- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരരുടെ അറസ്റ്റ്: ഉത്തർപ്രദേശ് പൊലീസിനെയും സർക്കാരിനെയും വിശ്വാസമില്ലെന്ന് അഖിലേഷ് യാദവ്; ഗൗരവമേറിയ വിഷയമെന്ന് മായാവതി; ഉചിതമായ നടപടി സ്വീകരിക്കണം; രാഷ്ട്രീയം കളിക്കരുതെന്നും പ്രതികരണം
ലഖ്നൗ: അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരർ ലക്നൗവിൽ അറസ്റ്റിലായ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിനെയും സർക്കാരിനെയും വിശ്വാസമില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
അതേസമയം, പൊലീസിന്റെ അവകാശവാദങ്ങൾ ശരിയാണെങ്കിൽ അത് ഗൗരവമേറിയ വിഷയമാണെന്ന് ബി.എസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. സംഭവത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും അവർ പറഞ്ഞു.
പിടിയിലായവർ അൽഖ്വയ്ദയുമായി ബന്ധമുള്ളവരാണെന്നും സ്ഫോടനം നടത്താനുള്ള ഗൂഢാലോചന തകർത്തെന്നുമാണ് യുപി പൊലീസ് പറയുന്നത്. ഇത് സത്യമാണെങ്കിൽ ഗൗരവമേറിയ വിഷയമാണ്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. മറിച്ച് ഇതിൽ രാഷ്ട്രീയം കളിക്കരുത്, മായാവതി ട്വീറ്റിൽ പറഞ്ഞു.
യു.പി.യിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന്റെ ഇത്തരം നടപടികൾ ജനങ്ങളിൽ സംശയം ജനിപ്പിക്കും. പൊലീസ് നടപടിയിൽ സത്യമുണ്ടെങ്കിൽ പിന്നെന്തുകൊണ്ടാണ് ഇത്ര കാലതാമസം വരുത്തിയത്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്, അവർ കൂട്ടിച്ചേർത്തു.
ലഖ്നൗവിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടെത്തിയ രണ്ട് അൽ ഖ്വയ്ദ ഭീകരരെ ഞായറാഴ്ച ഭീകര വിരുദ്ധ സ്ക്വാഡ്(എ.ടി.എസ്.) അറസ്റ്റു ചെയ്തിരുന്നു. ലഖ്നൗ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ചാവേർ സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
അൽ ഖ്വയ്ദയുമായി ചേർന്നു പ്രവർത്തിക്കുന്ന അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എ.ജി.എച്ച്.) ഭീകരസംഘടനയിൽ ഉൾപ്പെടുന്നവരാണ് പിടിയിലായവരെന്ന് യു.പി. പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ ഞായറാഴ്ച പറഞ്ഞു.
ന്യൂസ് ഡെസ്ക്