രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം കൂടിവരുന്നു.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 11 പേരെയാണ് രാജ്യത്ത് പിടികൂടിയത്. ഇതിനോടകം ഭീകരവാദ പ്രവർത്തനത്തിന്റെ പേരിൽ സൗദിയിൽ 500 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷമാണ് ഇത്രയും പേരെ നാടുകടത്തിയത്. കോടതി വിധി പ്രാകാരം നാടുകടത്തലിനു വിധിക്കപ്പെട്ടവരിൽ 63 ശതമാനവും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടവരാണന്ന് സൗദി നീതി ന്യായ മന്ത്രാലയ വ്യക്താവ് മൻസൂര് അൽഖഫാരി പറഞ്ഞു.

നാടുകടത്തപ്പെട്ടവർ അൽഖായിദ, ഹൂഥി, അൽഇഖ്‌വാൻ തുടങ്ങിയ സംഘടനകളെ പിന്തുണക്കുന്നവരാണ്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യുന്നതിനായി എട്ടുവർഷം വർഷം മുമ്പാണ് സൗദിയിൽ പ്രത്യേക കോടതി സ്ഥാപിച്ചത്. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 5,176 പേരാണ് സൗദിയിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ഇവരിൽ 4,333 സ്വദേശികളും 833 വിദേശികളുമാണ്.

ഇതിനിടെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ ഭീകരരെന്ന് സംശയിക്കുന്നവരുടെ എണ്ണം 5176 ആയി. ഇതിൽ 4343 പേർ സൗദികളും 47 പേർ യെമനികളുമാണ്. 12 തടവുകാർ ഇറാനികളാണ്. ഇവരിൽ ഒമ്പത് പേരെ ജൂണിലാണ് അറസ്റ്റ് ചെയ്തത്. ഇതിലൊരാളെ നേരത്തെ തന്നെ ശിക്ഷിച്ച് കഴിഞ്ഞു. മറ്റുള്ളവർ വിചാരണ നേരിടുകയാണ്.

ഈമാസം ആദ്യം പതിനാല് പേരെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 224 പേരെ ഭീകരകുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ഭീകരാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സുരക്ഷാ സേന കർശന പരിശോധനകൾ തുടരുകയാണ്.