പാരീസ്: ഫ്രാൻസിലും, കാനഡയിലുമുണ്ടായ കത്തിയാക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം. ഫ്രാൻസിലെ മാർസില്ലെ സെന്റ് ചാൾസ് റയിൽവെ സ്റ്റേഷനിലാണ് ആക്രമണം നടന്നത്. മരിച്ച രണ്ടു പേരും സ്ത്രീകളാണ്. തീവ്രവാദി ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു.

കാനഡയിലെ എഡ്മണ്ടൻ സിറ്റിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് നേരയാണ് കത്തിയാക്രമണം. പൊലീസുകാരനടക്കം അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്.അമിതവേഗത്തിൽ എത്തിയ കാറിൽ നിന്നും ഒരാൾ ഉദ്യോഗസ്ഥന് നേരെ കത്തി വീശുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. കനേഡിയൻ ഫുട്‌ബോൾ ലീഗ് മത്സരത്തിനിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം ഉണ്ടായത്. 

അതേസമയം ആൽബെർട്ട മേഖലയിൽ കാൽ നടയാത്രക്കാർക്ക് നേരെ വാൻ ഇടിച്ചു കയറ്റിയ ആക്രമണവും ഉണ്ടായി. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവം തീവ്രവാദി ആക്രമണമാണോ എന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസുദ്യോഗസ്ഥന് നേരെ കത്തിയാക്രമണം ഉണ്ടായതിന് തൊട്ടു പിന്നാലെയാണ് സമീപത്ത് കാൽനട യാത്രക്കാർക്കിടയിലേക്ക് വാൻ ഓടിച്ചു കയറ്റിയത്. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.വാൻ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി. കാറിൽ നിന്നും ഐഎസിസ് പതാക ലഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.