ദോഹ: രാജ്യത്ത് ഇന്നും നാളെയും ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദോഹയിലും പരിസരങ്ങളിലും ചൂട് 38 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയെത്തും. ചൂടിനൊപ്പം ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. വടക്കുപടിഞ്ഞാറു ദിശയിൽ വീശുന്ന ശക്തമായ കാറ്റിനെ തുടർന്ന് രാജ്യം പൊടിയിൽ നിറയാനും സാധ്യത ഉണ്ട്.

28 നോട്ടിക്കൽ മൈൽവരെയാണു കാറ്റിന്റെ വേഗം പ്രതീക്ഷിക്കുന്നത്. എന്നാൽ, ചില സ്ഥലങ്ങളിൽ ഇതു 40 നോട്ടിക്കൽ മൈൽവരെയാകാം. ഇത് അന്തരീക്ഷത്തെ പൊടികൊണ്ടു നിറയ്ക്കുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും. ഹൈവേകളിൽ രണ്ടു കിലോമീറ്ററിലധികം കാഴ്ച ലഭിക്കില്ല. തിങ്കളാഴ്ചവരെ ഈ സ്ഥിതിക്കു മാറ്റമുണ്ടാകാനിടയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ചൂടു കൂടുന്ന പശ്ചാത്തലത്തിൽ സൂര്യാഘാതമടക്കമുള്ള ആരോഗ്യപ്രശനങ്ങൾക്കു സാധ്യതയേറെയാണെന്നും ഇക്കാര്യത്തിൽ ജാഗ്രതപാലിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ മുന്നറിയിപ്പു നൽകി.