കുവൈറ്റിലെ സർക്കാർ ടെന്ററുകളിൽ വിദേശ കമ്പനികൾക്ക് നേരിട്ട് പങ്കെടുക്കാൻ അനുമതി നല്കുന്നതടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുവൈറ്റിലെ പൊതു ടെൻഡർ നിയമത്തിൽ ഭേദഗതി വരുത്താൻ പാർലമെന്റ് അനുമതി നല്കി.

നിലവിൽ കുവൈത്തിലെ പ്രാദേശിക കമ്പനികളുമായി പങ്കാളിത്ത സംവിധാനത്തിൽ മാത്രമാണ് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ വിദേശകമ്പനികൾക്ക് അനുമതിയുള്ളത്. ഇതുകൊണ്ടുതന്നെ പല പ്രമുഖ വിദേശ കമ്പനികൾക്കും ടെൻഡറിൽ പങ്കെടുക്കുന്നതിന് കുവൈത്തിലെ കമ്പനികളുമായി പങ്കാളിത്ത സംവിധാനത്തിലേർപ്പെടേണ്ടിവന്നിരുന്നു.

വിദേശ കമ്പനികളെ സർക്കാർ ടെണ്ടറുകളിൽ നേരിട്ട് പങ്കെടുക്കാനും കരാർ സ്വന്തമാക്കാനും ഭേദഗതി അനുവദിക്കും. കുറഞ്ഞ തുകക്ക് ടെണ്ടർ നല്കിയ രണ്ടാമത്തെ കമ്പനിക്ക് കൂടുതൽ സാങ്കേതിക യോഗ്യതയുണ്ടെങ്കിൽ പ്രസ്തുത കമ്പനിയെ കരാർ എൽപിക്കാമെന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നിർമ്മാണ കമ്പനികൾക്കും മറ്റും ഭേദഗതി ഗുണം ചെയ്യുമെങ്കിലും പുതിയ സംവിധാനം കുവൈത്തിലെ കമ്പനികൾക്ക് തിരിച്ചടിയാണ്. രാജ്യത്തെ നിക്ഷേപ, വികസന പ്രവർത്തനങ്ങളിൽ ഗുണകരമായ മാറ്റത്തിനു നിയമ ഭേദഗതി കാരണമാവുമെന്ന വിലയിരുത്തലുമുണ്ട്.