തിരുവനന്തപുരം: ക്ഷേത്ര വരുമാന വിഷയത്തെ കുറിച്ച് ചർച്ചകളിൽ രേഖകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ സംഘപരിവാർ പ്രചരണങ്ങൾ തീർത്തും പൊളിഞ്ഞു വീഴുന്ന അവസ്ഥയാണുള്ളത്. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പച്ചക്കള്ളങ്ങൾ വി ഡി സതീശൻ എംഎൽഎ പൊളിച്ചതിന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ല. എന്തായാലും ശശികല ടീച്ചർക്ക് പിന്നാലെ മന്ത്രി ശിവകുമാറിനെയും വി ഡി സതീശനെയും പാഠം പഠിപ്പിക്കാൻ രംഗത്തെത്തിയത് ആർഎസ്എസ് സഹയാത്രികനും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ ടി ജി മോഹൻദാസാണ്.

ക്ഷേത്രവരുമാനത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിലേക്ക് എടുത്തിട്ടില്ലെന്ന് പറഞ്ഞു സമർത്ഥിക്കാൻ ശ്രമിച്ചാണ് ജ മോഹൻദാസ് പുലിവാല് പിടിച്ചത്. ഫേസ്‌ബുക്കിലൂടെ താൻ കണ്ടെത്തിയ വലിയ കാര്യം എന്ന വിധത്തിൽ വിവരാവകാശ രേഖ സംബന്ധിച്ച രേഖ പുറത്തുവിടുകയായിരിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റാണ് പുറത്തുവിട്ടത്. ഇത് പ്രകാരം ട്രഷറിയിൽ പണം നിക്ഷേപിച്ച കാര്യമാണ് വലിയ കാര്യമായി പൊക്കിക്കാണിച്ചത്. ഇതെല്ലാം അധികം ഒരു വീഡിയോ ആക്കി ടി ജി മോഹൻദാസ് ''ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!! എന്ന തലകെട്ടോടു കൂടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്.

സർക്കാർ ദേവസ്വം ബോർഡ് ഭരണത്തിൽ നിന്നും പിന്മാറണം എന്നും ഈ വീഡിയോയിൽ ടി ജി മോഹൻദാസ് ആഹ്വാനം ചെയ്തു. കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ ഹാജരാക്കാമെന്നുമാണ് മോഹൻദാസ് പറഞ്ഞത്. മോഹൻദാസ് പുറത്തുവിട്ട രേഖ അതേപടി ഏറ്റെടുത്ത് അദ്ദേഹത്തിന്റെ അനുഭാവികൾ ആഘോഷിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ വിശദീകരണവും വന്നതോടെ ടി ജി മോഹൻദാസിന്റെ വാദങ്ങളും മുറിഞ്ഞു.

കൊച്ചിൻ ദേവസ്വം ബോർഡ് സ്വകാര്യ ബാങ്കുകളിൽ അടക്കം വിവിധ ഇടങ്ങളിലായി പണം നിക്ഷേപിച്ചിരുന്നു. 41 ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഇതിനൊപ്പം നിക്ഷേപിച്ചിരുന്നതാണ് നാല് ട്രഷറി അക്കൗണ്ടുകളിലായി സൂക്ഷിച്ച 13 ലക്ഷം രൂപ. എന്നാൽ ബാങ്ക് സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപമായി നൽകിയ പണം ഏത് സമയവും തിരിച്ചെടുക്കാൻ സാധിക്കും. കൂടാതെ കൂടുതൽ പലിശയും ലഭിച്ചു. ഇക്കാര്യം പരിശോധിക്കാതെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ടിജി മോഹൻദാസ് രംഗത്തെത്തിയത്. എന്തായാലും ടി ജി മോഹൻദാസിന്റെ വാദം സംഘപരിവാറുകാരെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്.

ട്രഷറിയിലെ എസ്ബി അക്കൗണ്ടിലുള്ള പണം സർക്കാർ എടുക്കുന്നു എന്നാണെങ്കിൽ ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം ബാങ്ക് കാർക്ക് സ്വന്തമാണല്ലോ അല്ലേ എന്ന് ചൂണ്ടി നിരവധി പേരാണ് മോഹൻദാസിനെ വിമർശിച്ചെത്തിയത്. കാശുണ്ടെങ്കിൽ ഏതു പൗരനും സാദാരണ ബാങ്ക് അക്കൗന്റിലേത് പോലെ ട്രഷറിയിൽ പണം നിക്ഷേപിക്കാം ,പിൻവലിക്കാം ,പലിശയും ലഭിക്കും, ഇനി മറ്റേതെങ്കിലും നികുതിയിനത്തിലാണ് ട്രഷരിൽ പണം ഒടുക്കുന്നതെങ്കിൽ അത് ഒരു സ്ഥാപനത്തിന്റെ ബാങ്ക് സ്റ്റെമെന്റിലല്ല കാണിക്കുന്നത് വരവ് ചെലവ് കണക്കിലാണെന്നും അദ്ദേഹത്തെ പലരും ഓർമ്മപ്പെടുത്തി. എന്തായായും ടി ജി മോഹൻദാസ് വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണിപ്പോൾ.

ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!!

Posted by TG Mohandas on Tuesday, December 8, 2015

ഇതാദ്യമായല്ല ടി ജി മോഹൻദാസ് പച്ചക്കള്ള്ളങ്ങളുമായി ഫേസ്‌ബുക്കിലൂടെ രംഗത്തുവരുന്നത്. ചാനൽ ചർച്ചകളിൽ പങ്കെടുമ്പോൾ പലപ്പോഴും പച്ചക്കള്ളങ്ങളുടെ കണക്കുമായി രംഗത്തെത്തുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. ഇത് മുമ്പും സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിട്ടുണ്ട്.