- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര അതിർത്തിക്ക് അടുത്ത് തുരങ്കത്തിന്റെ അറ്റം കാണാൻ ബിഎസ്എഫ് കടന്നുകയറിയത് പാക്കിസ്ഥാന്റെ 200 മീറ്റർ ഉള്ളിലേക്ക്; 150 മീറ്റർ നീളമുള്ള ടണൽ നിർമ്മിച്ചത് നഗ്രോട്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ; മഞ്ഞുകാലത്തെ നുഴഞ്ഞുകയറ്റം പാക് ഏജൻസികൾ പതിവാക്കിയതോടെ സൈന്യത്തിന് മാതൃകയാക്കാവുന്നത് ഇസ്രയേൽ മോഡൽ ഓപ്പറേഷൻ നോർത്ത് ഷീൽഡ്
ശ്രീനഗർ: മഞ്ഞുകാലം വരവായതോടെ പതിയിരിക്കുന്ന ശത്രു നുഴഞ്ഞുകയറ്റത്തിന് തക്കം പാർത്തിരിക്കുകയാണ്. ഭീകരവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ നുഴഞ്ഞേുകയറാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പാക് ഏജൻസികളും, ഭീകരവാദികളും. ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-തോയ്ബ (എൽഇടി) എന്നി സംഘടനകളുടെ പരിശീലനം ലഭിച്ച തീവ്രവാദികളെ നിയന്ത്രണ രേഖയിലൂടെയും നിയന്ത്രണ അതിർത്തിയിലൂടെയും ഇന്ത്യയിലേക്ക് കടത്തിവിടാൻ പാക്കിസ്ഥാൻ തീവ്രശ്രമം നടത്തുകയാണ്. നുഴഞ്ഞുകയറ്റത്തിന് പാക്കിസ്ഥാൻ ഏജൻസികളുടെ പിന്തുണയോടെ തീവ്രവാദികൾ നിർമ്മിച്ച നിരവധി ടണലുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ജമ്മു കശ്മീരിലെ നാഗ്രോട്ടയിൽ സുരക്ഷാ സേന 150 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഇവിടെ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരവാദികൾ ഈ തുരങ്കം ഉപയോഗിച്ചിരിക്കാമെന്ന് സേന സംശയിക്കുന്നു.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ടണൽ കണ്ടെത്തിയത്. ബിഎസ്എഫും കശ്മീർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് തുരങ്കം കണ്ടെത്തിയത്. മണൽച്ചാക്കുകളും ചെടികളും കൊണ്ട് അടച്ചനിലയിലായിരുന്നു തുരങ്കം. ഈ തുരങ്കം കണ്ടെത്തിയ സുരക്ഷാസൈനികർ പാക്കിസ്ഥാന്റെ ഉള്ളിലേക്ക് 200 മീറ്റർ വരെ കടന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഈ തുരങ്കത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ് വരെ സൈനികർ കടന്നുചെന്നു. ബിഎസ്എഫ് ഡിജി രാകേഷ് അസ്താനയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 22 ന് സാംബ മേഖലയിലാാണ് തുരങ്കം കണ്ടെത്തിയത്. നാഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംശയകരമായ സാഹചര്യത്തിൽ ഒരു ട്രക്ക് കണ്ടു എന്ന വിവരത്തിന് പിന്നാലെയാണ് സിആർപിഎഫും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും കശ്മീർ പൊലീസും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. നാഗ്രോട്ട ടോൾ പ്ലാസയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്ന് കിട്ടിയ മൊബൈലുകൾ പരിശോധിച്ചപ്പോഴാണ് തുരങ്കത്തിന്റെ സൂചനകൾ കിട്ടിയത്. ഇതൊരു പുതിയ തുരങ്കമാണെന്നാണ് ബിഎസ്എഫ് വിലയിരുത്തൽ. ഇവരെ ഹൈവേ വരെ എത്തിക്കാൻ ഒരു ഗൈഡും ഒപ്പമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു.
തുരങ്കത്തിന് പുറത്തുകടക്കുന്ന ഭാഗം വളരെ സൂക്ഷ്മതയോടെ മണ്ണും, കുറ്റിച്ചെടികളും ഉപയോഗിച്ച് മറച്ചിരുന്നു. തുരങ്കത്തിന്റെ മുഖത്ത് മണൽ ചാക്കുകൾ അടുക്കിയിരുന്നു. ഈ മണൽ ചാക്കുകളിൽ കറാച്ചി, പാക്കിസ്ഥാൻ എന്ന് രേഖപ്പെടുത്തിയിരുന്നു. തികഞ്ഞ എഞ്ചിനീയറിങ് വൈദഗ്ധ്യത്തോടെയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നതെന്നും ബിഎസ്എഫ് ഡിജി പറഞ്ഞു.
