ന്യൂഡൽഹി: കളത്തിൽ മാന്യതയുടെ പര്യായമായി മാറിയ സൂപ്പർ താരം സച്ചിൻ ടെൻഡുൽക്കർ നിയമവിരുദ്ധമായ പ്രവർത്തനത്തിനു കൂട്ടുനിൽക്കുമോ? സച്ചിൻ അത്തരത്തിൽ പെരുമാറിയെന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

നിയമവിരുദ്ധമായി പ്രവർത്തിച്ച ബിസിനസ് പങ്കാളിയുടെ താൽപര്യം സംരക്ഷിക്കാൻ സച്ചിൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെ സഹായം തേടിയതായാണു റിപ്പോർട്ട്. എന്നാൽ, ആരോപണം നിഷേധിച്ചു സച്ചിൻ രംഗത്തെത്തി.

സച്ചിന്റെ ബിസിനസ് പങ്കാളികളിലൊരാൾ മസൂറിയിലെ പ്രതിരോധ വകുപ്പിന്റെ ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടം പൊളിക്കാതിരിക്കാനാണ് സച്ചിൻ ഇടപെട്ടതെന്നാണു പത്രം റിപ്പോർട്ട് ചെയ്തത്. തന്റെ ബിസിനസ് പങ്കാളിയെ സംരക്ഷിക്കാനായി പരീക്കറിനെ കാണാൻ മാത്രം കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ട്രിപ്പ് റദ്ദാക്കി സച്ചിൻ എത്തിയതായി പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. സച്ചിന്റെ ബിസിനസ് പങ്കാളികളിലൊരാൾ മസൂറിയിൽ പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കയ്യേറി നിർമ്മിച്ച റിസോർട്ട് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് രാജ്യസഭാ എംപി കൂടിയായ സച്ചിൻ പ്രതിരോധവകുപ്പു മന്ത്രി മനോഹർ പരീക്കറിനെ സമീപ്പിച്ചത്. എന്നാൽ, നിയമവിരുദ്ധമായി നിയമിച്ച റിസോർട്ടാണെന്നതിനാൽ സച്ചിന്റെ ആവശ്യം പരീക്കർ നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സുഹൃത്തിനായി പ്രതിരോധ മന്ത്രിയെ കണ്ടിരുന്നെന്ന് സച്ചിൻ സമ്മതിച്ചു. എന്നാൽ, അതിൽ തനിക്ക് സാമ്പത്തിക താൽപര്യമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. മസൂറിയിലെ ലന്തോർ കന്റോൺമെന്റിലെ ഭൂമിയിൽ സച്ചിന് യാതൊരു സാമ്പത്തിക താൽപര്യവുമില്ലെന്നും സഞ്ജയ് നരങിന് വേണ്ടിയാണ് കൂടിക്കാഴ്‌ച്ച നടത്തിയതെന്നും സച്ചിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ലന്തോറിൽ നരങുമായി ബന്ധപ്പെട്ട ഭൂമി തർക്കത്തിൽ ഔദ്യോഗികമായി നൽകിയ കത്തിന് പിന്നാലെയാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. തർക്കത്തിൽ നിയമം പാലിക്കപ്പെടണമെന്ന നയമാണ് സച്ചിൻ സ്വീകരിച്ചതെന്നും എന്നാൽ എതിർ കക്ഷിയുടെ വാദം കേൾക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ആരുമായാണ് കൂടിക്കാഴ്‌ച്ച നടത്തിയതെന്ന് ഇതിൽ പറയുന്നില്ല. സഞ്ജയ് നരങ്ങുമായി സച്ചിന് യാതൊരു ബിസിനസ് പങ്കാളിത്തവുമില്ല. ലന്തോർ കന്റോൺമെന്റിൽ സാമ്പത്തിക താൽപര്യവുമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പ്രതിരോധ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) അധീനതയിലുള്ള 50 അടിയിലധികം സ്ഥലം റിസോർട്ട് നിർമ്മാണത്തിനിടെ കയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന് പ്രവർത്തനാനുമതി നിഷേധിച്ചത്. ഡിആർഡിഒയ്ക്ക് കീഴിലുള്ള അതീവരഹസ്യ സ്വഭാവമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് എന്ന സ്ഥാപനത്തിന് സമീപമാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ള പ്രദേശമാണിത്. ഇവിടെ ടെന്നിസ് കോർട്ട് നിർമ്മിക്കാനാണ് നരങ് അനുവാദം തേടിയതെന്നും ഇതിന്റെ മറവിൽ പിന്നീട് വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുകയായിരുന്നുവെന്നുമാണ് ആരോപണം. ലന്തോർ കന്റോൺമെന്റിലെ അനധികൃത നിർമ്മാണത്തിന്റെ പേരിൽ നേരത്തെയും വിവാദത്തിലിടം നേടിയ സ്ഥാപനമാണിത്.