങൾ സംസാരിക്കാം എന്നും പറയാൻ നമ്മുടെ രാഷ്ട്രീയക്കാർ മടിക്കുന്നത് എന്തുകൊണ്ടാണ്? തീർച്ചയായും ഇവരെല്ലാം കുറ്റക്കാരായതുകൊണ്ടോ കുറ്റബോധംകൊണ്ടോ ആവണമെന്നില്ല. 'സ്ത്രീകൾ എന്നെ കാണാൻ വന്നാലെന്ത്?' എന്ന് ഒരൊറ്റ മന്ത്രിയും ടെലിവിഷനോട് തിരിച്ചുചോദിക്കുന്നില്ല എന്നത് ആശ്ചര്യകരമാണ്. നമ്മുടെ സമൂഹത്തിൽ സ്ത്രീയെയും ലൈംഗികതയെയും കുറിച്ചുള്ള അടിസ്ഥാന ധാരണകളെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് മാദ്ധ്യമങ്ങളും ഭരണപ്രതിപക്ഷങ്ങളുമടക്കം എല്ലാവരും ഒരുപോലെ അഭിപ്രായവ്യത്യാസമില്ലാതെ പങ്കിടുന്ന ഒന്നാണുതാനും. ലൈംഗികബന്ധത്തെ പീഡനം എന്ന് അന്വയിക്കുന്ന നമുക്ക് സ്ത്രീയെ ശരീരമായും സ്ത്രീയുടെ കർത്തൃത്വത്തെ ലൈംഗികവൃത്തിയായും മാത്രമേ വ്യവഹരിക്കാനാകൂ' (പുറം. 24-25).
മൂന്നും നാലും ലേഖനങ്ങൾ വാർത്താടെലിവിഷന്റെ അപഗ്രഥനങ്ങളാണ്. മലയാളത്തിലെ വാർത്താചാനലുകളുടെയും ചാനൽവാർത്തകളുടെയും നാനാവിധത്തിലുള്ള പൊതുമണ്ഡല നിർമ്മിതികളും കയ്യേറ്റങ്ങളും ഒരേസമയം ചൂണ്ടിക്കാണിക്കുന്നു, ഈ രചനകൾ. പത്രങ്ങളിൽനിന്നു ഭിന്നമായി ടെലിവിഷൻ, സ്ത്രീകളുടെ മാദ്ധ്യമസാന്നിധ്യവും പ്രാതിനിധ്യവും ഏറെ വർധിപ്പിച്ചിട്ടുണ്ടെങ്കിലും ക്രിയാത്മകവും വിധ്യാത്മകവുമാണോ അവരുടെ സാന്നിധ്യം എന്നത് സംശയകരമാണ്. ഈ വിഷയം മൂന്നാമത്തെ ലേഖനം ഏറ്റെടുക്കുന്നു. ഒപ്പം, ചർച്ചകളിലും തർക്കങ്ങളിലും കൂടി നിശ്ചയിക്കപ്പെടേണ്ടതാണ് വാർത്തകളുടെ അജണ്ട എന്ന രീതി സൃഷ്ടിച്ചെടുത്തതിൽ ചാനലുകൾക്കുള്ള പങ്ക് നിശിതമായി വിമർശിക്കുകയും ചെയ്യുന്നു. [BLURB#1-H] 'നമ്മുടെ ടെലിവിഷൻ ചർച്ചകളുടെ നിലവാരവും വേഗവും വാക്കുതർക്കത്തിന്റേതാണ്. അതിന്റെ ഘടനയ്ക്ക് സങ്കീർണ്ണചിന്തയുടെയും സൂക്ഷ്മമായ പരികല്പനകളുടെയും തലങ്ങൾ അന്യമാണ്. 