വാഷിങ്ടൺ: ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാക് പിന്തുണയുള്ള ഭീകര സംഘങ്ങളാണെന്ന് അമേരിക്ക. ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം വർധിപ്പിക്കുമെന്നും യു.എസ് ഇന്റലിജൻസ് മേധാവി ഡാൻ കോട്ട്സ് വിശദീകരിച്ചു.

പുതിയ ആണ്വായുധ പരീക്ഷണങ്ങളിലൂടെയും തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം തുടർന്നും ഭീകര വിരുദ്ധ പോരാട്ടങ്ങളെ നിയന്ത്രിച്ചും ചൈനയുമായി അടുപ്പം പുലർത്തിയും പാക്കിസ്ഥാൻ നിരന്തരം അമേരിക്കയുടെ താൽപര്യങ്ങളെ ഹനിക്കുകയാണ്. സെനറ്റിന്റെ ഇന്റലിജൻസ് സെലക്ട് കമ്മിറ്റിക്കു മുമ്പാകെയാണ് ഡാൻ കോട്ട്സിന്റെ വെളിപ്പെടുത്തൽ.

ഇസ്ലാമാബാദിന്റെ പിന്തുണ ലഭിക്കുന്ന ഭീകര സംഘടനകൾ പാക്കിസ്ഥാനെ അവരുടെ സുരക്ഷിത താവളമാക്കി ഇന്ത്യയും അഫ്ഗാനിസ്താനും അടക്കമുള്ള അയൽരാജ്യങ്ങൾ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുന്നു. യു.എസിന്റെ താൽപര്യത്തിനും എതിരാണിത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു തീവ്രവാദ സംഘടനയുടെയും പേര് കോട്ട്സ് പറഞ്ഞില്ലെങ്കിലും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം അവ ശിഥിലമാക്കുന്നുവെന്നും കോട്ട്സ് സെനറ്റിലെ 'വേൾഡ്വൈഡ് ത്രെഡ് അസസ്സ്മെന്റ്' സെമിനാറിൽ പറഞ്ഞു.

പാക്കിസ്ഥാനിൽ നിന്നുള്ള ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സഞ്ജ്വാൻ സൈനിക ക്യാംപ് ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പരാമർശം.