ന്യൂഡൽഹി: ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ താൻ സന്തോഷവാനാണെന്ന് ഹിസ്ബുൾ മുജാഹിദീന്റെ മുതിർന്ന നേതാവ് സയ്യിദ് സലാഹുദീൻ. തന്റെ സംഘടനയായ ഹിസ്ബുൾ മുജാഹീദ്ദീൻ ഇന്ത്യയിൽ വിവിധ കാലങ്ങളിലായി നിരവധി ഭീകരാക്രമണങ്ങളാണ് സംഘടന നടത്തിയതെന്ന് ഒരു പാക് ചാനലിനോടാണ് സയീദ് സലാഹുദ്ദീൻ പറഞ്ഞത്.

സയീദിനെതിരായ നടപടി തീർത്തും നീതിരഹിതമാണെന്നും കശ്മീരിൽ സ്വതന്ത്ര പോരാട്ടം നടത്തുന്നവരെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും നേരത്തെ പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താൻ ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയെന്ന വെളിപ്പെടുത്തലുമായി സയീദ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ച ഭീകരൻ കൂടിയാണ് സയ്യിദ് സലാഹുദീൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലായിരുന്നു യു.എസ് സലാഹുദ്ദീൻ എന്ന മുഹമ്മദ് യൂസഫ് ഷായെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തയിത്.യു.എസ് നിയമ പ്രകാരം തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയാകുന്നവരെയുമാണ് ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നത്.

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗൺസിൽ നേതാവു കൂടിയാണു സയിദ് സലാഹുദ്ദീൻ. ഭീകരതയുടെ ഏകോപനത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണിത്. കശ്മീരിൽ ഇന്ത്യയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന പതിനഞ്ചോളം സംഘടനകളാണു കൗൺസിലിൽ അംഗങ്ങളായിട്ടുള്ളത്.

ലഷ്‌കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ, ഹർകത്തുൽ മുജാഹിദീൻ, അൽ ബദർ, തെഹ്രീകി ജിഹാദ് എന്നീ രാജ്യാന്തര ഭീകരസംഘടനകൾക്കു പുറമേ ഹർകത്തുൽ അൻസാർ, ജംഇയ്യത്തുൽ മുജാഹിദീൻ, അൽ ജിഹാദ്, അൽ ബർഖ്, ഇഖ്വാനുൽ മുസ്ലിമീൻ, തെഹ്രീകുൽ മുജാഹിദീൻ എന്നിവയും കൗൺസിലിലെ അംഗസംഘടനകളാണ്.