ഇസ്രയേലിൽ നിന്നും പാഠങ്ങൾ പഠിക്കാം
ജിഹാദികളെ കടത്തിവിടാൻ പാക്കിസ്ഥാൻ തുരങ്ക നിർമ്മാണം പതിവാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഇസ്രയേൽ സൈന്യത്തിന്റെ ഉദാഹണം ശ്രദ്ധേയമാണ്. പതിറ്റാണ്ടുകളായി തുരങ്കം വഴി കടന്നുവരുന്ന നുഴഞ്ഞുകയറ്റക്കാരെ ഇസ്രയേൽ നേരിടുന്നു. ഹമാസും, ഹിസ്ബുള്ളയും ഉപയോഗിക്കുന്ന എത്രയെത്രെ ടണലുകളാണ് ഇസ്രയേൽ പ്രതിരോധ സേന തകർത്തിട്ടുള്ളത്.
സാംബ മേഖലയിൽ, അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 80 മീറ്റർ മാത്രം അകലെ ഒരുടണൽ 2016 ൽ കണ്ടെത്തിയിരുന്നു. ഈ ടണൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനായി ഉപയോഗിച്ചതായിരുന്നു. അന്താരാഷ്ട്ര അതിർത്തിയിലും, സാംബയിലും രജൗറിയിലുമെല്ലാം, ഇത്തരത്തിൽ കൂടുതൽ തുരങ്കങ്ങൾ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ, ബിഎസ്എഫ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക വിദഗ്ധരെ തന്നെ നിയോഗിച്ചു.
സാംബയിൽ കണ്ടെത്തിയ ടണലിന്റെ രൂപകല്പന പരിശോധിച്ച വിദഗ്ധരുടെ അഭിപ്രായപ്രകാരം, അത് നിർമ്മിച്ചത് പാക്കിസ്ഥാനിലെ സൈനിക എഞ്ചിനീയർമാരാണ്. തുരങ്ക നിർമ്മാണം പാക്കിസ്ഥാന്റെ ഒരുപുതിയ തന്ത്രമെന്ന നിലയ്ക്ക് കൂടുതൽ ശ്രദ്ധിക്കാനാണ് സുരക്ഷാ സൈനികരുടെ തീരുമാനം.
ഇക്കാര്യത്തിൽ ഇസ്രയേലിനെ ഇന്ത്യൻ സൈന്യത്തിന് മാതൃകയാക്കാവുന്നതാണ്. ഹമാസിനേക്കാളേറെ ഹിസ്ബുള്ളയുടെ വലിപ്പവും സൗകര്യങ്ങളും ഏറെയുമുള്ള തുരങ്കങ്ങളാണ് ഇപ്പോൾ ഇസ്രയേലി സേനയുടെ ഫോക്കസ്. ഇതിൽ ഒരുടണലിന് ഏറെ സവിശേഷതകൾ ഉണ്ടായിരുന്നു. ഒരുലെബനീസിന് വീട്ടിൽ നിന്ന് ആരംഭിക്കുന്ന തുരങ്കത്തിന് 200 മീറ്റർ നീളമുണ്ടായിരുന്നു. ഇസ്രയേലി മേഖലയുടെ 40 മീറ്റർ അകത്തേക്കായിരുന്നു ഈ തുരങ്കം.
ഓപ്പറേഷൻ നോർത്ത് ഷീൽഡ് എന്ന പേരിലുള്ള പ്രത്യേക നീക്കം വഴി നിരവധി ലൊക്കേഷനുകളിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. പിന്നീട് 80 മീറ്റർ ആഴവും, 1 കിലോമീറ്റർ നീളവും, ഇസ്രയേലി മേഖലയിലേക്ക് 77 മീറ്റർ കടക്കുന്നതുമായിരുന്നു ആ വലിയ തുരങ്കം. വൈദ്യുതി, ആശയവിനിമയത്തിനുള്ള സൗകര്യങ്ങൾ, വെന്റിലേഷൻ എല്ലാമുള്ള തുരങ്കമായിരുന്നു അതെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു.
ഇങ്ങനെ കണ്ടെത്തിയ ആറോളം ടണലുകൾ നശിപ്പിച്ചു. ആറ് മാസത്തോളം നീണ്ടുനിന്നു ഓപ്പറേഷൻ നോർത്തേൺ ഷീൽഡ്.. ഇസ്രയേലി പ്രതിരോധസേനയുടെ പതിവ് പരിപാടികളിൽ ഒന്നായി മാറിയിരിക്കുന്നു തുരങ്കങ്ങൾക്കായുള്ള തിരച്ചിലും അവ തകർക്കലും. ടണലുകൾ തകർക്കാൻ ഇസ്രയേലി സേനയ്ക്ക് സവിശേഷ സംവിധാനങ്ങളുമുണ്ട്. ഇന്ത്യ-പാക് അതിർത്തിയിൽ നിർമ്മിക്കുന്ന തുരങ്കങ്ങൾ ഹിസ്ബുള്ളയോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഉള്ളവയല്ലെങ്കിലും, സൈന്യം കൂടുതൽ ജാഗരൂകരായിരിക്കുകയാണ്.