ലണ്ടൻ: പാഴ്‌സൺസ് ഗ്രീനിലുള്ള തുരങ്കപാതയിൽവെച്ച് ട്യൂബ് ട്രെയിനിലുണ്ടായ ബക്കറ്റ് ബോംബ് സ്‌ഫോടനം വരാനിരിക്കുന്ന വലിയ ആക്രമണങ്ങളുടെ സൂചനയാണോ? ഇന്നലെ രാവിലെ 8.20 -ഓടെ നടന്ന സ്‌ഫോടനത്തിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും ഇതൊരു ശക്തമായ സൂചനയായി കാണാനാണ് പൊലീസും സുരക്ഷാ വിഭാഗങ്ങളും ശ്രമിക്കുന്നത്. ചെറിയ സ്‌ഫോടനം മറ്റേതോ വലിയ ആക്രമണത്തിന്റെ മുന്നോടിയാണെന്നും ട്യൂബിലെ സുരക്ഷാ സംവിധാനങ്ങൾ അളക്കാനുള്ള പരീക്ഷണം ആയിരിന്നിരിക്കാം ഇതെന്നുമാണ് വിലയിരുത്തുന്നത്.

സ്‌ഫോടനത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ, അത്തരം അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ലണ്ടനിലെ തെരുവുകളിലെങ്ങും സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷാച്ചുമതല പൊലീസിൽനിന്ന് സൈന്യം ഏറ്റെടുത്തു. പാഴ്‌സൺസ് ഗ്രീനിൽ സ്‌ഫോടനമുണ്ടാക്കിയ ഭീകരനെ ഉടൻതന്നെ അറസ്റ്റ് ചെയ്യാനാകാകുമെന്നാണ് പ്രധാനമന്ത്രി തെരേസ മേ പറയുന്നത്.

സ്‌ഫോടനത്തെത്തുടർന്ന് ഏൾസ് കോർട്ടിനും വിബിംൾഡനും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. പൊട്ടിത്തെറിയുണ്ടായ സ്റ്റേഷൻ ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്. ഈ വർഷം ഇത് അഞ്ചാം തവണയാണ് ബ്രിട്ടനിൽ തീവ്രവാദി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ലണ്ടൻ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനവും ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി. അടിക്കടിയുണ്ടാവുന്ന തീവ്രവാദി ആക്രമണങ്ങളെ തുടർന്ന് ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളിലേയും ജനങ്ങൾ തികഞ്ഞ ഭീതിയോടെയാണ് കഴിയുന്നത്.

അക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ ഏറ്റെടുത്തിട്ടുണ്ട്. സംഘടനാംഗങ്ങളാണ് ട്യൂബിൽ സ്‌ഫോടനം നടത്തിയതെന്നും ഭീകരർ വ്യക്തമാക്കി. സംഭവത്തിൽ 29 പേർക്കാണ് പരിക്കേറ്റത്. അധികം പേർക്കും സ്‌ഫോടനത്തെ തുടർന്നുണ്ടായ അഗ്നിബാധയിൽ പൊള്ളലേൽക്കുകയായിരുന്നു. സിറിയയിലും മറ്റും പരിശീലനം നേടിയ അനേകം ഭീകരർ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സമാനമായ ഭീഷണി നിലനിൽക്കുന്നുണ്ട്. ഒറ്റയ്ക്ക് ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയെന്ന രീതിയാണ് ഇവർ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തിരക്കിനിടയിലേക്ക് വാഹനങ്ങളോടിച്ചു കയറ്റുക, കത്തിയുപയോഗിച്ച് വഴിയിൽക്കാണുന്നവരെയൊക്കെ കുത്തി വീഴ്‌ത്തുക തുടങ്ങിയ ആക്രണമങ്ങൾ അതിനുദാഹരണങ്ങളാണ്.

