കണ്ണൂർ: വസ്ത്രവ്യാപാര മേഖലയിലെ ജി.എസ്.ടി നിരക്ക് വർധനവിനെതിരെ കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ് സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച്ച രാവിലെ 10.30 ന് കണ്ണൂർ ജി.എസ്.ടി ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.


കണ്ണൂർ മഹാത്മ മന്ദിരം പരിസരത്തിനിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് സിവിൽ സ്റ്റേഷനിലെ ജി.എസ്.ടി ഓഫീസിന് മുന്നിൽ സമാപിക്കുമെന്നും തുടർന്ന് നടക്കുന്ന ധർണ്ണ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനുവരി ഒന്നു മുതൽ തുണിത്തരങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനം ആക്കി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തുന്നത്. നികുതി വർധന ടെക്‌സ്‌റ്റൈൽസ് വ്യാപാരികൾക്കും ജനങ്ങൾക്കും ഒരുപോലെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. കോവിഡ് ആഘാതത്തിൽ നിന്നും വ്യാപാര മേഖല ഇനിയും മുക്തമായിട്ടില്ല. വർധിപ്പിച്ച നികുതി നിരക്ക് ഉടൻ പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ് സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പി പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി കെ രാമകൃഷ്ണൻ, പി രാജീവൻ, മുഹമ്മദ് സാജിദ്, കെ എം അശ്രഫ് എന്നിവർ പങ്കെടുത്തു.