'ഹിറ്റ് ആൻഡ് റൺ' എന്നതാണ് അതിന്റെ നയം. പത്രത്തെപ്പോലെ മൂർത്തമായ ഒരു രേഖയും അവശേഷിപ്പിക്കുന്നില്ല എന്നതിനാൽ അതിന്റെ ജനപ്രിയതയുടെ അടിസ്ഥാനം പറച്ചിലിന്റെ ലാഘവവും സ്വാതന്ത്ര്യവുമാണ്. പത്രങ്ങൾ അവയുടെ സാധുതയ്ക്കായി അടിസ്ഥാനമാക്കുന്നത് അതിന്റെ രേഖാപരതയാണെങ്കിൽ ടെലിവിഷനെ 'സത്യ'മാക്കുന്നത് അതിന്റെ ദൃശ്യപ്രത്യക്ഷവും അതിലെ വ്യക്തിസാക്ഷ്യങ്ങളുമാണ്. ഈ വ്യക്തിസാക്ഷ്യപ്രസ്താവനകളെ ഒരു വാർത്താഖണ്ഡത്തിനകത്ത് സ്ഥാനപ്പെടുത്തുന്നത് അതിന്റെ അവതാരകരും ഒരുകൂട്ടം വിദഗ്ധരുമാണ്. സംഭവം അഥവാ കൈകാര്യം ചെയ്യപ്പെടുന്ന പ്രശ്‌നം, വിഷയവുമായി ബന്ധപ്പെട്ട വ്യക്തികൾ (പ്രതികളും, വാദികളും), അത് അവതരിപ്പിക്കുന്ന അവതാരകൻ (വസ്തുനിഷ്ഠത അവകാശപ്പെടുന്ന എഡിറ്റോറിയൽ പ്രതിനിധി), പിന്നെ നിഷ്പക്ഷമായി അഭിപ്രായങ്ങൾ പറയുവാൻ ക്ഷണിക്കപ്പെട്ട വിദഗ്ദ്ധർ-ഇവർ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഒരു വാർത്ത വികസിക്കുന്നതും നമ്മുടെ മുന്നിലവതരിപ്പിക്കപ്പെടുന്നതും. ഇവയിലെല്ലാം-ദൃശ്യപംക്തി, വാദി-പ്രതികൾ, വിദഗ്ദ്ധർ-നടക്കുന്ന തിരഞ്ഞെടുപ്പുകളാണ് നമ്മിൽനിന്ന് അദൃശ്യമായിരിക്കുന്നതും, വാർത്തയ്ക്കും മാദ്ധ്യമസ്ഥാപനത്തിനും വസ്തുനിഷ്ഠതയുടെ പരിവേഷം നല്കുന്നതും' (പുറം. 37-38). 'പ്രകടനകലയും നാടകവേദിയുമായി മാറുന്ന വാർത്താടെലിവിഷൻ സ്റ്റുഡിയോ/സ്‌ക്രീൻ' എന്ന ആശയം സവിസ്തരം വിശകലനം ചെയ്യുന്നു, വെങ്കിടേശ്വരൻ. ടെലിവിഷനിലെ 'മൂന്നാർ ഓപ്പറേഷൻ' മുൻനിർത്തി മലയാളിയുടെ സാമൂഹ്യമനഃശാസ്ത്രവും ദൃശ്യമാദ്ധ്യമഹർഷവും കൂട്ടിയിണക്കുന്നു, നാലാമത്തെ ലേഖനം. വീരനായകരെ തേടുന്ന ജനങ്ങളും സൃഷ്ടിക്കുന്ന ചാനലുകളും ചേർന്നുള്ള ഒരു 'ഉത്സാഹക്കമ്മറ്റി'യാണ് യഥാർഥത്തിൽ ഈ വാർത്തയെ ഇത്രയും ജനപ്രിയമാക്കി മാറ്റിയതെന്ന് ലേഖനം സ്ഥാപിക്കുന്നു.
