- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കു സിനിമയെ വെല്ലുന്ന രാഷ്ട്രീയവുമായി കെ ചന്ദ്രശേഖര റാവു; രാഷ്ട്രീയ എതിരാളികളെ മലർത്തിയടിക്കാൻ തൊഴിൽ രഹിതർക്കായി വൻ പ്രഖ്യാപനം; തൊഴിൽ ഇല്ലാത്തവർക്കായി മാസം 3016 രൂപ വീതം ഏപ്രിൽ മുതൽ ലഭ്യമാക്കും; പ്രതിവർഷം തെലുങ്കാന സർക്കാർ നീക്കി വെക്കേണ്ടി വരിക 3600 കോടി
ഹൈദരാബാദ്: തെലുങ്കാനയിലെ രാഷ്ട്രീയം എപ്പോഴും തെലുങ്കു സിനിമയെയും കടത്തി വെട്ടുന്ന വിധത്തിലാണ്. അത്തരത്തിലുള്ള പ്രഖ്യാപനങ്ങളുമായാണ് അവിടുത്തെ രാഷ്ട്രീയക്കാർ മുന്നോട്ടു പോകാറ്. ഇപ്പോഴിതാ വീണ്ടുമൊരു ഉഗ്രൻ തീരുമാനവുമായ രാഷ്ട്രീയ എതിരാളികളെ മലർത്തിയടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കയാണ് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. സംസ്ഥാനത്തെ തൊഴിൽ ഇല്ലാത്തവർക്കുള്ള വേതനത്തിൽ വൻ വർധനവാണ് തെലുങ്കാന സർക്കാർ വരുത്തിയിരിക്കുന്നത്. തൊഴിൽ ഇല്ലാത്തവർക്ക് മാസം തോറും 3016 രൂപ വീതം നൽകുമെന്നാണ് തെലങ്കാന സർക്കാരിന്റെ പ്രഖ്യാപനം. ഏപ്രിൽ മാസം മുതൽ ഈ തുക ലഭ്യമാകുമെന്നാണ് സർക്കാർ വിശദമാക്കുന്നത്.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആർഎസ് തൊഴിൽ രഹിതർക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആർ എസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതുമായിരുന്നു ഇത്. ഈ വാഗ്ദാനം അടക്കം വിജയിച്ചപ്പോൾ ടിആർഎസ് അധികാരം നിലനിർത്തി. ഇപ്പോൾ വീണ്ടും വാഗ്ദാനം പാലിച്ചു കൊണ്ട് മറ്റുള്ളവരെ ഞെട്ടിക്കുകകയാണ് കെസിആർ.
വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണ അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ മൂന്ന് വർഷത്തോളം കാല താമസമുണ്ടായത് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള നീക്കത്തിലുമാണ് തെലങ്കാന സർക്കാരുള്ളത്. നിലവിൽ തൊഴിൽ ഇല്ലായ്മാ വേതനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളിൽ പരമാവധി പേർക്ക് സ്ഥിരവരുമാനം ഉറപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിയായ അറിയിപ്പുകൾ ഉടനുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ കുറയുന്നതിൽ യുവജനങ്ങൾക്ക് ഇടയിൽ പ്രതിഷേധം ശക്തമായിരുന്നു. തെലങ്കാന സർക്കാരിന്റെ സൈറ്റിൽ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നത് 29 ലക്ഷത്തോളം യുവജനങ്ങളാണ്. എംപ്ലോയ്മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പത്ത് ലക്ഷത്തോളം ആളുകളാണ്. സർക്കാർ സൈറ്റുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ വലിയൊരു ശതമാനം ആളുകളും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണെന്നാണ് സർക്കാർ കണക്ക്. തൊഴിൽ ഇല്ലായ്മ വേതനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാനുള്ള കാലതാമസമാണ് ഇതിന്റെ വിതരണത്തിലുണ്ടായ കാലതാമസത്തിന് കാരണമായി ടിആർഎസ് സർക്കാർ വിശദമാക്കുന്നത്.
2020, 2021 വർഷങ്ങളിൽ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിൽ തടസമുണ്ടാക്കി. പത്ത് ലക്ഷം പേർ തൊഴിൽ രഹിതരാണെന്ന് കണക്ക് കൂട്ടിയാൽ പോലും 3600 കോടി രൂപയാണ് ഇതിലേക്ക് വർഷം തോറും തെലങ്കാന സർക്കാരിന് നീക്കി വയ്ക്കേണ്ടി വരിക. അതേസമയം തൊഴിൽ ഇല്ലായ്മാ വേതനം 2018 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