- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിൽ പൊലിഞ്ഞത് പത്തോളം കേബിൾ ഓപ്പറേറ്റർമാരുടെ ജീവൻ; രോഗ ബാധിതർ മുന്നൂറിലേറെ; ഓപ്പറേറ്റർമാർ വീടിനുള്ളിൽ കയറി പണിയെടുക്കേണ്ടി വരുന്നതിനാൽ രോഗം പകരാൻ സാധ്യതകളേറെ; ആളുകൾ വീട്ടിലിരിക്കുന്നതും സർക്കാർ അറിയിപ്പുകൾ കൃത്യമായി ജനങ്ങളിലേയ്ക്ക് എത്തുന്നതും അവരുള്ളതുകൊണ്ട്; ജീവൻ പണയം വച്ച് ജോലി ചെയ്യുന്നവർക്ക് വാക്സിനേഷൻ മുൻഗണന നൽകാൻ എന്താണ് തടസം?
തിരുവനന്തപുരം: ലോക്ക് ഡൊണിൽ വീട്ടിലിരിക്കുന്നവർക്കും ക്വോറന്റൈനിൽ ഏതെങ്കിലും നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും ഏക ആശ്വാസം കേബിൾ ടിവിയും ഇന്റെർനെറ്റുമാണ്. ഇതുകൂടിയില്ലാതെ ഒറ്റയ്ക്കിരിക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? എത്ര അസഹ്യമായിരിക്കും ജീവിതം. അതുകൊണ്ടുതന്നെ ഈ കോവിഡ് കാലത്ത് ഏറ്റവും ആവശ്യമുള്ള സേവനങ്ങളിലൊന്നായി ഇന്റെർനെറ്റ്- കേബിൾ ടിവി സേവനങ്ങൾ മാറിക്കഴിഞ്ഞു. ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിനുള്ളിൽ ഇരിക്കുന്നത് തന്നെ ഇവരുള്ളതുകൊണ്ടാണെന്ന് പറയാം.
എന്നാൽ വീടുകളായ വീടുകൾ കയറി സേവനം നൽകുന്ന ഇന്റെർനെറ്റ്- കേബിൾ ടിവി ഓപ്പറേറ്റേഴ്സിന് വേണ്ടത്ര സുരക്ഷയും പരിഗണനയും നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പരാതി ഉയരുകയാണ്. വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ അവരെ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നിട്ട് നാളുകളേറെയായി. വീടുകൾക്കുള്ളിൽ കയറേണ്ടി വരുന്ന ജോലിയായതിനാൽ ഓപ്പറേറ്റർമാർക്ക് കോവിഡ് പകരാനുള്ള സാധ്യതയേറെയാണ്. ഒരു വീട്ടിൽ നിന്നും മറ്റ് വീടുകളിലേക്ക് കൂടി കയറുമ്പോൾ കോവിഡ് വാഹകരാകുകയെന്ന ദുരിതാവസ്ഥ കൂടി ഇവർ പേറേണ്ടി വരും. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും ക്വാറന്റൈനിലിരിക്കേണ്ട സൗകര്യാർത്ഥം രോഗ ബാധിതനാണെന്ന് പുറത്തുപറയാതെ ഓപ്പറേറ്റേഴ്സിനെ വിളിച്ച് കേബിളും ഇന്റെർനെറ്റ് കണക്ഷനും എടുക്കുന്നവരും കുറവല്ല. എന്തൊക്കെ മുൻകരുതലുകൾ എടുത്താലും ഇവർക്ക് കോവിഡ് പകരാനുള്ള സാധ്യതകൾ ഏറെയാണ്.
നിലവിൽ കേരളത്തിലുടനീളം മൂന്നിറിലേറെ കേബിൾ ഓപ്പറേറ്റർമാർ കോവിഡ് രോഗബാധിതരായെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മ നടത്തിയ പ്രാഥമിക പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. മരണമടഞ്ഞവർ പത്തിലേറെയാണ്. ശരിക്കുള്ള കണക്കുകൾ ഇതിലും എത്രയോ ഏറെയായിരിക്കാം. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സംബന്ധമായ അറിയിപ്പുകളും നിർദ്ദേശങ്ങളും അണ മുറിയാതെ ജനങ്ങളിലേയ്ക്ക് എത്തുന്നത് ഇന്റെർനെറ്റും കേബിൾ ടിവിയും ഉള്ളതുകൊണ്ടാണ്. എന്നാൽ ആ പ്രാധാന്യം അധികൃതർ കേബിൾ ഓപ്പറേറ്റർമാർക്ക് നൽകുന്നില്ലെന്നാണ് അവരുടെ പരാതി.
കർണാടകയിൽ വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഇന്റെർനെറ്റ്- കേബിൾ ടിവി ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും അതുവേണമെന്നാണ് അവരുടെ ആവശ്യം. ഇത് ഓപ്പറേറ്റർമാരുടെ സുരക്ഷ മാത്രമല്ല, അവർ പോകുന്ന വീടുകളിലുള്ളവരുടെ സുരക്ഷ കൂടി ഉറപ്പാക്കും. ഈ ആവശ്യവുമായി അധികൃതർക്ക് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ) അപേക്ഷകൾ നൽകിയിട്ടുണ്ടെങ്കിലും അനുഭാവപൂർണമായിട്ടുള്ള തീരുമാനങ്ങളെടുക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് പല വിഭാഗങ്ങളെക്കാളും അവശ്യസേവനവും വീടിനുള്ളിൽ കയറി ജോലി ചെയ്യുന്നതിനാൽ രോഗം പകരാനും പടരാനും സാധ്യതയുമുള്ള വിഭാഗമാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ. അധികൃതർ അത് തിരിച്ചറിയുന്നില്ല എന്നതാണ് അവരുടെ പരാതി.
മറുനാടന് മലയാളി ബ്യൂറോ