ഹണ്ട്സ് വില്ല(ടെക്സസ്സ്): ഇർവിങ് പൊലീസ് ഓഫീസർ ഒബറി ഹോക്കിൻസിനെ (29) വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സിൽ വധശിക്ഷക്ക് വിധിക്കപ്പട്ട 7 പേരിൽ നാലാമനായ ജോസഫ് ഗാർസിയായുടെ (47) വധശിക്ഷ ഡിസംബർ 4 വൈകിട്ട് ടെക്സസ്സ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി. വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് നിമിഷങ്ങൾക്കകം മരണം സ്ഥിതീകരിച്ചു.

18 വർഷം മുമ്പ് (2000) ക്രിസ്തുമസ് ഈവിൽ കവർച്ചാ ശ്രമത്തിനിടയാണ് കുപ്രസിദ്ധമായ 'ടെക്സസ്സ് സെവൻ ഗ്രൂപ്പിലെ' അംഗമായ ജോസഫ് ഗാർസിയ പൊലീസ് ഓഫീസറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായത്. വടിവെച്ചത് ഗാർസിയയാണെന്ന് തെളിയിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

സൗത്ത് ടെക്സസ്സ് ജയിലിൽ കൊലക്കുറ്റത്തിന് 50 വർഷം തടവ് ശിക്ഷയനുഭവിച്ചിരുന്ന ഗാർസിയ മറ്റ് ആറ് പ്രതികൾക്കൊപ്പം ജയിൽ ചാടി സമീപമുള്ള സ്പോർട്ടിങ്ങ് ഷോപ്പ് കവർച്ച ചെയ്യുന്നതറിഞ്ഞു സംഭവസ്ഥലത്തെത്തിയ ഓഫീസർ ഹോക്കിൻസനെ ഇവർ പതിയിരുന്ന് വെടിവെക്കുകയായിരുന്നു.

11 വെടിയേറ്റ ഓഫീസർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.അത്യപൂർവ്വമായ ഈ കേസ്സിൽ 7 പേർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഇതിൽ മൂന്ന് പേരുടെ വധശിക്ഷ നേരത്തെ നടപ്പാക്കിയിരുന്നു. ഒരാൾ ജയിലിൽ ആത്മഹത്യ ചെയ്തു. ഗാർസിയ നാലാമനാണ്. ഇനി രണ്ട് പേർ കൂടി വധശിക്ഷകാത്ത് ജയിലിൽ കഴിയുന്നു.

ജയിൽ ചാടിയതിന് ശേഷം ആറാഴ്ച നീണ്ടുനിന്ന വ്യാപക തിരച്ചിലിനൊടുവിലാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ അത്യപൂർവ്വ കേസ്സായിരുന്നുവിത്. അമേരിക്കയിൽ ഈ വർഷം നടപ്പാക്കുന്ന 22ാംമതും, ടെക്സസ്സിലെ മാത്രം 12ാമതും വധശിക്ഷയാണിത്.