സായുധരായ ഭീകരർ നഗരത്തിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ലണ്ടനിൽ സുരക്ഷാ പരിശോധന കർശനമാക്കി. ബോംബാക്രമണശ്രമവും കത്തിയുപയോഗിച്ചുള്ള ആക്രമണശ്രമവും മണിക്കൂറുകൾക്കിടെ വിഫലമാക്കിയ സുരക്ഷാ സേന, കൂടുതൽ ആക്രമണങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ്.

നോർത്ത് ലണ്ടനിൽ നടത്തിയ പരിശോധനയിലാണ് ബോംബാക്രമണത്തിന് പദ്ധതിയിടുകയായിരുന്ന ഭീകരസംഘത്തിൽപ്പെട്ട യുവതിയെ പൊലീസ് പിടികൂടിയത്. ഇവർക്ക് വെടിയേൽക്കുകയും ചെയ്തു. വൈറ്റ്ഹാളിൽ കത്തിയുപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിട്ടയാളെയും പൊലീസ് കീഴ്‌പ്പെടുത്തിയിരുന്നു. ഡൗണിങ് സ്ട്രീറ്റിൽനിന്ന് വിളിപ്പാടകലെയാണ് ഈ സംഭവം.

ആക്രമണങ്ങൾക്ക് പദ്ധതിയിട്ട് നൂറുകണക്കിനുപേർ നഗരത്തിലെത്തിയിട്ടുണ്ടെന്ന് രഹസ്യന്വേഷണവിഭാഗത്തിന് സൂചന കിട്ടിയതിനെത്തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ഭീകരരെ നേരിടുന്നതിനുവേണ്ടി രണ്ടുവർഷമായി തുടരുന്ന പരിശോധനയുടെ ഭാഗമാണിതെന്ന് മെറ്റ് പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണൽ നീൽ ബസു പറഞ്ഞു. എന്നാൽ, ആക്രമണ സാധ്യത മുൻകൂട്ടിക്കണ്ടാണ് നടപടിയെന്നാണ് സൂചന.

വിൽസ്ഡൻ ഗാർഡനിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് 20-കാരിയായ യുവതിക്ക് വെടിയേറ്റത്. റെയ്ഡിൽ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. ബോംബാക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് സൂചന.

ഐസിസിൽചേരുന്നതിനായി 2015-ൽ സിറിയയിലേക്ക് പോകവെ, ഇസ്താംബുൾ വിമാനത്താവളത്തിൽവെച്ച് പിടിക്കപ്പെട്ട മുഹമ്മദ് അമൗദിയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. രക്ഷിതാക്കൾ നൽകിയ വിവരമനുസരിച്ചാണ് അമൗദിയെ അന്ന് പിടികൂടിയത്. എന്നാൽ, ഇയാളെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയുംമറ്റും തീവ്രവാദ സ്വഭാവമുള്ള പ്രചാരണങ്ങൾ നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.

യെമൻ സ്വദേശിയായ ഇയാൾ, കാപ്പിറ്റൽ സിറ്റി അക്കാദമിയിലാണ് പഠിച്ചിരുന്നത്. ട്വിറ്ററിൽ അബു ഉമർ അൽ-ഹദ്രാമി എന്ന പേരിലാണ് അക്കൗണ്ടുണ്ടായിരുന്നത്. മുസ്ലീങ്ങളല്ലാത്തവർ അവിശ്വാസികളാണെന്നും ഇയാൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു.

അതിനിടെ, സംശയത്തിന്റെ പേരിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നതായും ആരോപണമുണ്ട്. ബുർക്കയണിഞ്ഞ യുവതിയെ ബസ്സിൽനിന്ന് വലിച്ചിറക്കി പൊലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് വിവാദമാകുന്നത്. എന്നാൽ, വിൽസ്ഡൺ ഗാർഡനിലെ വീട്ടിൽനടത്തിയ റെയ്ഡിന്റെ ഭാഗമായാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വൃത്തങ്ങൾ സൂചിപ്പിച്ചു.

യുവതിയെ അഞ്ചംഗ സുരക്ഷാ ഉദ്യോഗസ്ഥർ ബസ്സിൽനിന്ന് വലിച്ചിറക്കി അടുത്തുള്ള കടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് അവരുടെ ശിരോവസ്ത്രം ഉയർത്തി മുഖം തിരിച്ചറിയുകയും ബാഗുകൾ പരിശോധിക്കുകയും ചെയ്തു. 20-കാരിയായ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വ്യക്തമാക്കി.