റിയാലിറ്റി ടെലിവിഷന്റെ പൊതുസ്വഭാവങ്ങളവതരിപ്പിക്കുന്ന അഞ്ചാമത്തെ ലേഖനവും ഇന്ത്യൻ ടെലിവിഷനിൽ 'കോൻ ബനേഗാ ക്രോർപതി'ക്കുശേഷമുണ്ടായ ഏറ്റവും ജനപ്രിയമായ റിയാലിറ്റിഷോ എന്ന നിലയിൽ 'സത്യമേവജയതേ' സൃഷ്ടിക്കുന്ന രാഷ്ട്രീയ-സാമൂഹ്യമൂല്യബോധങ്ങളെക്കുറിച്ചുള്ള ആറാമത്തെ ലേഖനവും പൊതുവിൽ മലയാളത്തിനു വെളിയിലുള്ള പ്രേക്ഷകസമൂഹങ്ങളെക്കൂടി അപഗ്രഥിക്കുന്നവയാണ്. അമീർഖാന്റെ പരിപാടിക്കെതിരെ ദലിത് നിരൂപകർ ഉന്നയിച്ച വിമർശനം ഏറ്റെടുത്തും സിനിമാറ്റിക് എന്ന നിലയിലേക്ക് ജീവിതയാഥാർത്ഥ്യങ്ങളെ പറിച്ചുനടുന്നവന്റെ രീതികൾ ചൂണ്ടിക്കാണിച്ചും നാഗരിക-മധ്യ-ഉപരിവർഗ നവരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചുണ്ടായ ടെലിവിഷൻ പാഠമായി ഇതിനെ വ്യാഖ്യാനിച്ചും 'സത്യമേവ ജയതേ'യുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്ന ഈ പഠനമാണ് ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രചന. 'ഉയരുന്ന ഇന്ത്യൻ നാഗരികമധ്യവർഗത്തിന്റെ പ്രതിരൂപമാണ് സത്യമേവജയതേ എന്നത് പരിപാടിയിലുടനീളം അതു പുലർത്തുന്ന 'പുതിയ സദാചാര'ബോധത്തിലും സ്ഥലരാശിയിലും കൂടി പ്രകടമാവുന്ന ഒന്നാണ്.
90 കൾക്കുശേഷം ഉയർന്നുവന്നതും ഐടി വിപ്ലവത്തിന്റെയും റിയൽ എസ്റ്റേറ്റ് കുതിപ്പിന്റെയും ഗുണഭോക്താക്കളാണിവർ; കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തിൽ വന്ന ഏറ്റവും നിർണായകമായ മാറ്റം 'സംഭവസ്ഥലം' എന്നത് മുൻപ് മുഖ്യ മെട്രോനഗരങ്ങൾ മാത്രമായിരുന്നു എങ്കിൽ ഇന്നത് അതിനു പുറത്തുള്ള ചെറുപട്ടണങ്ങളും ഇതുവരെ ശ്രദ്ധപിടിച്ചുപറ്റാതിരുന്ന തലസ്ഥാനനഗരികളും ആണ് എന്നുള്ളതാണ്; ഊഹാപോഹമൂലധനവും അതുണ്ടാക്കിയ നവസമ്പന്നതയും 'ദേശീയ'നഗരകേന്ദ്രങ്ങളിൽനിന്ന് പുറത്തേക്ക് പടർന്നു കഴിഞ്ഞ സാഹചര്യം ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ഹിന്ദി സിനിമയിലും തമിഴ് സിനിമയിലും മറ്റും ഒരു പുതിയ ഉപനാഗരികഭാവനയ്ക്ക് തുടക്കമിട്ടു; അത് പുരുഷ ഔദ്ധത്യവും ഹിംസയും നിറഞ്ഞ ഒരു പുതിയ ആഖ്യാനലോകം സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. ഈ ചെറുനാഗരികതയും അതിനു പുറത്തുള്ള ഇനിയും ദേശീയ ആഖ്യാനത്തിൽ ഇടം കിട്ടിയിട്ടില്ലാത്തതുമായ ഗ്രാമങ്ങളും, വ്യവസ്ഥാപിത നാഗരികതയും തമ്മിലുള്ള മുഖാമുഖം കൂടി സത്യമേവജയതേയുടെ ഉപപാഠമായി നിലകൊള്ളുന്നു.
