- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ സുധാകരൻ ഇടപെട്ടു; ജയ്ഹിന്ദ് ടിവി ജീവനക്കാർക്കെല്ലാം 5000 വീതം ഉടനടി നൽകാൻ നിർദ്ദേശം; നാലര മാസമായി ശമ്പളമില്ലാതെ വലയുന്നവർക്ക് താൽക്കാലിക ആശ്വാസം; സ്ഥിരം പരിഹാരം വേണമെന്ന് ജീവനക്കാർ
തിരുവനന്തപുരം: നാലര മാസമായി ശമ്പളം മുടങ്ങിയിരിക്കുന്ന ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാർക്ക് ഉടനടി 5000 വീതം നൽകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശം. ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായിരിക്കുന്ന ജീവനക്കാർക്ക് താൽക്കാലിക ആശ്വാസമാണ് സുധാകരന്റെ ഇടപെടൽ.
എന്നാൽ താൽക്കാലികമായ പരിഹാരങ്ങളല്ല വേണ്ടതെന്നും ഓരോ മാസത്തെ ശമ്പളവും അൽപം വൈകിയാലും അതാത് മാസങ്ങളിൽ തന്നെ നൽകാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരുടെ പിഎഫും ഇഎസ്ഐയും മുടങ്ങിയിരിക്കുകയാണ്. അക്കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന് അവർ ആവശ്യപ്പെടുന്നു.
ജയ്ഹിന്ദ് ചാനൽ ജീവനക്കാരുടെ ദുരിതത്തെ പറ്റി രണ്ട് ദിവസം മുമ്പ് മറുനാടനില് വാർത്ത നൽകിയിരുന്നു. അതിനെ തുടർന്നാണ് കെപിസിസി പ്രസിഡന്റിന്റെ അടിയന്തര ഇടപെടൽ. ചാനൽ ചെയർമാൻ സ്ഥാനം ഏറ്റെടുത്തിട്ടില്ലെങ്കിലും കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സുധാകരൻ പാർട്ടി ചാനലിലെ പ്രതിസന്ധിയിൽ ഇടപെടുകയായിരുന്നു. ചാനലിന്റെ ചെയർമാനായിരുന്ന രമേശ് ചെന്നിത്തല രാജി വച്ചെങ്കിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രമേശിന്റെ രാജി അംഗീകരിച്ചിട്ടില്ല. എന്നാൽ രമേശ് ആവട്ടെ ഇപ്പോൾ ചാനലിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറുമില്ല. ഇതോടെയാണ് ചാനൽ പ്രവർത്തനമാകെ പ്രതിസന്ധിയിലായത്.
കെ. സുധാകരൻ കെപിസിസി പ്രസിഡന്റായതിനെ തുടർന്ന് ചാനലിന്റെ ചെയർമാനായിരുന്ന രമേശ് ചെന്നിത്തല ഒന്നര മാസം മുമ്പാണ് രാജിവച്ചത്. എന്നാൽ ചെയർമാനായിരുന്ന കാലത്തെ കണക്കുകൾ കാണിച്ചിട്ട് മാത്രം സ്ഥാനമൊഴിഞ്ഞാൽ മതി എന്ന നിലപാടിലാണ് കെ. സുധാകരൻ. അതിന് ശേഷമാണ് ചെന്നിത്തല ചാനലിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാതായത്.
ശമ്പളം മുടങ്ങുന്നത് ജയ്ഹിന്ദിൽ പുതിയകാര്യമല്ലെങ്കിലും ഇത്രയും കാലം തുടർച്ചയായി മുടങ്ങുന്നത് ഇതാദ്യമായാണ്. ഇഎസ്ഐ അടയ്ക്കാത്തത് മൂലം അസുഖം വന്നാൽ പോലും ആനുകൂല്യം ലഭിക്കാത്ത അവസ്ഥയിലാണ് ജീവനക്കാർ. ചാനലിൽ നിന്നും രാജി വച്ചവർക്ക് ഗ്രാറ്റിവിറ്റിയും ഏറെ കാലമായി നൽകുന്നില്ല. ഇത് ലേബർ പരാതിയുമായി മാറിയിട്ടുണ്ട്.
യുഡിഎഫ് കൺവീനർ ആയതിനെ തുടർന്ന് എംഡിയായിരുന്ന എംഎം ഹസൻ ആ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് കെവി തോമസിനെ ജയ്ഹിന്ദിന്റെ എംഡിയായി നിയോഗിച്ചിരുന്നു. ഹസൻ രാജിവച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ചാനലിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞ് കെവി തോമസ് സ്ഥാനം ഏറ്റെടുത്തില്ല. വലിയ ഫണ്ട് തട്ടിപ്പ് കെവി തോമസ് കണ്ടെത്തിയതായി അന്ന് സൂചനകളുണ്ടായിരുന്നു.
ചാനലിന്റെ ജെഎംഡിയായ ബിഎസ് ഷിജുവാകട്ടെ ഇടക്കാലത്ത് പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഡയറക്ടർ ബോർഡിലെ പ്രശ്നങ്ങളും വരുമാനക്കുറവും ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആവലാതികൾക്ക് മുന്നിൽ ഷിജു കൈകഴുകുകയയിരുന്നു ഇതുവരെ. ചാനൽ നഷ്ടത്തിലാണെങ്കിലും ഓൺലൈനിൽ നിന്നും ലഭിക്കുന്ന വരുമാനം എവിടെയെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ഇതിന് കൃത്യമായ കണക്കില്ല. ഇത് ചില പോക്കറ്റുകളിലേയ്ക്ക് പോകുകയാണെന്ന് അവർ സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