മാഡ്രിഡ്: റോഡ് മുറിച്ചു കടക്കുമ്പോഴും ടെക്‌സ്റ്റിങ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സ്പാനിഷ് ടൗൺ. തിരക്കേറിയ നിരത്തുകൾ മുറിച്ചുകടക്കുമ്പോൾ ഫോണിൽ തന്നെ നോക്കിയുള്ള നടത്തം അപകടങ്ങളിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുകൾ നിരത്തുകളിലെ സീബ്ര ലൈനുകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സെൻട്രൽ സ്‌പെയിനിലെ ടലെവെറ ഡി ലൈ റെയ്‌ന എന്ന സിറ്റിയിലാണ് സീബ്രാ ലൈനുകളിൽ കാൽനടക്കാർക്കുള്ള ടെക്സ്റ്റിങ് മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

80,000-ത്തിലധികം മാത്രം ജനസാന്ദ്രതയുള്ള ഈ നഗരത്തിൽ കാൽനടക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇത്തരത്തിൽ സീബ്ര ലൈനുകളിൽ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. റോഡിന്റെ മറുവശം എത്തുന്നതു വരെയെങ്കിലും ഫോണിൽ നിന്ന് കണ്ണുപറിച്ച് റോഡിൽ ശ്രദ്ധിക്കാനാണ് അധികൃതർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

റോഡ് മുറിച്ചു കടന്നതിനു ശേഷം മാത്രം ടെക്‌സ്റ്റിങ് നടത്തുകയെന്നാണ് സീബ്രാ ലൈനുകളിൽ നൽകിയിരിക്കുന്ന നിർദ്ദേശം. സ്‌പെയിനിൽ ഏറ്റവും പ്രശസ്തമായിട്ടുള്ള മെസേജിങ് സർവീസ് ആയ വാട്‌സ്ആപ്പ് ചിഹ്നം ഉപയോഗിച്ചാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഓരോ വർഷവും സ്‌പെയിനിൽ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുമ്പോഴും മറ്റും ഫോൺ ഉപയോഗിച്ചതു മൂലമുള്ള അപകടങ്ങൾ 10,000-ത്തിലേറെയായതിനാലാണ് അധികൃതർ ഇത്തരത്തിലൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

റോഡ് മുറിച്ചു കടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതു മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങാണെന്നാണ് ഇതുസംബന്ധിച്ച് അടുത്തകാലത്ത് നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ഫോൺ ഉപയോഗിച്ചു റോഡുകൾ കടക്കുമ്പോൾ തിരക്കേറിയ ഗതാഗതത്തേയും ട്രാഫിക് സിഗ്നലുകളേയും അവഗണിക്കുകയാണ് പതിവെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്.