കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ടെറി ഫെലാൻ ചുമതലയേറ്റു. പീറ്റർ ടെയ്‌ലറുടെ പകരക്കാരനായാണ് ടെറി ഫെലാൻ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌കൂൾ ഗ്രാസ്‌റൂട്ട് പ്രോഗ്രാം ടെക്‌നിക്കൽ ഡയറക്ടറാണ് ഫെലാൻ.

അയർലൻഡിന് വേണ്ടി 1994 ലോകകപ്പിൽ കളിച്ചിട്ടുള്ള ഫെലാൻ മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളുടെ താരമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ തുടർച്ചയായ തോൽവികളെത്തുടർന്നാണ് പീറ്റർ ടെയ്‌ലർ പരിശീലക സ്ഥാനം രാജിവച്ചത്.

ടെയ്‌ലർ രാജിവച്ചതിനെത്തുർന്ന് ഇന്നലെ ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ സഹപരിശീലകനായ ട്രെവർ മോർഗനാണ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്. ഐഎസ്എല്ലിൽ ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ചു പോയിന്റ് മാത്രമാണുള്ളത്. നിലവിൽ പോയന്റ് പട്ടികയിൽ അവസാനസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.