അത് ചില സദാചാരമൂല്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ വളരെ പ്രകടമാകുന്നത്, പ്രത്യേകിച്ചും പുരുഷന്റെയും ഒരു പരിധിവരെ സ്ത്രീയുടെയും ലൈംഗികസ്വാതന്ത്ര്യം, അണുകുടുംബവ്യവസ്ഥ, നാഗരികജീവിതവുമായി ബന്ധപ്പെട്ട മദ്യപാനം തുടങ്ങിയ കാര്യങ്ങളിലുള്ളവയാണ്. വലിയ നാഗരികതയുടെ അമീർ ആഖ്യാനം അതുകൊണ്ടുതന്നെ ഇതുവരെ ടെലിവിഷനിൽ, പ്രത്യേകിച്ചും ദൂരദർശൻകൂടി ഉൾക്കൊള്ളുന്ന ഒരു പരിപാടിയിൽ, അസ്പൃശ്യമെന്നു കരുതിയിരുന്ന പല പ്രശ്‌നങ്ങളിലും ഉദാരമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. അമീർ പ്രതിനിധാനം ചെയ്യുന്ന നാഗരികമധ്യവർഗം പഴയതും ഫ്യൂഡൽ എന്നു വിശേഷിപ്പിക്കാവുന്നതുമായ ചില മൂല്യബേജാറുകളിൽ നിന്നു പുറത്തുവന്നിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ പരിപാടി' (പുറം. 83).
ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ലോകത്തെ വിസ്മയിപ്പിച്ച ടെലിവിഷൻ ഉത്സവമായി മാറിയതിനു പിന്നിൽ, കമ്യൂണിസ്റ്റ് ചൈന നടപ്പാക്കിക്കൊണ്ടേയിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കിരാതമായ അച്ചടക്കജീവിതത്തിന്റെയും അന്തർനാടകങ്ങളും ആസൂത്രിതമായ മാദ്ധ്യമവ്യാജങ്ങളും ഉണ്ടായിരുന്നു എന്നു കണ്ടെത്തുന്നു, മറ്റൊരു ലേഖനം.
ഇന്ത്യൻ മാദ്ധ്യമസ്ഥാപനങ്ങളിലെ ദലിത് അഭാവം, ആഗോളമാദ്ധ്യമാധിനിവേശങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുന്ന പ്രാദേശികമാദ്ധ്യമങ്ങൾ, ആഗോളവൽക്കരണകാലം സൃഷ്ടിച്ച പൊതുമാദ്ധ്യമപ്രതീതികൾ, മാദ്ധ്യമങ്ങളും വികസനവും, പ്രാദേശിക ടെലിവിഷന്റെ സാധ്യതകൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചചെയ്യുന്നു, തുടർന്നുള്ള ലേഖനങ്ങൾ. പൗരത്വത്തിൽനിന്ന് ഉപഭോക്തൃകർതൃത്വത്തിലേക്കും ഭരണകൂടത്തിൽനിന്ന് വിപണിയിലേക്കും വിവരവിനിമയത്തിൽനിന്ന് വിനോദത്തിലേക്കും പറിച്ചുനടപ്പെട്ട പൊതു, ദൃശ്യമാദ്ധ്യമസംസ്‌കാരങ്ങളുടെ സമീപകാല പ്രവണതകളാണ് ഇവയുടെ പശ്ചാത്തലം. ഏകസ്വരമായി മുന്നേറുന്ന ചാനലുകളുടെ അധിനിവേശസ്വഭാവവും സ്വരൂപവും മലയാളിയുടെ സാമൂഹ്യമണ്ഡലത്തിൽ സൃഷ്ടിക്കുന്ന വൈരുധ്യങ്ങളുടെ മറനീക്കലാണ് ഇവയുടെ പൊതുതാൽപര്യം.
