തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കുള്ള പാനലിൽ. 1985 ബാച്ചിലെ ഉദ്യോഗസ്ഥനായ ബെഹ്‌റയ്ക്ക് സിബിഐ ഡയറക്ടർ പദവി കിട്ടാൻ സാധ്യത ഏറെയാണ്. സീനിയോറിട്ടിയും കേന്ദ്ര അന്വേഷണ ഏജൻസിയിലെ പ്രവർത്തന പരിചയവും ഇതിന് കരുത്താണ്. ബെഹറ സിബിഐ ഡയറക്ടറാകാനുള്ള സാധ്യതയിൽ സംസ്ഥാന പൊലീസിൽ ഡിജിപിയാകാനും അടി തുടങ്ങി. ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറുമാണ് പൊലീസ് മേധാവിയാകാൻ സാധ്യത ഏറെയുള്ളവർ.

സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാർ തുടങ്ങി കഴിഞ്ഞു. രണ്ട് കൊല്ലത്തേക്കാണ് ഈ നിയമനം. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും പിന്നെ ചീഫ് ജസ്റ്റീസും ചേർന്നാണ് സിബിഐ ഡയറക്ടറെ കണ്ടെത്തുക. ഇതിനുള്ള സാധ്യതാ പട്ടികയിലാണ് രാജ്യത്തെ മുതിർന്ന ഐപിഎസുകാരനായ ബെഹ്‌റ ഇടം നേടുന്നത്. നിലവിൽ സിബിഐയ്ക്ക് താൽകാലിക ഡയറക്ടറാണുള്ളത്. 1988 ബാച്ചിലെ പ്രവീൺ കുമാറിനാണ് താൽകാലിക ചുമതല. രണ്ട് കൊല്ലത്തെ കാലാവധി പൂർത്തിയാക്കി റിഷി കുമാർ സിൻഹ വിരമിച്ച സാഹചര്യത്തിലാണ് ഇത്.

ഇതോടെയാണ് ബെഹ്‌റയും സിബിഐ ഡയറക്ടറുടെ പട്ടികയിൽ എത്തിയത്. പിന്നാലെ കേരളത്തിലെ ഐപിഎസുകാർ ചേരിതിരിഞ്ഞ് ഡിജിപി കസേരയ്ക്കു പിടിവലി തുടങ്ങി. സീനിയോറിറ്റിയിൽ മുന്നിലുള്ള ടോമിൻ തച്ചങ്കരിക്കും രണ്ടാമനായ സുധേഷ് കുമാറിനും വേണ്ടിയാണു നീക്കങ്ങൾ. തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യം. തച്ചങ്കരിയുമായി അടുത്ത ബന്ധം മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ വിജിലൻസ് കേസ് തിരിച്ചടിയാണ്. ഇത് റദ്ദാക്കാനുള്ള നീക്കങ്ങളൊന്നും നേരത്തെ ഫലം കണ്ടിരുന്നില്ല. ഇതാണ് തച്ചങ്കരിക്ക് കുരക്കാകുക.

ഈ സാഹചര്യത്തിൽ തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിൽ അദ്ദേഹത്തിന്റെ തന്നെ അപേക്ഷയിൽ മുഖ്യമന്ത്രി നേരിട്ടു തുടരന്വേഷണം പ്രഖ്യാപിച്ചു. ഉടൻ അന്വേഷണം പൂർത്തിയാക്കാനാണു നിർദ്ദേശം. റിപ്പോർട്ട് കോടതിയും അംഗീകരിക്കുകയാണെങ്കിൽ തച്ചങ്കരിക്കു സാധ്യത കൂടും. ഈ നീക്കത്തെ അട്ടിമറിക്കാനും ചിലർ രംഗത്തുണ്ട്. ഐപിഎസ് അസോസിയേഷൻ തച്ചങ്കരിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ. പൊലീസിലെ പ്രബലർ നയിക്കുന്ന വിഭാഗത്തെ തോൽപ്പിച്ചാണ് തച്ചങ്കരി വിഭാഗം ഈ സ്ഥാനം നേടിയെടുത്തത്.

ഈ ലോബിയാണ് തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാതിരിക്കാൻ രംഗത്തുള്ളത്. ദിവസങ്ങൾക്കുള്ളിൽ പുതിയ സിബിഐ ഡയറക്ടറെ കേന്ദ്രം കണ്ടെത്തും. ഇത് മനസ്സിലാക്കി ബെഹ്‌റയുടെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറി. ബെഹ്‌റ ജൂൺ 30നും ജയിൽ മേധാവി ഋഷിരാജ് സിങ് ജൂലൈ 30നും വിരമിക്കും. സിങ്ങിനെ സിബിഐ ഡയറക്ടറുടെ പാനലിൽ ഉൾപ്പെടുത്തിയിട്ടില്ല.

ബെഹ്‌റ വിരമിക്കുന്നതിനു 3 മാസം മുൻപു മാത്രം കേരളത്തിലെ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള 5 അംഗ പാനൽ കേന്ദ്രത്തിനു നൽകിയാൽ മതി. ഇതു പരിശോധിച്ച് 2 വർഷം സർവീസുള്ളവരെയും കേസില്ലാത്തവരെയും ഉൾപ്പെടുത്തി മൂന്നംഗ പാനൽ കേന്ദ്രം മടക്കും. അതിലൊരാളെ സംസ്ഥാന സർക്കാരിനു തിരഞ്ഞെടുക്കാം. വിജിലൻസ് കേസ് ഇക്കാര്യത്തിൽ തച്ചങ്കരിക്ക് നിലവിൽ തിരിച്ചടിയാണ്. സിബിഐയിൽ ബെഹ്‌റയ്ക്ക് സ്ഥാനം കിട്ടിയില്ലെങ്കിൽ മറ്റൊരു പദവി കേരളം ബെഹ്‌റയ്ക്ക് നൽകും.

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായും (സിഎംഡി) ബെഹ്‌റയെ സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷമേ ഇപ്പോഴത്തെ സിഎംഡി വി.ജെ. കുര്യന്റെ കാലാവധി കഴിയൂ. ഇത് സർക്കാരിന് വെല്ലുവിളിയാണ്. സിബിഐ ഡയറക്ടറായി ബെഹ്‌റയ്ക്ക് മാറാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്.