ഓസ്റ്റിൻ: മിഡ്ടേം തിരഞ്ഞെടുപ്പിൽ ടെക്സസ് ഗവർണറായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ഗവർണറുമായ ഗ്രോഗ് ഏബട്ട് തിരഞ്ഞെടുക്കപ്പെടുമെന്നതിൽ എതിരാളികൾക്കു പോലും സംശയമില്ല. ഏബട്ടിനു എതിരെ മത്സരിക്കാൻ ഡമോക്രാറ്റിക് പാർട്ടി കണ്ടെത്തിയത് ഡാലസ് കൗണ്ടിയിലെ മുൻ ഷെറിഫ് ലൂപ് വാൽഡസിനെയാണ്.

പ്രൈമറിയിൽ 90% വോട്ടുകൾ നേടി ഏബട്ട് അജയനായപ്പോൾ ഒന്നാം റൗണ്ടിൽ വിജയം കണ്ടെത്താൻ വാൽഡസിനായില്ല. ഡമോക്രാറ്റിക് സ്ഥാനാർത്ഥികളായ വാൽഡസിനും ആൻഡ്രു വൈറ്റിനും പ്രൈമറിയിൽ ജയിക്കാൻ ആവശ്യമായ 50 ശതമാനം വോട്ടുകൾ ലഭിക്കാതിരുന്നതിനാൽ മെയ് 22 നു നടന്ന റൺ ഓഫിലാണ് 53.1% വോട്ടുകൾ നേടി ലൂപ് ഡമോക്രാറ്റിക് സ്ഥാനാർത്ഥിത്വം നേടിയത്.

പാതി തളർന്ന ശരീരവുമായി വീൽ ചെയറിൽ ടെക്സസ് മാത്രമല്ല, വിദേശ രാജ്യങ്ങൾ പോലും സന്ദർശിക്കുന്ന കരുത്തനായ ഗവർണർ ഗ്രേഗ് ഏബട്ടിനെ ടെക്സസ് ജനത ഒരിക്കൽ കൂടി സംസ്ഥാന ഭരണചക്രം ഏൽപിക്കുമെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രമായാണ് ടെക്സസ് അറിയപ്പെടുന്നത്. ഇവിടെ നിന്നും യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ടെഡ് ക്രൂസിനും വിജയം ഉറപ്പാണ്. മുഖ്യ എതിരാളിയായ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ബെറ്റൊ ഒ റൗർക്കി മോശമല്ലാത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും റിപ്പബ്ലിക്കൻ തരംഗത്തിൽ മുങ്ങിപോകാനാണ് സാധ്യത.

1957 നവംബർ 13നു ജനിച്ച ഗ്രോഗ് ഏബട്ട് ലോയർ, പൊളിറ്റീഷ്യൻ എന്നീ നിലകളിൽ പ്രശസ്തനാണ്. 2002 മുതൽ 2015 വരെ ടെക്സസിന്റെ 50-ാമത് അറ്റോർണി ജനറലായിരുന്നു. 2015 ൽ ടെക്സസ് സംസ്ഥാനത്തിന്റെ 48-ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.

1981ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ (ഓസ്റ്റിൻ) നിന്നും ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദവും ടെന്നിസി നാഷ് വില്ല വാണ്ടർബീറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടി. 1984 ൽ നട്ടെല്ലിനേറ്റ ക്ഷതമാണ് ജീവിതകാലം മുഴുവൻ വീൽ ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയിൽ ഏബട്ടിനെ എത്തിച്ചത്.

ശരീരത്തിന് തളർച്ച സംഭവിച്ചുവെങ്കിലും തളരാത്ത മനസ്സുമായി ജുഡീഷ്യൽ പ്രാക്ടീസ് ആരംഭിച്ച ഗ്രോഗിനെ ടെക്സസ് സുപ്രീം കോർട്ട് ജഡ്ജിയായി ജോർജ് ഡബ്ല്യു ബുഷ് നിയമിച്ചു. 2001 ൽ സുപ്രീം കോടതിയിൽ നിന്നും രാജിവച്ച് ലഫ്റ്റനന്റ് ഗവർണറായി മത്സരിച്ചു വിജയിച്ചു. 2014 മാർച്ചിൽ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഫോർട്ട് വർത്ത് സ്റ്റേറ്റ് സെനറ്ററും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ സെനറ്റർ വെൻഡി ഡേവിഡ് നേടിയ വോട്ടിനേക്കാൾ ഇരട്ടി നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം നേടിയത്.

ഗ്രോഗ് ഏബട്ട് നിരവധി ഭരണ പരിഷ്‌ക്കാരങ്ങളാണ് ടെക്സസിൽ നടപ്പാക്കിയത്. ചെയറിലിരുന്നു ഭരണ ചക്രം തിരിച്ച ഗ്രോഗിന് ഒരഅവസരം കൂടി ലഭിക്കുന്നതോടെ ചരിത്രത്തിൽ പുതിയൊരധ്യായം കൂടി എഴുതി ചേർക്കപ്പെടും.