കൊച്ചി: ടിപി സെൻകുമാറിനെ നിരീക്ഷിക്കാനാണോ ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണനിർവ്വഹണ ചുമതലയുള്ള എഡിജിപിയായി നിയമിച്ചതിനെതിരെ വീണ്ടും ഹൈക്കോടതി. ടോമിൻ തച്ചങ്കരിക്കെതിരായ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കോടതിയിൽ സർക്കാർ കൂടുതൽ സമയം തേടി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വിമർശനങ്ങൾ.

പൊലീസ് മേധാവി സ്ഥാനം സെൻകുമാർ ഒഴിയാൻ വേണ്ടിയാണോ സത്യവാങ്മൂലം നൽകാൻ വൈകുന്നതെന്ന് കോടതി ചോദിച്ചു. നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനല്ലേ സെൻകുമാറെന്നും ചോദിച്ചു. സെൻകുമാർ പൊലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുൻപ് സംസ്ഥാന പൊലീസിൽ നടന്ന സ്ഥലംമാറ്റങ്ങളും ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണനിർവ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജ്ജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

സംസ്ഥാന പൊലീസ് മേധാവിയെ നിരീക്ഷിക്കാൻ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയിൽ നിയമിച്ചതെന്നും ഹർജ്ജിയിൽ ആരോപിച്ചിരുന്നു. ടോമിൻ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളും ഹർജ്ജിയിലുണ്ടായിരുന്നു. നിരവധി കേസുകളിൽ പ്രതിയും ആരോപണങ്ങൾ നേരിടുന്ന ആളുമാണ് തച്ചങ്കരി. അങ്ങനെയുള്ള ഒരാളെ പൊലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായ ഒരു പോസ്റ്റിൽ ഇരുത്തുന്നത് ശരിയല്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ടോമിൻ തച്ചങ്കരിക്കെതിരെ നിലനിൽക്കുന്ന കേസുകൾ സംബന്ധിച്ചും ഡിപ്പാർട്ട്മെന്റ് തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങൾ രേഖാമൂലം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ചോദിക്കുകയായിരുന്നു സർക്കാർ.