കൊച്ചി: സരിതയെ ആദ്യം കണ്ടതു മുഖ്യമന്ത്രിയുടെ ഓഫീസിൽവച്ചെന്നു മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പൻ സോളാർ കമ്മിഷനിൽ മൊഴി നൽകി. സരിതയുമായി സംസാരിച്ചതു കുടുംബകാര്യങ്ങൾ മാത്രമാണെന്നും മറ്റു കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ജോപ്പൻ പറഞ്ഞു.

തന്റെ ഫോണിൽ സരിത മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല. താനും സരിതയും തമ്മിലുള്ള ബന്ധം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നും ജോപ്പൻ സോളാർ കമ്മീഷനിൽ മൊഴി നൽകി.

2011 മുതൽ സരിതയെ അറിയാം, സരിതയും ശ്രീധരൻ നായരും മുഖ്യമന്ത്രിയെ നേരിൽ കണ്ടതായി തനിക്കറിയില്ല. തന്റെ ഫോണിലാണ് മന്ത്രിമാരും എംഎ‍ൽഎമാരും മാദ്ധ്യമപ്രവർത്തകരും മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്. ഫോൺ കോളുകൾ ആദ്യം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നില്ല. പരാതികൾ ഉയർന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഫോണുകൾ കൈമാറിയതെന്നും ജോപ്പൻ മൊഴി നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൈമാറാനായി സരിത സെക്രട്ടേറിയേറ്റിലേയ്ക്കും വന്നിരുന്നുവെന്ന് ജോപ്പൻ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ജോപ്പന്റെ മൊഴിയെടുക്കൽ കമ്മിഷനിൽ തുടരുകയാണ്.