എന്നാൽ, ഇത്തരം തീവ്രവാദികളെ കുടുക്കുക എന്ന ലക്ഷ്യത്തിൽത്തന്നെയാണ് ബ്രിട്ടീഷ് പൊലീസും സൈന്യവും നീങ്ങുന്നത്. ഓപ്പറേഷൻ എംപററർ എന്ന അന്വേഷണത്തിലൂടെ ട്യൂബ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ന്യൂക്ലിയർ സ്റ്റേഷനുകളുൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ പൊലീസിൽനിന്ന് സൈന്യം ഏറ്റെടുത്തത് മുഴുവൻ സമയ നിരീക്ഷണത്തിലൂടെ ഒരു പഴുതുപോലും ശേഷിക്കാതെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.

ബക്കറ്റ് ബോംബ് സ്ഥാപിച്ച പ്രതിയെ കണ്ടെത്തുന്നതിൽ ഏറെ മുന്നേറിക്കഴിഞ്ഞതായി സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഒന്നിലേറെപ്പേരുണ്ടാകാമെന്ന് അസിസ്റ്റന്റ് കമ്മിഷണർ മാർക്ക് റോലി അഭിപ്രായപ്പെട്ടിരുന്നു. തീവ്രവാദികൾക്കു പിന്നാലെതന്നെയുണ്ട് പൊലീസെന്നും അവർക്ക് രക്ഷപ്പെടാനാവില്ലെന്നും സ്‌കോട്ട്‌ലൻഡ് യാർഡ് വ്യക്തമാക്കി. മറ്റൊരാക്രമണം ഏതുനിമിഷവും ഉണ്ടായേക്കാവുന്ന തരത്തിൽ ബ്രിട്ടനിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി തെരേസ മേ നടത്തിയ പ്രസ്താവനയിൽ പറയുന്നു. രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണി ഏറ്റവും ഗുരുതരമായ നിലയിലാണെന്ന് ജോയറ്റ് ടെററിസം അനാലിസിസ് സെന്റർ വിലയിരുത്തിയതായും അതു നേരിടുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചു തുടങ്ങിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ട്യൂബിൽ സ്‌ഫോടനമുണ്ടാക്കിയ ഭീകരനെ പിടികൂടുന്നതിൽ പൊലീസ് കുറേക്കൂടി ജാഗ്രത കാണിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും തുടർന്നുണ്ടായി. പൊലീസ് അവധാനതയോടെയാണ് പെരുമാറുന്നതെന്നായിരുന്നു ട്രംപിന്റെ വിലയിരുത്തൽ. സ്‌ഫോടനം നടക്കുമെന്ന സൂചന സ്‌കോട്ട്‌ലൻഡ് യാർഡിനുണ്ടായിരുന്നുവെന്നും അക്രമിയെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണയുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഈ നിരീക്ഷണത്തെ പൊലീസ് തള്ളി. അതു വെറും അഭ്യൂഹം മാത്രമാണെന്നും പൊലീസ് ഏതുനിമിഷവും അക്രമിയെ പിടികൂടുമെന്നും സ്‌കോട്ട്‌ലൻഡ് യാർഡ് വ്യക്തമാക്കി.

2005ൽ ട്യൂബ് ട്രയിനിലും ബസിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 52പേർ മരിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിനു വെളിയിൽ ഒരു പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ അക്രമി വഴിയാത്രക്കാരായ എട്ടുപേർക്കു മേലേ കാർ കയറ്റി കൊലപ്പെടുത്തിയിരുന്നു. മേയിൽ മാഞ്ചസ്റ്ററിൽ 22പേർ ആത്മഹത്യാബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ജൂണിൽ വടക്കൻ പ്രവിശ്യയിൽ മുസ്ലിം മതവിശ്വാസികളുടെ മേൽ വാൻ ഓടിച്ച് കയറ്റിയതിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് ഇക്കൊല്ലമാണ്. നിരവധി ഊർജ്ജിത പരിശോധനകളും ബന്ധപ്പെട്ടവർ സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടന്റെ ഉയർന്ന ഭീകരവിരുദ്ധ സ്‌ക്വാഡ ്ഓഫീസർ മാർക്ക് റൗളിയുടെ നേതൃത്വത്തിലാണ് നടപടികൾ.