ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ബെമിനയിലെ എസ്‌കെഐഎംഎസ് മെഡിക്കൽ കോളേജിന് സമീത്തായിരുന്നു ഭീകരാക്രമണമുണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്.

സുരക്ഷ സേനക്ക് നേരെ വെടിയുതിർത്ത ശേഷം ഭീകരർ ആൾക്കൂട്ടത്തിലൂടെ രക്ഷപ്പെട്ടതായി ശ്രീനഗർ പൊലീസ് അറിയിച്ചു. ഭീകരർക്കായി സിആർപിഎഫും പൊലീസും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വലിയൊരു സംഘം സുരക്ഷാ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ഭീകരവാദികളുടെ വെടിയേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ പൂഞ്ചിൽ സൈനീകർക്ക് നേരെ നടന്ന ആക്രമണത്തിൽ മലയാളി അടക്കം 11 സൈനീകരാണ് വീരമൃത്യു വരിച്ചത്. ഇതോടൊപ്പം സാധാരണക്കാരെ ലക്ഷ്യമിട്ട് നഗരപ്രദേശങ്ങളിലും ഭീകരർ ആക്രമണം നടത്തുന്നുണ്ട്. ഒക്ടോബർ മാസം മാത്രം 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

കുടിയേറ്റ തൊഴിലാളികളെയും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകളെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ സമീപകാല ആക്രമണങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ തീവ്രവാദ സംഭവമാണിത്. ഭീകരാക്രമണങ്ങൾ തടയാൻ ശ്രീനഗറിൽ 50 കമ്പനി സുരക്ഷാ സേനയെ അധികമായി കേന്ദ്രസർക്കാർ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ ശ്രീനഗറിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.