തിരൂർ: മതവും രാഷ്ട്രീയവും ഭിന്നതകൾ തീർക്കുന്ന സമൂഹത്തിന് മതസൗഹാർദത്തിന് പുതിയ മാതൃക കാണിച്ച് മലപ്പുറം ജില്ലയിലെ തിരൂർ. പ്രദേശത്തെ ഒരു മുസ്ലിം കാരണവർ മരിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ക്ഷേത്രഭാരവാഹികൾ റദ്ദാക്കി.

തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ചെറാട്ടിൽ ഹൈദർ എന്നയാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മരണവിവരം അറിഞ്ഞതോടെ ആഘോഷങ്ങൾ നിർത്തിവെക്കാൻ ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ഉത്സവം ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനിച്ചത്. ഉത്സവാഘോഷത്തിന്റെ ഭാഗമായി ബാൻഡ്മേളം, ശിങ്കാരിമേളം, മറ്റ് കലാരൂപങ്ങൾ എന്നിവയെല്ലാം ഒരുക്കിയിരുന്നു. എന്നാൽ ഇതെല്ലാം വേണ്ടെന്ന് വെച്ചു.

കൊടുങ്ങല്ലൂർ ഭഗവതി സങ്കൽപ്പമാണ് ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. ഹൈദരിന്റെ മരണത്തോടെ ആഘോഷങ്ങൾ കുറയ്ക്കാം എന്നും തീരുമാനിക്കുകയായിരുന്നു. വേണ്ടപ്പെട്ട ഒരാൾ മരണപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ആഘോഷങ്ങൾ വേണ്ട എന്ന് വെക്കുകയായിരുന്നു. ചുറ്റുമുള്ള എല്ലാവരും സഹകരിക്കുന്നവർ തന്നെയാണ്. കൺമുന്നിലാണ് ഹൈദർ കുഴഞ്ഞു വീണ് മരിച്ചതെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. കാരണവന്മാർ എല്ലാവരും നല്ല രീതിയിൽ ആയിരുന്നു പെരുമാറിയിരുന്നത്. അത് ഞങ്ങളും പാലിക്കുന്നുവെന്ന് അവർ അറിയിച്ചു.

ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ ഹൈദറിന്റെ കബറടക്കത്തിനു മുൻപ് നടന്ന നമസ്‌കാരത്തിൽ വെച്ച് മഹല്ല് ഭാരവാഹികൾ അഭിനന്ദിക്കുകയും ചെയ്തു. മറ്റൊന്നും നോക്കാതെ ആചാര അനുഷ്ടാനങ്ങൾ എല്ലാം മാറ്റിവെച്ചു കൊണ്ടാണ് മരണത്തിൽ അവരുടെ ദുഃഖം രേഖപ്പെടുത്താൻ വേണ്ടി ക്ഷേത്ര സമിതി ആഘോഷങ്ങൾ നിർത്തിവെച്ചതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പറഞ്ഞു.

നാട്ടിലെ കാരണവരും ഏവർക്കും പ്രിയപ്പെട്ടവനുമായിരുന്നു ഹൈദർ എന്നും ഇദ്ദേഹം മരിച്ചതിന്റെ ദുഃഖത്തിൽ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്നും കമ്മിറ്റി ഭാരവാഹികളായ ടി.പി. വേലായുധൻ, എം വി വാസു, ടി.പി. അനിൽകുമാർ, കെ.പി. സുരേഷ്, ബാബു പുന്നശേരി എന്നിവർ പ്രതികരിച്ചു.

മലപ്പുറത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഞ്ഞൂറു വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കു റോഡ് നിർമ്മിക്കാൻ മുസ്ലിം കുടുംബങ്ങൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയിരുന്നു. അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്കു ശരിയായ വഴിയുണ്ടായിരുന്നില്ല.

മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രദേശവാസികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ വച്ച് മുസ്ലിംകളായ ഭൂ ഉടമകൾ ക്ഷേത്രത്തിലേക്കുള്ള വഴിക്കു ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു.

ചെറയകുത്ത് അബൂബക്കർ ഹാജി, എം ഉസ്മാൻ എന്നിവരാണ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ നിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമാണ് റോഡ് നിർമ്മിച്ചത്. വർഷങ്ങളായി ജീർണതാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു.