ഹൂസ്റ്റൺ: ഹാർവി ചുഴലിക്കാറ്റിനു ശേഷം നിർത്താതെ പെയ്യുന്ന മഴയും അതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതം സ്തംഭിപ്പിച്ചു .ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾ ഉൾപ്പടെ അക്ഷരാർത്ഥത്തിൽ വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. ഒട്ടേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. ചുഴലിക്കാറ്റിന തുടർന്ന് ആയിരക്കണക്കിന് വീടുകൾ നശിച്ച് പോയതിനാൽ 5000ത്തിൽ അധികം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്.

ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞതും അപകടഭീഷണി വർധിപ്പിക്കുന്നു. ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളിൽ ഒഴുകിയെത്തിയതായി മലയാളികൾ പറയുന്നു. വിവിധ മലയാളി സംഘടനകൾ ഭക്ഷണം ഉൾപ്പടെയുള്ള സഹായവുമായി മുന്നോട്ടു വരുന്നുണ്ട് .ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഇമ്മാനുവേൽ മാർത്തോമാ ചർച് സ്റ്റാഫോർഡ്, എന്നിവയുടെ ആഭിമുഖ്യത്തിൽ താൽക്കാലിക അഭയ കേന്ദ്രങ്ങൾ തുറന്നു.

ഹൂസ്റ്റണിലെ മലയാളി അസോസിയേഷനും വിവിധ ഇന്ത്യൻ റസ്റ്റൊറന്റുകളും ഭക്ഷണ വിതരണം നടത്തുന്നുണ്ട് .രണ്ടു ദിവസമായി രാത്രി സമയങ്ങളിൽ പെയർലാൻഡ് നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ മലയാളികൾ ഏറെ താമസിക്കുന്ന സിയന്നാ പ്ലാന്റേഷനിൽ നിർബന്ധിത ഒഴിപ്പിക്കൽ നടപ്പിലാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിവിധ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികൾ മാറ്റി വച്ചതായി ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു

ഹൂസ്റ്റണിന് പുറമേ ഷുഗർ ലാൻഡ്, കെയ്റ്റി, സൈപ്രസ്, വുഡ് ലാൻഡ്സ്, പെയർലാൻഡ്, ഫ്രണ്ട്സ് വുഡ്, റിച്ച്മണ്ട്, റോസൻ ബർഗ്, സ്റ്റാഫോർഡ്, മിസോറി സിറ്റി തുടങ്ങി എല്ലാ സമീപ നഗരങ്ങളെയും വെള്ളപൊക്കം ബാധിച്ചു. ചുഴലിക്കാറ്റ് ജീവന് ഭീഷണിയാകുന്ന അവസ്ഥ ഒഴിഞ്ഞു എങ്കിലും പല നഗരങ്ങളിലും പ്രത്യേകിച്ച് ബ്രാസോസ് നദിക്കു സമീപമുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ചില നഗരങ്ങളിലെ ജനങ്ങളോട് നിർബന്ധമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികാരികൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

നഗരം പൂർവ സ്ഥിതി വീണ്ടെടുക്കാൻ ദിവസങ്ങൾ എടുക്കും എന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സ്‌കൂളുകൾ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനങ്ങൾക്കായി ദേശീയ സുരക്ഷാ സേനയും അമേരിക്കൻ റെഡ് ക്രോസ്സും രംഗത്തുണ്ട്. വരും ദിവസങ്ങളിൽ ഇനിയും കൂടുതൽ മഴ ഹൂസ്റ്റണിനെ ദുരിതത്തിലാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

ശക്തമായ മഴയെ തുടർന്ന് പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. വെള്ളപ്പൊക്കത്തിലൂടെ ചീങ്കണ്ണിയും പാമ്പും ഒക്കെ ഒഴുകി വരുന്നതിനാൽ ഇവ ഉപദ്രവിക്കുമോ എന്ന പേടിയും എല്ലാവർക്കും ഉണ്ട്. അതസമയം ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകർന്നു. ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റൺ ഒറ്റപ്പെട്ടു.

എത്രയും വേഗം രക്ഷാബോട്ടുകളിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അധികൃതർ നിർദ്ദേശം നൽകി. താമസസ്ഥലങ്ങൾ നഷ്ടമായവർക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നൽകുന്നുണ്ട്. ഒരു കുടുംബതത്തിലെ ആറ് പേർ അടക്കം 11 പേർ ഇതിനകം കൊല്ലപ്പെട്ടു.ടെക്‌സാസിലും മറ്റും സൈനിക വിമാനങ്ങൾ രക്ഷാ പ്രവർത്തനം നടത്തി വരികയാണ്.