ന്യൂയോർക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഭീകരാക്രമണം. അമേരിക്കയിലെ മാൻഹട്ടലിനെ നടുക്കിയാണ് ഇത്തവണ ഭീകരാക്രമണം അരങ്ങേറിയത്. മാൻഹട്ടനിലെ വെസ്റ്റ് സൈഡ് ഹൈവേയിൽ കാൽനടക്കാർക്കും സൈക്കിൾയാത്രികർക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയാണ് ആക്രമണം ഉണ്ടായത്. അല്ലാഹു അക്‌ബർ മുദ്രാവാക്യം മുഴക്കി ഇയാൾ ആൾക്കൂട്ടത്തിന് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ എട്ട്
പേർ കൊല്ലപ്പെടുകയും പതിനഞ്ചോളം പേർക്കു പരുക്കേൾക്കുകയും ചെയത്ു.

പ്രാദേശികസമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അക്രമിയെ പൊലീസ് വെടിവച്ചിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. വാഹനം ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ ഇയാൾ അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. ഇയാളുടെ കയ്യിൽനിന്നു രണ്ടു തോക്കുകൾ കണ്ടെടുത്തു. അപകടത്തിൽ മരിച്ചവരിൽ ഏറെയും സൈക്കളിൽ യാത്രചെയ്തവരാണ്.

വാടകയ്‌ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിൾപാതയിലേക്കു വാഹനമോടിച്ചു കയറ്റുകയായിരുന്നു. സൈക്കിളുകൾ ഇടിച്ചു തെറിപ്പിച്ച വാൻ ഒരു സ്‌കൂൾ ബസിലും ഇടിച്ചു. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

2010ൽ അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഓഹിയോയിലേക്ക് കുടിയേറി പാർത്ത വ്യക്തിയാണ് സെയ്ഫുള്ള. ഇയാൾ പിന്നീട് ന്യൂജേഴ്‌സിയിലേക്ക് താമസം മാറുകയായിരുന്നു. രണ്ട് ട്രക്കിങ് കമ്പനി ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ ഊബർ ഡ്രൈവറായും ഇയാൾ ജോലി നോക്കിയിരുന്നു.

അതേസമയം ഭീകരവാദിയാണ് സെയ്ഫുള്ള എന്ന് അറിയില്ലായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. അടുപ്പക്കാരോട് വളരെ സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയാണ് സെയ്ഫുള്ളയെന്നും ഒരാൾ പറഞ്ഞു. ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടത്തിയതിന് പിന്നിൽ ഐസിസ് ബന്ധമാണെന്ന് സംശയിക്കുന്നുണ്ട്. ഐഎസ് പതാകയും ലേഖനങ്ങളും ഇയാൾ ഓടിച്ചിരുന്ന ട്രക്കിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാടകക്കെടുത്ത ട്രക്കിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം അക്രമണത്തെ അമേരിക്കൻ നേതാക്കൾ ശക്തമായി അപലപിച്ചു. അമേരിക്കയിലെ ഐസിസിന്റെ വേരുകൾ അറുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഐസിസിനെ യുഎസ് മണ്ണിൽ നിന്നും തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഉസ്‌ബെക്കിസ്ഥാൻ ഉൾപ്പെട്ടിരുന്നില്ല.