ഡബ്ലിൻ: വാടകനിരക്ക് കുത്തനെ ഉയരുന്നത് ഭയത്തോടെ നോക്കിക്കാണുന്ന അവസ്ഥയാണ് അയർലണ്ടിലുള്ളത്. കഴിഞ്ഞ 18 മാസവും വാടക കുത്തനെ ഉയർന്നതു മൂലം തങ്ങളുടെ വാടക വീടുകൾ നഷ്ടമാകുമോയെന്ന ഭയത്തിലാണ് വാടകക്കാർ. പ്രത്യേകിച്ച് ഡബ്ലിനിലുള്ളവർ. ഡബ്ലിനിലുള്ള 42 ശതമാനം വാടകക്കാരും കഴിഞ്ഞ ഒന്നര വർഷം വൻ വാടകനിരക്ക് നേരിട്ടവരാണ്.

ഡബ്ലിനിലെ മൂന്നിൽ ഒരു വാടകക്കാരനും ഭയക്കുന്നത് തങ്ങൾക്ക് വീടു നഷ്ടമാകുമോയെന്നാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ബിൽഡിങ് കോ ഓപ്പറേറ്റീവ്‌സ് (നാബ്‌കോ) ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി 19 ശതമാനം പേരാണ് വാടകനിരക്ക് വർധിച്ചത് നേരിട്ടത്. അടുത്ത ഒരു വർഷവും വാടകവർധന നേരിടാൻ പോകുന്നത് 67 ശതമാനം ഡബ്ലിൻ സ്വദേശികളാണ്. രാജ്യമെമ്പാടും വാടക നിരക്ക് ഉയർന്നുവെങ്കിലും അത് ഏറ്റവും മോശമായി ബാധിച്ചത് ഡബ്ലിനിൽ താമസിക്കുന്നവരെയാണ്. ഡബ്ലിനിലുള്ള 38 പേരും വിശ്വസിക്കുന്നത് തങ്ങൾക്ക് വാടകവീടുകൾ ഉടനെ നഷ്ടമാകുമെന്നാണ്. അതേസമയം രാജ്യവ്യാപകമായി 23 ശതമാനം പേർ മാത്രമാണ് ഇത്തരത്തിൽ ചിന്തിക്കുന്നത്. വാടകയ്ക്കു താമസിക്കുന്ന മൂന്നിൽ ഒരാൾക്ക് ശരിക്കുള്ള ലീസ് എഗ്രിമെന്റ് പോലുമില്ല. വാടകക്കാർ എന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മിക്കവർക്കും യാതൊരു ധാരണയുമില്ല.

തങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തോളം വാടകയിനത്തിൽ ആണ് മിക്കവരും ചെലവാക്കുന്നത്. ഡബ്ലിനിൽ ഇത് 35 ശതമാനമാണ്. 20,000 യൂറോയിൽ താഴെ വരുമാനമുള്ളവരാണ് തങ്ങൾക്ക് വീടു നഷ്ടപ്പെടുമെന്ന ഭയത്തിൽ കഴിയുന്നത്. ഇത് 45 ശതമാനത്തോളം വരും. ദേശീയ ശരാശരിയെക്കാൾ ഈ ഗ്രൂപ്പിൽ പെട്ടവർ തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും വാടകയിനത്തിലാണ് ചെലവാക്കുന്നത്.