കൊൽക്കത്ത/ശ്രീനഗർ: ഉത്തർ പ്രദേശിൽ രണ്ടും പശ്ചിമബംഗാളിൽ മൂന്നും ഭീകരർ പിടിയിലായി. രണ്ട് അൽ-ഖ്വയ്ദ ഭീകരരാണ് ഉത്തർ പ്രദേശിൽ പിടിയിലായത്. ജമാത്ത് ഉൾ മുജാഹീദ്ദീൻ എന്ന തീവ്രവാദസംഘടനയിൽ അംഗങ്ങളായ മൂന്ന് പേരാണ് കൊൽക്കത്തയിൽ പറഞ്ഞു.

സൗത്തുകൊൽക്കത്തയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊൽക്കത്ത പൊലീസ് പറയുന്നു. ഇവരിൽ നിന്നും ആയുധങ്ങളും പാസ്‌പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്‌ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തർപ്രദേശിൽ രണ്ട് തീവ്രവാദികൾ പിടിയിലായത്. ലക്‌നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായ രണ്ട് പേരും അൽ ഖ്വയ്ദ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഇന്ന് എൻഐഎ റെയ്ഡ് നടത്തി. അനന്തനാഗിൽ നിന്ന് അഞ്ച് പേരെയും ശ്രീനഗറിൽ നിന്ന് ഒരാളെയും എൻഐഎ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്റലിജൻസ് ബ്യൂറോയും, റോയും, ജമ്മുകാശ്മീർ പൊലീസും റെയ്ഡിൽ പങ്കെടുത്തു. തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മുകാശ്മീരിൽ പതിനൊന്ന് സർക്കാർ ഉദ്യോസ്ഥരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു റെയ്ഡ്.