ഹൈദരബാദ്: എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ കർണനായി നാഗാർജുനയെത്തുമെന്ന് സൂചന. മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന മഹാഭാരതത്തിൽ താനും ഭാഗമായേക്കുമെന്ന് നാഗാർജുന തന്നെയാണ് വ്യക്തമാക്കിയത്. കർണാനാണ് നാഗാർജുനയ്ക്കായി മാറ്റി വച്ചിരിക്കുന്നതെന്നാണ് സൂചന. സംവിധാനം ചെയ്യുന്നത് വി.എ ശ്രീകുമാറാണ്. 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മഹാഭാരതം നിർമ്മിക്കുന്നത് പ്രമുഖ വ്യവസായി ബിആർ ഷെട്ടിയാണ്.

ചിത്രത്തിൽ നാഗാർജുന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. രാരോണ്ടി വെഡുക ചുധം എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികൾക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നാഗാർജുന മഹാഭാരതത്തെക്കുറിച്ച് മനസ്സ് തുറന്നത്. മകൻ നാഗചൈതന്യ നായകനാവുന്ന രാരോണ്ടി വെഡുക ചുധത്തിന്റെ നിർമ്മാതാവാണ് നാഗാർജുന.

'എംടി വാസുദേവൻ നായർ കർണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുമോ എന്ന് എന്നോടൊരിക്കൽ ചോദിച്ചിരുന്നു. രണ്ട് വർഷം മുൻപാണത്. മഹാഭാരതം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീകുമാർ നാല് വർഷമായി നടത്തുന്ന കഠിനപ്രയത്നത്തെക്കുറിച്ച് എനിക്കറിയാം. ഈയിടെ എംടി എന്നോട് സിനിമയെക്കുറിച്ച് വീണ്ടും സംസാരിച്ചു. എന്റെ കഥാപാത്രത്തിന് ചിത്രത്തിൽ പ്രാധാന്യമുണ്ടെങ്കിൽ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. ആ പ്രൊജക്ട് ഇപ്പോൾ പ്രാഥമിക ഘട്ടത്തിലാണ്. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയാം'-നാഗാർജുന വ്യക്തമാക്കി.

കർണനായി മമൂട്ടിയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് നാഗാർജുന ഈ വേഷം ഏറ്റെടുക്കാൻ സമ്മതം അറിയിക്കുന്നത്.