മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു. പ്രേമം. പ്രായഭേകമന്യേ എല്ലാ തരം പ്രേക്ഷകരേയും തീയ്യറ്ററിലെത്തിക്കാൻ പ്രേമത്തിനു കഴിഞ്ഞു. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകൾ വന്നതു മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. റിലീസിന് മുമ്പേ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന് മലയാളിതമിഴ് പ്രേക്ഷകർ വിമർശനങ്ങളും ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. ആദ്യം ചിത്രം എങ്ങനെ ആരൊക്കെ ഏതൊക്കെ വേഷം ചെയ്യും എന്നായിരുന്നു ആകാംക്ഷ. ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ അതിനെചൊല്ലിയായി വിവാദം. ഒടുവിൽ ചിത്രം പുറത്തിറങ്ങിയപ്പേൾ നാഗചൈതന്യയുടെ അഭിനയജീവിതത്തിലെ മികച്ച ഓപ്പണിങ് കിട്ടുന്ന രണ്ടാമത്തെ ചിത്രമായി മാറി. അതേസമയം ട്രോളുകളൊന്നും തെലുങ്ക് പ്രേക്ഷകരെ ഒട്ടും തന്നെ ബാധിച്ചിട്ടില്ലെന്നാണ് സിനിമയുടെ കലക്ഷനും സൂചിപ്പിക്കുന്നത്.

ആന്ധ്രയിലും തെലങ്കാനയിലുമായി 360 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ അഞ്ച് ദിവസത്തെ ആഗോള കലക്ഷൻ പുറത്ത് വിട്ടിരിക്കുന്നു. 22 കോടിയാണ് ചിത്രം അഞ്ച് ദിവസം കൊണ്ട് വാരിക്കൂട്ടിയത്. അമേരിക്കയിലും ചിത്രം ഹിറ്റാണ്. യുഎസിൽ 110 തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്.

ആന്ധ്രയിൽ നിന്നും 14 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.38 കോടി രൂപ ചിത്രം നേടി. ദാദ എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇപ്പോൾ പ്രേമത്തിന് ലഭിച്ചത്.