കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായുള്ള കലഹത്തിന്റെ പേരിലും ഗോവയിലെ ടെക്സ്റ്റയിൽ ഷോപ്പിലെ ഒളിക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലുമായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അടുത്ത കാലം വരെ വാർത്തകളിൽ നിറഞ്ഞിരുന്നത്. എന്നാൽ ഇനി ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിൽ സ്മൃതിയുടെപേര് തങ്കലിപികളിൽ എഴുതാനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്.അതായത് മറ്റ് ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ മാറ്റി മറിക്കാനാണ് സ്മൃതി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസം അടിമുടി സ്മാർട്ടാക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഒന്നുമുതൽ 12 വരെയുള്ള പുസ്തകങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ആക്കാനൊരുങ്ങുകയാണ്. കൂടാതെ വെർച്വൽ ക്ലാസ്‌റൂമുകളും ചർച്ചാവേദികളും സജ്ജമാക്കാനും നീക്കം സജീവമാണ്. ഇന്ത്യൻ വിദ്യാഭ്യാസത്തെ മാറ്റി മറിക്കാൻ ഉറച്ച് സ്മൃതി ഇറാനിയുടെ നടപ്പാക്കാനൊരുങ്ങുന്ന വിപ്ലവത്തിന് ഇത്തരത്തിൽ നാന്ദികുറിക്കപ്പെട്ട് കഴിഞ്ഞു. 

പുതിയ പരിഷ്‌കാരങ്ങളെ തുടർന്ന് എല്ലാ എൻസിഇആർടി ടെക്സ്റ്റ് ബുക്കുകളും ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമിലൂടെ വൈകാതെ ലഭ്യമാകും.രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഇവ ഒരു സ്മാർട്ട്‌ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാനുമാകും. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അധിഷ്ഠിതമാ ഈ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത് നാഷണൽ എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ്(എൻസിഇആർടി)ആണ്. ജൂണിലെ ആദ്യത്തെ ആഴ്ചയിൽ ഇത് പ്രവർത്തസജ്ജമാകും. ഇതനുസരിച്ച് ഒന്നുമുതൽ 12ാം ക്ലാസ് വരെയുള്ള ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള എല്ലാ പുസ്തകങ്ങളും തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രാലയം നടപ്പിലാക്കുന്ന ആ മൊബൈൽ ആപ്പിൽ ഭാഷകൾ, ക്ലാസ്, വിഷയം, അധ്യായങ്ങൾ തുടങ്ങിയവ സെലക്ട് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്. ഇത്തരം സ്റ്റഡിമെററീരിയലുകൾ, വിദ്യാർത്ഥികൾ, ടീച്ചർമാർ, രക്ഷിതാക്കൾ തുടങ്ങിയവർക്കെല്ലാം എളുപ്പത്തിൽ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുന്നു. സ്വയം പഠനത്തെ പ്രോത്സാഹിപ്പിക്കാനും ട്യൂഷൻ ക്ലാസുകൾക്കുള്ള ചെലവുകൾ കുറയ്ക്കാനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങുകയും ചെയ്യും.

ഇതിലൂടെ പഠനസാമഗ്രികൾ ഇന്ത്യയിലൂടനീളം തികച്ചും സൗജന്യമായി വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് മന്ത്രി സ്മൃതി ഇറാനി പറയുന്നത്. നഗരങ്ങളിലുള്ളവർക്ക് മാത്രമല്ല രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിലുള്ളവർക്ക് പോലും പഠനസാമഗ്രികൾ അനായാസം കരഗതമാകുന്നതിനും ഇത് വഴിയൊരുക്കുമെന്നും അവർ പറയുന്നു. ഇതിന് പുറമെ ശാസ്ത്രീയമായി ചിന്തിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ കഴിവും ഇതിലൂടെ വികസിച്ച് വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ ട്യൂഷനുകൾക്കും എക്‌സ്ട്രാ കോച്ചിംഗുകൾക്കുമുള്ള ചെലവ് വെട്ടിച്ചുരുക്കാനും സ്വയം പഠനത്തിനും വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടു ഘട്ടങ്ങളിലായാണ് എൻസിഇആർടി ലേണിങ് മെറ്റീരിയൽ ഡാറ്റാബേസ് വികസിപ്പിക്കാനൊരുങ്ങുന്നത്. ഇതിൽ ആദ്യഘട്ടം ജൂണിലെ ആദ്യ ആഴ്ചയുടെ അവസാനം തുടങ്ങും. ഈ സമയത്ത് എല്ലാ എൻസിഇആർടി പുസ്തകങ്ങളും മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കും. അടുത്ത ഘട്ടത്തിൽ വരും മാസങ്ങളിൽ ചില സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന എൻസിഈആർടി അല്ലാത്ത പുസ്തകങ്ങളും ഇങ്ങനെ ലഭ്യമാക്കുമെന്നാണ് എൻസിഈആർടി ഡയറക്ടറായ ബിനോദ് കുമാർ ത്രിപാഠി പറയുന്നത്. ഇതു പ്രകാരം മന്ത്രാലയം മറ്റൊരു ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമും തയ്യാറാക്കാനൊരുങ്ങുന്നുണ്ട്. ഇതിലൂടെ വിദ്യാർത്ഥികളും ഗ്രൂപ്പ് സ്റ്റഡി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഡാറ്റാബേസിലൂടെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ടീച്ചർ ട്രെയിനീസ് തുടങ്ങിയവർ തമ്മിൽ നല്ല ബന്ധമുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബിനോദ് കുമാർ പറയുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഒരു വെർച്വൽ സ്റ്റഡി ഗ്രൂപ്പിൽ ഇന്ററാക്ട് ചെയ്യാനും ആശയങ്ങൾ കൈമാറാനും സാധിക്കും.