ജയ്പുർ: ഭീകരാക്രമണത്തിനും ദേശദ്രോഹ പ്രവർത്തനങ്ങൾക്കും സാധ്യതയുണ്ടെന്ന ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് രാജസ്ഥാനിൽ സുരക്ഷ ശക്തമാക്കി. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞയും കർഫ്യൂവും ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രികാലങ്ങളിൽ അതിർത്തിഗ്രാമങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനും യാത്രകൾക്കും ബാൻഡ് വാദ്യത്തിനും ഉൾപ്പെടെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അടിയന്തിരമായി പ്രാബല്യത്തിൽ വന്നതായും സെപ്റ്റംബർ 11 വരെ നിലനിൽക്കുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

 

ഇന്ത്യ- പാക് അതിർത്തിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും ശ്രീഗംഗാനഗർ, കരൺപുർ, റായ്‌സിങ് നഗർ, അനുപ്ഗർ, ഘർസാന എന്നിവിടങ്ങളിലും സെപ്റ്റംബർ 11 വരെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി. നുഴഞ്ഞു കയറ്റക്കാരും ദേശദ്രോഹ പ്രവർത്തകരും രാജസ്ഥാൻ അതിർത്തിക്കു സമീപം ഭീകരാക്രമണത്തിന് ശ്രമം നടത്തുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതായി ശ്രീഗംഗാനഗർ ജില്ലാ മജിസ്ട്രേറ്റ് സക്കീർ ഹുസൈൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കർശന നിയന്ത്രണങ്ങൾ.

വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെ യാത്രകൾ അനുവദിക്കില്ല. ഈ സമയങ്ങളിൽ പടക്കം പൊട്ടിക്കുന്നതും ബാൻഡ് മേളങ്ങളും നിരോധിച്ചു. കൃഷിപ്പണി നടത്താൻ കർഷകർ അതിർത്തി പോസ്റ്റ് ഓഫീസുകളിൽ നിന്നോ ജില്ലാ അധികാരികളിൽ നിന്നോ സൈനികരിൽ നിന്നോ മുൻകൂർ അനുമതി വാങ്ങണം. സംസ്ഥാന - കേന്ദ്ര സർക്കാർ ജോലിക്കാർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

യുപിയിൽ കഴിഞ്ഞ ദിവസം രണ്ട് അൽ ഖ്വായ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിഹാർ പൊലീസും സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ അതിർത്തിമേഖലകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉൾപ്പെടെയാണ് ബിഹാർ ജാഗ്രതാ നിർദ്ദേശം നൽകിയത്.