അതേസമയം, ഈ പുസ്തകത്തിന്റെ വായന രണ്ടു പ്രശ്‌നങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യും. മലയാളിയുടെ ടെലിവിഷൻജീവിതം എന്ന പൊതുകാഴ്ച പങ്കിടുമ്പോഴും ഈ ലേഖനങ്ങളുടെ ഊന്നൽ വെറും പത്തുശതമാനത്തിലധികം പ്രേക്ഷകർ മാത്രമുള്ള വാർത്താടെലിവിഷനിലാണ്. തൊണ്ണൂറുശതമാനത്തോളം പ്രേക്ഷകരുള്ള ജനപ്രിയ ടെലിവിഷന്റെയോ പരിപാടികളുടെയോ വിശകലനം ഈ പുസ്തകത്തിൽ രണ്ടെണ്ണം മാത്രമാണ്. റിയാലിറ്റി ടെലിവിഷനെക്കുറിച്ചും 'സത്യമേവജയതേ'യെക്കുറിച്ചുമുള്ളവ. രണ്ടാമത്തെ പ്രശ്‌നം വാർത്താടെലിവിഷനെക്കുറിച്ച് ഈ പുസ്തകം ഉന്നയിക്കുന്ന വിമർശനങ്ങൾ ഏതാണ്ടൊന്നടങ്കം ഋണാത്മകമാണെന്നതാണ്. വാർത്താചാനലുകളും ചാനൽവാർത്തകളും സൃഷ്ടിച്ചിട്ടുള്ള ഗുണാത്മകമായ ഒരു ഘടകവും ഈ പഠനങ്ങളുടെ ഭാഗമാകുന്നില്ല. ഇത്രമേൽ നിരാകരിക്കപ്പെടേണ്ട, അടച്ചാക്ഷേപിക്കപ്പെടേണ്ട പാതകങ്ങളാണോ വാർത്താടെലിവിഷൻ ഇന്ത്യൻ/മലയാള പശ്ചാത്തലങ്ങളിൽ നിർവഹിച്ചുകൊണ്ടേയിരിക്കുന്നത്? എങ്കിൽപോലും, മലയാളത്തിൽ തീർത്തും ശുഷ്‌കമായ ദൃശ്യമാദ്ധ്യമ പഠനമേഖലയിൽ നടത്തുന്ന ഇടപെടലുകളെന്ന നിലയിൽ കടുത്ത പെസിമിസത്തിനിടയിലും വെങ്കിടേശ്വരന്റെ ടെലിവിഷൻപഠനങ്ങൾ പ്രസക്തവും കാലികവുമാണ്.
പുസ്തകത്തിൽനിന്ന്: 'ദൂരദർശന്റെ ഏകാധിപത്യത്തിനും ഏകതാനതയ്ക്കും ശേഷം വന്ന ടെലിവിഷൻ വിപ്ലവവും തുടർന്നുവന്ന സ്വകാര്യ വാർത്താചാനലുകളും നമ്മുടെ വാർത്താമാദ്ധ്യമാന്തരീക്ഷത്തെ പാടേ മാറ്റിമറിച്ചു. മറ്റു ഭാഷകളെ അപേക്ഷിച്ച് മുൻപേ സഞ്ചരിച്ച മലയാളത്തിൽ തന്നെയാണ് ഏറ്റവുമധികം സ്വകാര്യചാനലുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ 'കൂടുതൽ ചാനലുകൾ' എന്നത് 'കൂടുതൽ വൈവിധ്യം/വിശകലനം' എന്ന അവസ്ഥയായി പരിണമിച്ചില്ല. മറിച്ച്, ഒരേ സംഗതികളുടെതന്നെ ആവർത്തനമാണ് ഇവിടെ കൂടുതലും കാണപ്പെട്ടത്. ചാനലുകളുടെ എണ്ണം കൂടുന്തോറും ഏകതാനതയും കൂടിവന്നു. ടെലിവിഷൻ ആഘോഷിച്ച/ക്കുന്ന ഏത് മുഖ്യസംഭവം എടുത്താലും ഈ മടുപ്പിക്കുന്ന ഏകതാനത കാണാം - എം.എൻ. വിജയൻ മാഷുടെയോ, കമലാ സുരയ്യയുടെയോ മരണമായാലും, കരുണാകരൻ, വി എസ്.-പിണറായി പ്രശ്‌നമായാലും, ഭീകരാക്രമണമായാലും, തിരഞ്ഞെടുപ്പായാലും ചാനലുകൾ അവ കൈകാര്യം ചെയ്യുന്ന രീതിയിൽ എടുത്തുപറയാവുന്ന വ്യത്യസ്തതകളില്ല. താത്പര്യങ്ങളിൽ മാത്രമാണ് വ്യത്യാസം. ദൃശ്യപംക്തികളിലോ ഭാഷയിലോ ഉള്ളടക്കത്തിലോ പരിചരണരീതികളിലോ വ്യവഹാരനിലവാരത്തിലോ അവസ്ഥിതമായ പാറ്റേണുകൾ പിന്തുടരുന്നു.
