മ്യൂണിക്ക്: ജർമനി പുതുവർഷം ആഘോഷിച്ചത് ഭീകരാക്രമണ ഭീഷണികൾക്കിടയിൽ. ഭീകരാക്രമണ ഭീഷണി ശക്തമായി നിലനിന്നിരുന്നതിനാൽ വൻ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയാണ് പുതുവർഷം ആഘോഷിച്ചത്. ഇന്റലിജൻസ് സർവീസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതുവർഷപ്പിറവിക്ക് അരമണിക്കൂർ മുമ്പു തന്നെ മ്യൂണിക്കിലെ രണ്ട് ട്രെയിൻ സ്റ്റേഷനുകൾ പൊലീസ് അടയ്ക്കുകയും ചെയ്തു.

ജർമൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാക്രമീകരണങ്ങൾ യൂറോപ്പിലെ മറ്റു രാജ്യങ്ങൾക്കും ഭീതി സൃഷ്ടിച്ചിരുന്നു. മ്യൂണിക്ക് സെൻട്രൽ സ്റ്റേഷനിലും പേസിങ് സ്റ്റേഷനിലും അർധരാത്രി ഭീകരർ ആക്രമിക്കുമെന്നാണ് ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫീസിന് ലഭിച്ച വിവരം. അഞ്ചു മുതൽ ഏഴു വരെ സ്യൂസിസൈഡ് ബോംബേഴ്‌സ് ഉൾപ്പെട്ട ടീമാണ് ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് പൊലീസ് ലഭിച്ച വിവരം. തുടർന്ന് എങ്ങും സുരക്ഷ ശക്തമാക്കുകയായിരുന്നു.

ബവേറിയൻ അതിർത്തിയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാൽ ഭീകരാക്രമണ ഭീഷണിയൊന്നും ആഘോഷങ്ങളുടെ മാറ്റു കുറച്ചില്ല. ജനങ്ങൾ ആവേശപൂർവം തന്നെ പുതുവർഷത്തെ വരവേറ്റു. പുലർച്ചയായിട്ടും ബവേറിയൻ നഗരത്തിലെ ആഘോഷങ്ങളുടെ ആവേശം കെട്ടടങ്ങിയിട്ടില്ലായിരുന്നു. വലിയ ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മറ്റും പൊലീസ് നേരത്തെ നിർദ്ദേശം നൽയിട്ടുണ്ടായിരുന്നു.