തിരുവനന്തപുരം: ധനമന്ത്രി മാണിയുടെ ബജറ്റ് അവതരണം സുഗമമാക്കാൻ സർക്കാർ ഒഴുക്കുന്നത് കോടികൾ. എല്ലാവിധ സുരക്ഷാ സംവിധാനവും ഒരുക്കിയിരിക്കുന്നു. എന്തും എപ്പോഴും സംഭവിക്കാം. എന്തിന് വേണ്ടിയാണ് ഇതൊക്കെയെന്ന് ആരും വിശദീകരിക്കുന്നുമില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും മോശമായ ബജറ്റ് അവതരണമാണ് നടക്കാൻ പോകുന്നത് എന്നാണ് വിലയിരുത്തലുകൾ. ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായി പ്രതിഷേധം മാറുമെന്ന് തന്നെയാണ് നിരീക്ഷണങ്ങൾ. എന്തുവന്നാലും സമരക്കാരെ നേരിടുമെന്ന് ഉറച്ച് തന്നെയാണ് സർക്കാരും.

അസാധാരണമായ സ്ഥിതിഗതികളുണ്ടായാൽ നിയമസഭാ വളപ്പിൽ പൊലീസിനെ പ്രവേശിപ്പിക്കുന്നതിന് ഡി.ജി.പിക്ക് സ്പീക്കറുടെ അനുമതി ലഭിച്ചതായി ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. നിയമസഭാ വളപ്പിനുള്ളിൽ ഷാഡോ പൊലീസിനെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിയമസഭാ മന്ദിരത്തിലേക്കുള്ള വീഥികളിൽ മൂന്നു നിരകളിൽ ബാരിക്കേഡുകളുയർത്തി സമരക്കാരെ തടയും. ബാരിക്കേഡ് തകർത്താൽ ശക്തമായി നേരിടാനാണ് പൊലീസിനുള്ള നിർദ്ദേശം.

നിറതോക്കുകളുമായി 13 കമ്പനി പൊലീസ്, ദ്രുതകർമ്മസേന, എ.കെ 47 തോക്കുകളുമായി കമാൻഡോകൾ, കലാപനിയന്ത്രണത്തിനുള്ള സേനാവിഭാഗം, ആയിരത്തോളം ഗ്രനേഡുകൾ, ഷെല്ലുകൾ, ജലപീരങ്കികൾ, അയ്യായിരത്തിലേറെ കണ്ണീർവാതക ഷെല്ലുകൾ. അങ്ങനെ എല്ലാവിധ സംവിധാനവും പൊലീസ് ഒരുക്കുന്നു. യുദ്ധസമാനമായ സാഹചര്യം ഒരുക്കൻ കോടികൾ തന്നെ സർക്കാർ ഒഴുക്കി. സഭയ്ക്ക് പുറത്ത് 2800 പൊലീസും സഭയ്ക്കുള്ളിൽ അറൂനൂറോളം വാച്ച് ആൻഡ് വാർഡും രണ്ട് കമ്പനി സായുധപൊലീസും ഒരുക്കുന്ന സുരക്ഷയിലാണ് മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുക. പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം നേരിട്ട് നിയന്ത്രിക്കുന്ന 'ഓപ്പറേഷൻ ബഡ്ജറ്റ്' എന്ന പൊലീസിന്റെ പ്രത്യേക ദൗത്യത്തിന് വെളുപ്പിന് മൂന്നുമണിയോടെ തുടക്കമായി.

നിയമസഭയ്ക്ക് ഒരുകിലോമീറ്റർ ചുറ്റിനുമുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. പാളയം, യൂണിവേഴ്‌സിറ്റി വഴിയുള്ള ഒരു റോഡ് സുരക്ഷിതപാതയായി ഒഴിച്ചിടും. പുലർച്ചെ ഒരുമണിയോടെ ഈ റോഡ് സായുധപൊലീസിന്റെ നിയന്ത്രണത്തിലായി. സാമാജികരെയും മാദ്ധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും നിയമസഭയിലേക്കെത്തിക്കുന്നത് ഇതുവഴിയാണ്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി പതിനൊന്നോടെ സേനാവിന്യാസം പൂർത്തിയാക്കി. 150 വനിതാ പൊലീസിനെയും നിയോഗിച്ചു.

നിയമസഭയ്ക്ക് ചുറ്റിലുമുള്ള മേഖലയെ അഞ്ച് സോണുകളായി തിരിച്ചാണ് സുരക്ഷാസംവിധാനങ്ങൾ. നിർണായക തീരുമാനങ്ങളെടുക്കാൻ എല്ലാ സോണിലും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മിഷണർമാരായ അജീതാബീഗം, അശോക്കുമാർ, എസ്‌പിമാരായ കെ.എസ്. വിമൽ, വർഗീസ്, ഷെഫീൻ അഹമ്മദ് എന്നിവർക്ക് ഈ സോണുകളുടെ ചുമതല കൈമാറി. ഇവർക്കുകീഴിൽ 19 ഡിവൈ.എസ്‌പിമാർ, 29സി.ഐമാർ, 127 എസ്.ഐമാർ എന്നിവരെ നിയോഗിച്ചു. ഓപ്പറേഷന്റെ നേതൃത്വം ഐ.ജി മനോജ് എബ്രഹാം, കമ്മിഷണർ എച്ച്. വെങ്കിടേശ് എന്നിവർക്കാണ്.

യുവമോർച്ചാ പ്രവർത്തകർ കടുത്തസമരത്തിന് തയ്യാറെടുക്കുന്നുവെന്ന ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്ന് മൂന്ന് സായുധ ബറ്റാലിയനെ ഇന്നലെ അധികമായി എത്തിച്ചു. നിയമസഭാ വളപ്പിൽ നിന്ന് സായുധപൊലീസ് കാവലിൽ പ്രത്യേക ആംബുലൻസ് വേ ക്രമീകരിച്ചു. മെഡിക്കൽകോളേജ് വരെ നീളുന്നതാണ് ഇത്.