വാർത്തകളോടും പാർട്ടിരാഷ്ട്രീയത്തോടും അവയെക്കുറിച്ചുള്ള ചർച്ചകളോടുമുള്ള മലയാളിയുടെ ഉപഭോഗസ്സക്തിയെ ടെലിവിഷൻ ഒരു പ്രത്യേകരീതിയിലും ദിശയിലും പെരുപ്പിച്ചു. പെട്ടെന്നു വീട്ടിലേക്കു കയറിവന്ന ഈ ദൃശ്യപ്പെരുപ്പം മലയാളിസമൂഹത്തിന്റെ രാഷ്ട്രീയത്തെയും രാഷ്യ്‌രീയപരതയെയും ആഴത്തിലും പരപ്പിലും സ്വാധീനിച്ചു. (രാഷ്ട്രീയക്കാരുടെ സംഭാഷണ/ശരീരഭാഷയെ എന്നപോലെ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലുമുള്ള സമരങ്ങളെയും ടെലിവിഷൻ തീർച്ചയായും സ്വാധീനിച്ചു. ടെലിവിഷന്റെ സമരമുഖത്തുള്ള സാന്നിധ്യം സമരത്തെ അതിന്റെ സ്ഥലപരമായ പരിമിതിയിൽ മോചിപ്പിക്കുന്നു. സെക്രട്ടറിയേറ്റുപടിക്കലെ ലാത്തിച്ചാർജ് നിങ്ങളുടെ വീട്ടിൽ അരങ്ങേറുന്നു. ഒരുതലത്തിൽ ഭരണകൂടത്തിനുമേൽ സമ്മർദം സൃഷ്ടിക്കുകയും സമരക്കാരുടെ പ്രകടപരമ്പരയെ പ്രീണിപ്പിക്കുകയും ചെയ്യുമ്പോൾത്തന്നെ ഭരണകൂടത്തിന്റെ ഒരു നിരീക്ഷണോപാധികൂടിയായി പ്രവർത്തിക്കുന്നുണ്ട്.
സമരത്തിന്റെ ആവേശത്തെയും ചിലപ്പോൾ അക്രമാസക്തിയെയും പ്രകടമായ രീതിയിൽത്തന്നെ ടെലിവിഷൻ പ്രതിഫലിപ്പിച്ച് പെരുപ്പിക്കുന്നതു കാണാം.) മലയാളപത്രപ്രവർത്തന രംഗത്ത് ടെലിവിഷൻ കൊണ്ടുവന്ന ഏറ്റവും പ്രകടമായ മാറ്റം സ്ത്രീപത്രപ്രവർത്തകരുടെ മുൻനിരയിലുള്ള സാന്നിധ്യമാണ്. അതുവരെ അങ്ങേയറ്റം പുരുഷകേന്ദ്രീകൃതമായിരുന്ന പത്രപ്രവർത്തനമേഖലയിൽ ടെലിവിഷനിലൂടെ സ്ത്രീകൾ സ്വന്തം സ്ഥാനമുറപ്പിച്ചു. ആദ്യകാല വാർത്താ അവതാരകർ എന്ന റോളിൽ നിന്നവർ പെട്ടെന്നുതന്നെ ടെലിവിഷൻ വാർത്തയുടെ ചടുലതയിലേക്കും തത്സമയ ഒഴുക്കിലേക്കും വളർന്നു. ഇന്ന് എല്ലാ ചാനലുകളിലും അവരുടെ സാന്നിധ്യം അനിഷേധ്യമായ ഒന്നാണ്. ടെലിവിഷൻ എന്ന പൊതുമാദ്ധ്യത്തിലെ സ്ത്രീസാന്നിധ്യം കേരളത്തിലെ പൊതുമണ്ഡലത്തിന്റെ സ്ത്രീസാന്നിധ്യത്തെയും വീടകങ്ങളിലേക്ക് രാഷ്ട്രീയവിഷയങ്ങളെത്തിക്കുന്നതിലും എന്തു പങ്കുവഹിച്ചു എന്നത് പഠനാർഹമായി ഒരു വിഷയമാണ്'.
ടെലിവിഷൻ പഠനങ്ങൾ
സി.എസ്. വെങ്കിടേശ്വരൻ
മാതൃഭൂമിബുക്‌സ്, 2014
വില : 115 രൂപ