ഓസ്റ്റിൻ: നവംബർ 6 ന് ടെക്സസ്സിൽ നടക്കുന്ന യു.എസ്.സെനറ്റ്, ഗവർണർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിലേക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ്ങ് ഒക്ടോബർ 22ന് ആരംഭിക്കും. നവംബർ 2 വരെയാണ് ഏർലി വോട്ടിങ്ങിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നതിന് തിരിച്ചറിയിൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റിയിൽ നിന്നുള്ള ഡ്രൈവിങ് ലൈസെൻസ്, ഇലക്ഷൻ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പേഴ്സൺ ഐഡന്റിഫിക്കേഷൻ കാർഡ്, ഹാൻഡ് ഗൺ ലൈസെൻസ്, മിലിട്ടറി ഐഡന്റിഫിക്കേഷൻ, യു.എസ്. പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്ന് കൈവശം ഉണ്ടാകേണ്ടത് ആവശ്യമാണ്.

റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസ്സിൽ ശക്തമായ മത്സരമാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത്. വളണ്ടിയർമാർ വീടുവീടാന്തരം കയറി ഇറങ്ങി വോട്ടർ രജിസ്ട്രേഷൻ നടത്തിയതു അനുകൂല ഘടകമായി കണക്കാക്കുന്ന നാല്പതു ശതമാനത്തോളം ഹിസ്പാനിക്ക് വോട്ടർമാറുള്ള ടെക്സസ്സിൽ ട്രമ്പിന്റെ ഇമ്മിഗ്രേഷൻ പോളിസി തിരിച്ചടിയാകുമോ എന്ന റിപ്പബ്ലിക്കൻസ് ഭയപ്പെടുന്നു.

ഗവർണ്ണർ സ്ഥാനത്തേക്ക് രണ്ടാം ഊഴം ലക്ഷ്യമിട്ട് രംഗത്തെത്തിയ ഗവർണ്ണർ ഗ്രേഗ് ഏബട്ടിന്റെ വിജയം സുനിശ്ചിതമാണ്. നിർണ്ണായക തിരഞ്ഞെടുപ്പു നടക്കുന്ന യു.എസ്. സെനറ്റ് സീറ്റിൽ ടെഡ് ക്രൂസിന്റെ(റിപ്പബ്ലിക്കൻ) വിജയത്തിന് തടയിന്നതിന് എല്ലാ അടവും പയറ്റുകയാണ് ഡെമോക്രാറ്റുകൾ. തിരഞ്ഞെടുപ്പു ദിനങ്ങൾ അടുത്തുവരുംതോറും മത്സരരംഗം ചൂടുപിടിക്കുകയാണ്.