വാഷിങ്ടൺ: മരത്തിലിരിക്കുന്നതിനിടെ പത്തുവയസുകാരൻ കടന്നൽ കുത്തേറ്റ്് വീണത് കമ്പിയുടെ മുകളിലേക്ക്. വീഴ്‌ച്ചയ്ക്കിടെ സേവ്യർ കന്നിങ്ഹാം എന്ന കുട്ടിയുടെ തലയോട്ടിക്കുള്ളിലേക്ക് കമ്പി കുത്തിക്കയറി. എന്നാൽ അത്ഭുതകരമായാണ് കുട്ടി അപകടത്തിൽ നിന്നും രക്ഷപെട്ടത്. മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിൻഭാഗത്തു കൂടി പുറത്തേക്ക് തള്ളി നിന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച അമേരിക്കയിലെ ഹാരിസൺ വില്ലയിലായിരുന്നു സംഭവം.

സേവ്യർ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിക്കുന്നതിനിടെയാണ് കടന്നൽ വർഗത്തിൽ പെട്ട പ്രാണികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്കുള്ള ഏണിയിലൂടെ ഇറങ്ങുന്നതിനിടെയാണ് കുട്ടി പിടി വിട്ട് താഴെ വീണത്. താഴെയുണ്ടായിരുന്ന കബാബ് കുത്തി വെയ്ക്കുന്ന കമ്പിയിലേക്കായിരുന്നു മുഖമടച്ച് സേവ്യറിന്റെ വീഴ്ച.

സേവ്യറിന്റെ അമ്മ ഗബ്രിയേല അപ്പോൾ തന്നെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. തുളച്ചു കയറിയ കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികൾ ഇവയൊന്നും സ്പർശിച്ചില്ല എന്നത് തികച്ചും അത്ഭുതമായി. ഭാഗ്യം കൊണ്ടു മാത്രമാണ് സേവ്യർ ഇത്തരത്തിൽ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ഞായറാഴ്ചയാണ് കമ്പി പുറത്തെടുത്തത്. കമ്പിയുടെ ആകൃതി ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കി. കമ്പി ചതുരാകൃതിയിലുള്ളതായതു കൊണ്ട് ചെറിയ അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നു. എന്തായാലും കുട്ടിയെ ഭാഗ്യം തുണച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. 10 ലക്ഷത്തിൽ ഒരാൾ മാത്രമേ ഇങ്ങനെയൊരു പരുക്കിൽ നിന്ന് രക്ഷപെടാറുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.