ദോഹ: ഖത്തറിലെ  സ്വകാര്യ ക്ലിനിക്കുകളിൽ നഴ്‌സുമാരുടെ കുറവനുഭവപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നഴ്‌സുമാർക്ക് സ്വകാര്യക്ലിനിക്കുകളിൽ  ജോലി ചെയ്യുന്നതിന് താൽക്കാലിക ലൈസൻസ് അനുവദിക്കാൻ തീരുമാനം. സ്ഥിരം ലൈസൻസ് ലഭിക്കാൻ കാലതാമസമെടുക്കുന്നതിനാൽ ആണ് ഈ തീരുമാനം.  ഇതു കണക്കിലെടുത്താണ് താത്കാലിക ലൈസൻസ് അനുവദിക്കാൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് തീരുമാനിച്ചത്.

ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മാസങ്ങളോളം ജോലിക്കു പോകാൻ കഴിയാതെ വരുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നെഴ്‌സുമാർക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. മെഡിക്കൽ കോർപറേഷന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ നിയമനം ലഭിക്കുന്നവർ വിവിധ ഘട്ടങ്ങളിലായുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നാട്ടിൽ നിന്നു തന്നെ പൂർത്തിയാക്കി വരുന്നതിനാൽ അവർക്ക് നിയമം ബാധകമാവില്ല.

ഖത്തർ കൗൺസിൽ ഓഫ് ഹെൽത്ത് കെയർ പ്രാക്ടീഷനേഴ്‌സിന്റെ സർക്കുലർ പ്രകാരം  മൂന്ന് മാസമോ സ്ഥിരലൈസൻസിനു വേണ്ടിയുള്ള വെരിഫിക്കേഷൻ പൂർത്തിയാകുന്നത് വരേയോ ആയിരിക്കും ചെറുകിട സ്വകാര്യ ക്ലിനിക്കുകളിലെ നെഴ്‌സുമാർക്കായി പുതുതായി അനുവദിക്കുന്ന താൽക്കാലിക ലൈസൻസിന്റെ കാലാവധി. ആവശ്യമായ രേഖകൾ നൽകുക, യോഗ്യതാ പരീക്ഷ എഴുതുക തുടങ്ങിയ പ്രാഥമിക ലൈസൻസിങ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും താൽക്കാലിക ലൈസൻസ് അനുവദിക്കുക.

ഇതിനു ശേഷം വെരിഫിക്കേഷൻ പൂർത്തിയാവുന്നതു വരെയുള്ള കാലയളവിൽ  മുതിർന്ന ജീവനക്കാരുടെ മേൽനോട്ടത്തിൽ താല്ക്കാലിക ലൈസൻസ് ഉപയോഗിച്ചു ജോലി ചെയ്യാനാവും.സമർപ്പിച്ച രേഖകളിൽ ഏതെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയാൽ തുടർന്നു രാജ്യത്തൊരിടത്തും പ്രവർത്തിക്കാൻ കഴിയാത്ത വിധം ലൈസൻസ് റദ്ദാക്കും. നിലവിൽ  നഴ്‌സുമാർക്ക് വേണ്ടി മാത്രമാണ് ഈ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരുന്നതെങ്കിലും ആതുരസേവന രംഗത്തെ മറ്റു ജീവനക്കാരെയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു.