മെൽബൺ: രാജ്യത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ടെൽസ്ട്രയിൽ കൂട്ടപ്പിരിച്ചുവിടൽ. രാജ്യവ്യാപകമായി മൊത്തം 326 പേർക്ക് ടെൽസ്ട്രയിൽ നിന്ന് തൊഴിൽ നഷ്ടമാകുമെന്നാണ് പുതിയ റിപ്പോർട്ട്. സെയിൽസ്, സർവീസ്, നാഷണൽ ഓഫീസ് ടീമുകളിലുള്ളവർക്കാണ് തൊഴിൽ നഷ്ടമാകുക.

പെർത്തിലും മെൽബണിലുമുള്ളവർക്കാണ് കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാകുക. ഓരോ സിറ്റിയിലും നൂറിൽപരം പേർ തൊഴിൽരഹിതരാകും. ഓസ്‌ട്രേലിയയിൽ ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടമാകുന്നതു കൂടാതെ ഇവിടത്തെ ജീവനക്കാരിൽ കുറേപ്പേരെ ഫിലിപ്പൈൻസിലേക്ക് സ്ഥലം മാറ്റാനും പദ്ധതിയുണ്ട്.

കമ്പനിയിൽ നിന്ന് കൂട്ടപ്പിരിച്ചുവിടലിനെ കുറിച്ച് ടെൽസ്ട്ര പൊതുവിൽ പ്രസ്താവനകൾ ഇറക്കിയിട്ടില്ലെങ്കിലും തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിരിക്കുകയാണ്. 450 ജീവനക്കാർക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അടുത്ത ദിവസങ്ങളിൽ ലഭിച്ചിട്ടുണ്ടെന്ന് കമ്യൂണിറ്റി ആൻഡ് പബ്ലിക് സെക്ടർ യൂണിയൻ വ്യക്തമാക്കി.

450 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും 326 പേരെയാണ് പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നതെന്ന് ടെൽസ്ട്ര വക്താവ് വെളിപ്പെടുത്തി. മെൽബണിലുള്ള 140 പേർക്ക് തൊഴിൽ നഷ്ടമാകുമ്പോൾ പെർത്തിലുള്ള കോൾ സെന്റർ പൂട്ടാനാണ് പദ്ധതി.

ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കമ്പനി തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഫെബ്രുവരിയിൽ ടെൽസ്ട്രയുടെ നെറ്റ് വർക്കിൽ ഉണ്ടായ പാകപ്പിഴകൾ മൂലം കമ്പനിക്ക് ഒട്ടേറെ വൻകിട ഉപയോക്താക്കളെ നഷ്ടമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക് നഷ്ടക്കണക്കായിരുന്നു ബാലൻസ് ഷീറ്റിൽ. ഇതിന്റെ പിന്തുടർച്ചയെന്നോണമാണ് കമ്പനി പിരിച്ചുവിടൽ തീരുമാനമെടുത്തിരിക്കുന്നത്.