ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ യാത്രക്കാർക്ക് പാസ്‌പോർട്ട് പരിശോധന മുൻകൂറായി നടത്താൻ സൗകര്യമൊരുങ്ങുന്നു. ടിക്കറ്റ് ബുക്കുചെയ്യുന്ന വേളയിൽ ത്തന്നെ പാസ്‌പോർട്ട് പരിശോധനപൂർത്തിയാക്കി യാത്രക്കാർക്ക് നേരിട്ട് അകത്തേക്ക് കടക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.

യാത്രക്കാരുടെ നീക്കം സുഗമമാക്കാനായിട്ടാണ് താമസ കുടിയേറ്റ വകുപ്പ് ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത്.പല പാശ്ചാത്യ രാജ്യങ്ങളിലും നിലവിലുള്ളതു പോലെ യാത്രക്കാരൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഇയാളെ സംബന്ധിച്ച എല്ലാ വിവരങ്ങളും വിമാനത്താവളത്തിൽ എത്തുന്ന സംവിധാനമാണ് നടപ്പാക്കുക. ഇതോടെ ചെക് ഇൻ ചെയ്ത യാത്രക്കാരന്? എമിഗ്രേഷൻ നടപടിക്രമങ്ങൾ കൂടാതെ തന്നെ വിമാനത്താനത്തിൽ കയറാൻ സാധിക്കും.

ടെർമിനൽ മൂന്ന് വഴി സർവീസ്‌നടത്തുന്ന ഏക വിമാനക്കമ്പനിയായ എമിറേറ്റ്‌സിലെ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ടെർമിനലിലെ പാസ്‌പോർട്ട് പരിശോധനാകൗണ്ടറുകൾ നീക്കംചെയ്യും. പാസ്‌പോർട്ട് പരിശോധനയ്ക്കായി ദീർഘനേരം വരിനിൽക്കുന്നതിൽനിന്ന് യാത്രക്കാർക്കും മോചനംലഭിക്കും. എന്നാൽ, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതു ണ്ടെന്ന് താമസ കുടിയേറ്റവിഭാഗം ജനറൽ ഡയറക്ടറേറ്റ് (ജി.ഡി.ആർ.എഫ്.എ.) ഉദ്യോഗസ്ഥൻ പറഞ്ഞു

പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകൾ ഒഴിവാക്കുമെങ്കിലും ഓഫിസർമാർ വിമാനത്താവളത്തിൽ സന്നിഹിതരായിരിക്കും. രാജ്യത്തിന് പുറത്തുപോകാൻ വിലക്കുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാൽ ഇവർ നടപടികൾ സ്വീകരിക്കും. ഇത്തരക്കാരെ തടഞ്ഞ് അധികൃതർക്ക് കൈമാറും.അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോ അടക്കമുള്ള വിമാനത്താവളങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. യാത്രക്കാർക്ക് ഏറ്റവും എളുപ്പത്തിൽ രാജ്യം വിട്ടുപോകാനും വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും സംവിധാനം സഹായിക്കും.

എമിഗ്രേഷൻ കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ടെർമിനൽ ഒന്നിലും രണ്ടിലും നൂറിലധികം ഇഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ടെർമിനൽ മൂന്നിലെ സ്മാർട്ട് ഗേറ്റിലൂടെ യാത്രക്കാർക്ക് 10 മുതൽ 15 സെക്കൻഡിനകം പുറത്തിറങ്ങാം. പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐ.ഡി, സ്മാർട്ട് ഗേറ്റ് കാർഡ്, സ്മാർട്ട് ഫോൺ ആപ്‌ളിക്കേഷൻ എന്നിവ ഇതിനായി ഉപയോഗിക്കാം.