കാബൂൾ: ഭീകരതയുടെ ക്രൂരമുഖം വീണ്ടും അഫ്ഘാനിസ്ഥാനിൽ, അഫ്ഘാനിസ്ഥാനിലെ കാബൂളിൽ രണ്ട് പള്ളികളിലുണ്ടായ ചാവേർ ആക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. കാബൂളിലെ പ്രധാനപ്പെട്ട പള്ളികളായ ഷിയ പള്ളിയിലും ഘോർ പ്രവിശ്യയിലെ സുന്നി പള്ളിയിലുമാണ് ആക്രമണമുണ്ടായത്.

ദാസ്തെ ബർശി മേഖലയിലെ ഇമാം സമാൻ പള്ളിയിൽ വെള്ളിയാഴ്ച രാത്രി നിസ്‌കാരത്തിന് ഒത്തുകൂടിയവർക്കുനേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഇയാൾ ഭീകരവാദിയായ ചാവേറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളിയിലുണ്ടായ ആക്രണണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്.
45ലേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹസാര ഷിയ വിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. പലരുടേയും നില ഗുരുതരമാണ്.

സുന്നി പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തായിരുന്നു ബോംബ് സ്ഫോടനം ഉണ്ടായത്. ഇവിടെ നടന്ന ആക്രണണത്തിൽ 33 പേർ കൊല്ലപ്പെട്ടു. മുൻ പ്രദേശിക കമാൻഡറായ അബ്ദുൾ അഹദിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത. ഇയാളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത് വരേയായും ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ താലിബാൻ നടത്തിയ ആക്രമണങ്ങളിൽ 130ഓളം പേർ കൊല്ലപ്പെട്ടിരുന്നു.